|    Oct 18 Thu, 2018 10:36 am
FLASH NEWS

ഗൗരി ലങ്കേഷ് വധം: അണയാതെ പ്രതിഷേധം

Published : 8th September 2017 | Posted By: fsq

 

പാലക്കാട്: പ്രമുഖ മാധ്യമപ്രവര്‍ത്തകയും സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് നിലപാടുകള്‍ക്കെതിരേ വിട്ടുവീഴ്ച്ചയില്ലാതെ പോരാടുകയും ചെയ്ത ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയതില്‍ രണ്ടാംദിനവും ജില്ലയില്‍ വന്‍പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂനിയന്‍, എസ്ഡിപിഐ, ജനകീയ പ്രതിരോധ സമിതി, പ്രാദേശിക പ്രസ്‌ഫോറങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗവും സംഘടിപ്പിച്ചു. പ്രസ്‌ക്ലബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രസ്‌ക്ലബ്ബില്‍ നിന്നാരംഭിച്ച പ്രകടനത്തിന് അരുണ്‍ശ്രീധര്‍, സി ആര്‍ ദിനേശ്, എന്‍എഎം ജാഫര്‍, വി ജെയിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് അഞ്ചുവിളക്കിന് സമീപം നടത്തിയ പ്രതിഷേധ കൂട്ടായ്മ എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്നവരുടെ പൂര്‍ണ പിന്തുണയുള്ള ഭരണകൂട ഭീകരതയെ ചെറുക്കാന്‍  എല്ലാം മറന്നുള്ള കൂട്ടായ്മകള്‍ക്ക് കഴിയുമെന്ന് രാജേഷ് പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് ഗൂഡാലോചനക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. കൃത്യം നടത്തിയത് ആരെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കൊലപാതകം ആഘോഷിക്കുന്നവര്‍ ആരാണെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്.  എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ഇക്കാര്യത്തിലുള്ള മൗനം രാജ്യം സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ സുധാകരന്‍, ബിജെപി  സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍, സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, യൂത്ത് ലീഗ് സംസ്ഥാന ഖജാന്‍ജി എം എ സമദ്, ജില്ലാ ലൈബ്രറി സെക്രട്ടറി ടി ആര്‍ അജയന്‍, സംഗീതനാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, എഴുത്തുകാരി എം ബി മിനി സംസാരിച്ചു. പാലക്കാട്: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കിരാത നടപടിക്കെതിരെ ജനകീയ പ്രതിരോധ സമിതി പ്രതിഷേധ സംഗമംെ നടത്തി. വിളയോടി വേണുഗോപാല്‍ സംഗമം ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ്് പ്രസിഡന്റ് ജി എസ് പത്മകുമാര്‍ ,കെ രാമനാഥന്‍,രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, എ ഹസീന, സജിന, കെ എം ബീവി, കെ പ്രദീപ് സംസാരിച്ചു ഒറ്റപ്പാലം: പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ  പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഫാഷിസ്റ്റുകള്‍ക്കെതിരെ ഒറ്റപ്പാലത്ത് എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കബീര്‍, അബ്ദുല്‍ മജീദ് ലെക്കിടി, നിഷാദ് ബാബു, സലീം തോട്ടക്കര നേതൃത്വം നല്‍കി . എസ് പി  റഷീദ് ഒറ്റപ്പാലം സംസാരിച്ചു ചിറ്റൂര്‍: ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ചിറ്റൂര്‍ പ്രസ് ക്ലബ് പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി എല്‍ ദുരൈ സ്വാമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സുധീഷ്, എം രതീഷ് ബാബു, എ സിദ്ദീഖ്, എം സുരേന്ദ്രന്‍, എ രാമചന്ദ്രന്‍, സന്തോഷ് കുമാര്‍, സതീഷ്, ഷീജു, സി ബിബിന്‍, രാമചന്ദ്രന്‍ സംസാരിച്ചു. വടക്കഞ്ചേരി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വടക്കഞ്ചേരി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. പ്രസിഡന്റ് ശിവദാസ് തച്ചക്കോട് അധ്യക്ഷനായി. സെക്രട്ടറി സഞ്ജു സെബാസ്റ്റ്യന്‍, മുന്‍ പ്രസിഡന്റുമാരായ ബോബന്‍ ജോര്‍ജ്, എം എസ് അബ്ദുള്‍ ഖുദ്ദൂസ്, മുന്‍ സെക്രട്ടറി ജീജോ അറക്കല്‍, ബെന്നി വര്‍ഗീസ്, പി കെ ബിജു, കെ അബ്ദുല്‍ ഷുക്കൂര്‍, ഷിബു ജോണ്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss