|    Oct 23 Tue, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം: കൊലയാളി തടിച്ചു കുറുകിയ ആളെന്ന് പോലിസ്

Published : 8th September 2017 | Posted By: fsq

 

ബംഗളൂരു: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളി തടിച്ചു കുറുകിയ ശരീരത്തോടുകൂടിയ വ്യക്തിയാണെന്ന് പോലിസ്. ജാക്കറ്റ് ധരിച്ച് മുഖംമൂടിയെത്തിയ കൊലപാതകി ഹെല്‍മെറ്റും കൈയുറകളും ധരിച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി അന്വേഷണസംഘത്തിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൊലപാതകിയുടെ വളരെക്കുറച്ച് ദൃശ്യങ്ങളേ ലഭിച്ചിട്ടുള്ളൂ. കിട്ടിയ തെളിവുകള്‍ ഉപയോഗപ്പെടുത്തി അന്വേഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. കൊലപാതകിക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ ഇതേ വേഷവിധാനങ്ങളോടെ ഒരു കൂട്ടാളി ഉണ്ടായിരുന്നതായും പോലിസ് പറഞ്ഞു. ഇയാള്‍ കാമറയില്‍ പതിഞ്ഞു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായി കാമറയില്‍ പതിഞ്ഞിട്ടില്ല. ഗൗരി ലങ്കേഷിന്റെ വാഹനം കടന്നുവന്ന റോഡിലുള്ള 33 കാമറകള്‍ പരിശോധിച്ച പോലിസ് അവരുടെ വാഹനത്തെ ആരെങ്കിലും പിന്തുടര്‍ന്നിരുന്നോ എന്ന് പരിശോധിച്ചതായും വ്യക്തമാക്കി. ഗൗരിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ടകള്‍ പ്രാദേശികമായി നിര്‍മിച്ചതാണെന്നും പോലിസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഗൗരിയുടെ കുടുംബാംഗങ്ങള്‍. ഗൗരിയുടെ കൊലപാതകത്തിനുത്തരവാദികള്‍, തീവ്ര ഹിന്ദുത്വരോ, നക്‌സലൈറ്റുകളോ ആയാലും എല്ലാ വശങ്ങളും നിരീക്ഷിച്ചാവണം അന്വേഷണം നടത്തേണ്ടതെന്നും സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷും, സഹോദരി കവിതാ ലങ്കേഷും ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി, ആര്‍എസ്എസ് എന്നിവര്‍ക്ക് നേരെ രാഹുല്‍ഗാന്ധി തുറന്നടിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍, അതില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. നീതിയാണ് ഞങ്ങള്‍ക്കു വേണ്ടത്. ഇതില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും കലര്‍ത്തരുത്. ഗൗരി എപ്പോഴും തന്റേതായ പ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടിയായിരുന്നു നിലകൊണ്ടത് എന്നും അവര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss