|    Oct 24 Wed, 2018 8:44 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഗൗരി ലങ്കേഷ് വധം നല്‍കുന്ന സന്ദേശം

Published : 11th September 2017 | Posted By: fsq

 

2017 സപ്തംബര്‍ 9ലെ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റോറിയല്‍

ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ ജീവന്‍ കവര്‍ന്ന ഘാതകരുടെ വെടിയുണ്ടകള്‍ അവരെ മാത്രമല്ല കൊന്നുതള്ളിയത്. സപ്തംബര്‍ 5ന് സ്വന്തം വീടിനുള്ളിലേക്കു കടക്കുന്നതിനിടയില്‍ ഗൗരിയെ വകവരുത്തിയവര്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും വിമര്‍ശനബുദ്ധ്യാ കാര്യങ്ങള്‍ പറയുന്നവര്‍ക്കും നല്‍കുന്ന വ്യക്തമായൊരു സന്ദേശമുണ്ട്. അധികാരത്തിലുള്ളവരെ ചോദ്യംചെയ്യാനും വിമര്‍ശിക്കാനും മേധാവിത്വ വീക്ഷണങ്ങളോട് വിയോജിക്കാനും സാമൂഹിക തിന്‍മകളെ ചോദ്യംചെയ്യാനും മനുഷ്യാവകാശ ലംഘനങ്ങളും ഉന്നതങ്ങളിലെ അഴിമതികളും തുറന്നുകാട്ടാനുമുള്ള അവകാശം പരമപ്രധാനമാണ്. ഒരു സ്വതന്ത്ര രാജ്യത്ത് ഏതു മാധ്യമപ്രവര്‍ത്തകനും ചെയ്യേണ്ടതായ കാര്യങ്ങളാണിവയെന്നു വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വ്യക്തമായ സന്ദേശമാണ് ഗൗരിയുടെ നെറ്റിയിലേക്കു തുളച്ചുകയറിയ വെടിയുണ്ടകള്‍. ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രതിലോമകാരികളും വിജ്ഞാനവിരോധികളുമായ ദുഷ്ടശക്തികളെ തുറന്നെതിര്‍ക്കുന്ന സ്വഭാവമായിരുന്നു ഗൗരി ലങ്കേഷിന്റേത്. ഗൗരി ലങ്കേഷ് പത്രികെ എന്ന തന്റെ കന്നഡ പ്രസിദ്ധീകരണത്തില്‍ (ലങ്കേഷ് പത്രികയിലൂടെ വിമര്‍ശനാത്മക പത്രപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ സ്ഥാനംപിടിച്ച തന്റെ പിതാവ് പി ലങ്കേഷിന്റെ മരണശേഷം ഗൗരി ലങ്കേഷ് ആരംഭിച്ച പ്രസിദ്ധീകരണമാണ് ഗൗരി ലങ്കേഷ് പത്രികെ) അധികാരകേന്ദ്രങ്ങളെ വിമര്‍ശിക്കുമ്പോള്‍ വാക്കുകള്‍ വിഴുങ്ങുന്ന പതിവ് അവര്‍ക്കില്ല. വിമര്‍ശനങ്ങളില്‍ അല്‍പം പോലും മാര്‍ദവമോ പിശുക്കോ കാട്ടിയിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകയായിരുന്ന ഗൗരി, സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തെയും കഠിനമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെയും ഭരണകക്ഷിയെയും എതിര്‍ക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന വ്യക്തികളുടെയും പ്രാദേശിക ഗ്രൂപ്പുകളുടെയും ശക്തമായ പിന്തുണ ഗൗരിക്കുണ്ടായിരുന്നു. നാം മനസ്സിലാക്കിയിടത്തോളം, കൊല ചെയ്യപ്പെട്ട കന്നഡ എഴുത്തുകാരനും ചരിത്രകാരനുമായ എം എം കല്‍ബുര്‍ഗിക്കുണ്ടായിരുന്നതുപോലെ നേരിട്ടുള്ള വധഭീഷണിയൊന്നും ഗൗരിക്കു ലഭിച്ചിരുന്നില്ല. 2015ല്‍ കല്‍ബുര്‍ഗിയെ കൊല ചെയ്തപോലെ, വീട്ടിലേക്കു നടന്നുചെന്ന് അദ്ദേഹത്തിനു നേരെ നിറയൊഴിച്ചതുപോലെ തന്നെയാണ് ഗൗരിയെയും ഘാതകര്‍ കൊലപ്പെടുത്തിയത്. 1989 മുതലേ ഹിന്ദുത്വ ഭീകരവാദികളുടെ ഭാഗത്തുനിന്ന് കല്‍ബുര്‍ഗിക്ക് വധഭീഷണിയുണ്ടായിരുന്നു. ഗൗരി ലങ്കേഷ് വധം മാധ്യമപ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും വ്യവസ്ഥിതിയുടെ വിമര്‍ശകരെയുമെല്ലാം പിടിച്ചുലച്ച ഒന്നാണ്. അതുകൊണ്ടാണ് രാജ്യമെമ്പാടും അവര്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. കന്നഡ പ്രസിദ്ധീകരണം ആരംഭിക്കുന്നതിനു മുമ്പു തന്നെ അവര്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെ പ്രമുഖ പത്രപ്രവര്‍ത്തകയായിരുന്നു. മെട്രോ നഗരത്തിലെ പ്രധാന അധിവാസകേന്ദ്രങ്ങളിലൊന്നിലാണ് അവര്‍ താമസിച്ചിരുന്നത്. അല്ലാതെ ചെറിയ പട്ടണത്തിലോ ഒറ്റപ്പെട്ട നഗരപ്രാന്തത്തിലോ ആയിരുന്നില്ല. സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കുകയും വ്യാപകമായ തോതില്‍ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാവുകയും ചെയ്തിരുന്ന വ്യക്തി കൂടിയാണ് ഗൗരി ലങ്കേഷ്. അതിനു പുറമെ സ്വന്തമായ പ്രസിദ്ധീകരണവും. വര്‍ഷങ്ങളായി നിരവധി അപകീര്‍ത്തിക്കേസുകള്‍ പൊതുപ്രവര്‍ത്തനഫലമായി അവര്‍ക്കു നേരിടേണ്ടിവന്നിട്ടുണ്ട്. അവയിലൊന്നില്‍ അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ധാര്‍വാഡില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവായ ഉമേഷ് ദുഷിയും ഫയല്‍ ചെയ്ത കേസിലായിരുന്നു ശിക്ഷ. ഇതിനെതിരേ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ആലോചനയിലായിരുന്നു ഗൗരി ലങ്കേഷ്. അപ്പോള്‍ പോലും തന്റെ സജീവ സാന്നിധ്യം ഘാതകരുടെ ദൃഷ്ടിയില്‍നിന്ന് അവരെ മറച്ചിരുന്നില്ല. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ ഇന്ത്യന്‍ മാധ്യമമേഖലയ്ക്ക് എന്തെങ്കിലും സന്ദേശം നല്‍കുന്നുണ്ടോ? കൊലയാളികളുടെ മുഖം വെളിപ്പെടുന്നതു വരെ നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നത് ഒരുപക്ഷേ, ശരിയായിക്കൊള്ളണമെന്നില്ല. ഗൗരി ലങ്കേഷിനെ പോലെ ധീരവ്യക്തിത്വങ്ങള്‍ ധാരാളമൊന്നുമുള്ളതല്ല ഇന്ത്യന്‍ മാധ്യമരംഗം. ഏതു പ്രത്യാഘാതത്തെയും നേരിടാന്‍ ഗൗരി ഒരുക്കമായിരുന്നു. അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയും ജനപ്രിയത്വമില്ലാത്ത പ്രക്ഷോഭങ്ങളുമായി സഹകരിച്ചും അവര്‍ എന്നും വ്യവസ്ഥിതിയുടെ സ്തുതിപാഠകരെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എളുപ്പത്തില്‍ വളയ്ക്കാന്‍ കഴിയുന്നതും ചോദ്യംചെയ്യപ്പെടാനാവാത്തതുമാണ്. എങ്കിലും ഒരുപിടി ആദരണീയ വ്യക്തിത്വങ്ങള്‍ അക്കൂട്ടത്തില്‍ അപവാദമായുണ്ട്. ഉടമസ്ഥരുടെ അനുവാദമില്ലാതെ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് അധികാരകേന്ദ്രങ്ങളിലെ അരുതായ്മകള്‍ അന്വേഷിച്ചു കണ്ടെത്തി തുറന്നുകാട്ടുക സാധാരണഗതിയില്‍ എളുപ്പമല്ല. കോര്‍പറേറ്റുകളെയും രാഷ്ട്രീയാധികാരത്തെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പ് അത്യധികം നേര്‍ത്തതാണെന്നിരിക്കെ അത്തരമൊന്ന് അസംഭവ്യമാണുതാനും. സമ്പദ്‌വ്യവസ്ഥ മുതല്‍ വിദേശകാര്യം വരെയുള്ള കാര്യങ്ങളില്‍ ഈ കോര്‍പറേറ്റ് പ്രീണനത്തിന്റെ അലയൊലികളാണ് മാധ്യമരംഗത്തും പ്രതിഫലിക്കുന്നത്. വ്യത്യസ്തമായി ചിന്തിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ അപൂര്‍വമേയുള്ളൂ. ഗൗരി ലങ്കേഷ് പത്രികെ വ്യത്യസ്തമാവുന്നത് ഇവിടെയാണ്. കാരണം, അത് ചെറുതും സ്വതന്ത്രവുമാണ്. അതേസമയം വ്യക്തമാണ്, അപ്രധാനമല്ല അതിന്റെ നിലപാടുകള്‍. അധികാരശക്തികള്‍ മാധ്യമങ്ങളെയും വിമര്‍ശകരെയും തങ്ങള്‍ക്ക് അനുകൂലമായി വിലയ്‌ക്കെടുക്കാനോ മിനക്കെടുത്താനോ തുനിയുമ്പോള്‍ ഇത്തരം ചെറിയ ശബ്ദങ്ങളാണ് വലിയ മുഴക്കങ്ങള്‍ സൃഷ്ടിക്കുക. എന്നാല്‍, അത്തരം മാധ്യമപ്രവര്‍ത്തകര്‍ക്കു പിന്‍ബലമൊന്നുമുണ്ടാവില്ല. ഭരണകൂടത്തിന്റെ അധികാരശക്തി അവയ്ക്കു സമ്മാനിക്കുന്ന മുറിവുകള്‍ മാത്രമല്ല, തങ്ങളോട് ശത്രുതയുള്ള ഭരണകൂട ബാഹ്യമായ വ്യക്തികളുടെ അതിക്രമങ്ങള്‍ കൂടി ഇത്തരക്കാര്‍ക്കു നേരിടേണ്ടിവരുന്നു.ഗൗരി ലങ്കേഷിനെ എന്നന്നേക്കുമായി നിശ്ശബ്ദയാക്കാന്‍ ഒരു ബുള്ളറ്റാണ് ഉപയോഗിച്ചത്. എന്നാല്‍, പ്രതിയോഗികളുടെ മികച്ച തന്ത്രം പലപ്പോഴും മറ്റൊന്നായിരുന്നു- ക്രിമിനല്‍ അപകീര്‍ത്തിക്കേസുകളിലൂടെ അവരെ തളര്‍ത്തുക. എന്നാല്‍, ഗൗരിക്കെതിരായ ഈ കേസുകളൊന്നും അവരുടെ അത്യുല്‍സാഹത്തെ അല്‍പം പോലും ദുര്‍ബലപ്പെടുത്തിയില്ല. പക്ഷേ, രാഷ്ട്രീയത്തിലും കച്ചവടത്തിലുമുള്ള ശക്തന്‍മാരുടെ ഒരായുധമായിരുന്നു അത്. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമെതിരേ ആവര്‍ത്തിച്ച് ഉപയോഗിക്കാന്‍ സാധ്യതയുള്ള ഒരായുധം. പഴക്കംചെന്നതും വിരട്ടല്‍ സ്വഭാവമുള്ളതുമായ ഈ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പറ്റിയ സമയമിതാണ്. വിമര്‍ശകരെ നിശ്ശബ്ദരാക്കുന്ന അത്തരമൊരു നിയമത്തിന് ജനാധിപത്യഘടനയില്‍ സ്ഥാനമില്ല. 1988ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ അപകീര്‍ത്തി ബില്ല് പരിസമാപ്തിയിലെത്തിക്കാന്‍ ശ്രമിച്ച സന്ദര്‍ഭം നാമോര്‍ക്കണം. മാധ്യമങ്ങളൊന്നാകെ സംഘടിച്ച് സര്‍ക്കാരിനെതിരില്‍ വന്നതിന്റെ ഫലമായി ബില്ല് പിന്‍വലിക്കേണ്ടിവന്നു. ഒരുപക്ഷേ, മാധ്യമലോകത്തിന് ധീരയായ ഗൗരി ലങ്കേഷിനായി നല്‍കാനാവുന്ന ആദരസൂചകമായ ഉപഹാരം, ക്രിമിനല്‍ അപകീര്‍ത്തി നിയമം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി ഒന്നിച്ചു പോരാടുക എന്നതാണ്. അവരുടെ നിഷ്ഠുരമായ അന്ത്യം മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഒരു ആഹ്വാനമാവണം. അത് അപകടത്തിലായ തങ്ങളുടെ ജീവനു വേണ്ടി മാത്രമല്ല, ഇപ്പോള്‍ അപകടസന്ധിയിലായ മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വതന്ത്രവും നിര്‍ഭയവുമായ ഭാവിക്കുവേണ്ടി കൂടിയാവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss