|    Jul 16 Mon, 2018 2:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം : മാധ്യമരംഗത്തും വന്‍ പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവില്‍ വെടിവച്ചുകൊന്നതില്‍ രാജ്യവ്യാപക പ്രതിഷേധം. കൊലപാതകത്തെ അപലപിച്ച ആംനസ്റ്റി ഇന്റര്‍നാഷനല്‍, രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു. കടുത്ത ഭരണകൂടവിരുദ്ധ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതിലും ഹിന്ദുത്വ മതമൗലികവാദികള്‍ക്കെതിരേ എഴുതുന്നതിലും അറിയപ്പെട്ടിരുന്ന ഗൗരി ലങ്കേഷ് സത്യം പറയുന്നതില്‍ ഒരിക്കലും അധികാരത്തെ ഭയന്നിരുന്നില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ അസ്മിത ബസു പറഞ്ഞു. അവരുടെ കൊലപാതകത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ നീതിക്കു മുന്നില്‍ കൊണ്ടുവരണം. പത്രപ്രവര്‍ത്തനം മൂലമാണോ അവര്‍ കൊല്ലപ്പെട്ടതെന്നും പോലിസ് അന്വേഷിക്കണം. വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭീഷണികളും ആക്രമണങ്ങളും നേരിടുകയാണ്. വിയോജിപ്പിന്റെ ശബ്ദമുയര്‍ത്തുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം- ബസു ആവശ്യപ്പെട്ടു. 1992നുശേഷം രാജ്യത്ത് 27 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതില്‍ ഒന്നില്‍പ്പോലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും പത്രപ്രവര്‍ത്തക സംരക്ഷണ സമിതി ബംഗളൂരുവില്‍ ആരോപിച്ചു. ഗൗരി ലങ്കേഷിന്റെ വധത്തില്‍ രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബംഗളൂരു പ്രസ് ക്ലബ്ബില്‍ നിന്ന് പ്രകടനമായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കി. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര ശബ്ദങ്ങളെ കൊലപാതകം കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്ന് ബംഗളൂരു പ്രസ് ക്ലബ്ബ് പ്രസിഡന്റ് സദാശിവ ഷേണായി പറഞ്ഞു. അന്വേഷണം വേഗത്തിലാക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രസ്‌ക്ലബ് സമിതി രൂപീകരിക്കും. കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഷേണായി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മധ്യപ്രദേശിലും വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിമര്‍ശകയായ ഗൗരി ലങ്കേഷ് പ്രധാന വിഷയങ്ങളില്‍ തന്റെ കാഴ്ചപ്പാടുകള്‍ ലങ്കേഷ് പത്രികയിലൂടെ നിര്‍ഭയമായി പ്രകടിപ്പിച്ചുവെന്ന് ഗില്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുംബൈ പ്രസ് ക്ലബ്ബിന്റെയും മുംബൈ പത്രപ്രവര്‍ത്തക യൂനിയന്റെയും ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.  ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ വിവിധ കൂട്ടായ്മകളും പരിപാടി നടത്തി. മാധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ തഗൂര്‍ത്ത പറഞ്ഞു. കേരളാ ഹൗസിനു മുന്നില്‍ ഡല്‍ഹിയിലെ മലയാള മാധ്യമപ്രവര്‍ത്തകരും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വൈകീട്ടോടെ ഇന്ത്യാഗേറ്റിനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. കൊലപാതകത്തെ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയും അപലപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss