|    Oct 21 Sun, 2018 5:07 am
FLASH NEWS
Home   >  Kerala   >  

ഗൗരി ലങ്കേഷ് മുത്ത്വലാഖിനെതിരേ ശബ്ദിച്ചതു കൊണ്ട് ശത്രുക്കളുണ്ടായി: കെ സുരേന്ദ്രന്‍

Published : 6th September 2017 | Posted By: shins

കോഴിക്കോട്: ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.
ഗൗരി ലങ്കേഷ് മാവോവാദികള്‍ക്കു വേണ്ടി സംസാരിക്കുകയും മുത്ത്വലാഖിനെതിരേ ശബ്ദമുയര്‍ത്തുകയും ചെയ്ത വനിതയാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് ശത്രുക്കളുണ്ടായതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പഴിചാരുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാവോയിസ്റ്റ് എഴുത്തുകാരിയായ ഗൗരി ലങ്കേഷിന്റെ മുഖ്യ ശത്രു സിദ്ധരാമയ്യയും കോണ്‍ഗ്രസുമാണ്‌. കല്‍ബുര്‍ഗിയും പന്‍സാരെയും കൊല്ലപ്പെട്ടപ്പോഴും സംഘപരിവാറിന്റെ മേല്‍ മാധ്യമങ്ങള്‍ അനാവശ്യമായി പഴിചാരുകയായിരുന്നു. കല്‍ബുര്‍ഗി വധക്കേസ് പ്രതിയെ പിടിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ ആരോപണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

കല്‍ബുര്‍ഗി കൊല ചെയ്യപ്പെട്ടിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഈ നിമിഷം വരെ ഒരു പ്രതിയേയും പിടിച്ചിട്ടില്ല. ജനതാദള്‍ എം. എല്‍. എയുടെ ചോദ്യത്തിനു മറുപടിയായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജോര്‍ജ്ജ്( അന്നത്തെ) പറഞ്ഞത് ഈ സംഭവത്തില്‍ സംഘപരിവാറിനെ കുററപ്പെടുത്താന്‍ തക്ക തെളിവുകളൊന്നും സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്നാണ്. ഒരു വിഭാഗം മാധ്യമങ്ങളും ഇടതുപക്ഷവും ഇടതടവില്ലാതെ ഇന്നും സംഘപരിവാറിനുമേല്‍ കുററം ആരോപിക്കുന്നു. ഗോവിന്ദ് പന്‍സാരെയുടേയും നരേന്ദ്രദാബോള്‍ക്കറുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടു കേസ്സിലും ഹിന്ദുത്വശക്തികള്‍ നിരന്തരം പഴികേള്‍ക്കുന്നുണ്ടെങ്കിലും അന്വേഷണസംഘങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. തമിഴ് നാട്ടില്‍ പെരുമാള്‍മുരുകന്‍ എഴുത്തു നിര്‍ത്തി എന്നാണ് പറയുന്നത്. ഹിന്ദുത്വ ഭീഷണിയാണത്രേ കാരണം. എന്നാല്‍ മുരുകന്റെ ഗ്രാമത്തില്‍ സംഘപരിവാര്‍ മരുന്നില്‍ ചേര്‍ക്കാന്‍ പോലുമില്ല. ഒരു കേസ്സും അതിന്റെ പേരില്‍ സംഘപരിവാറിനെതിരെയൊട്ടില്ലതാനും. ഇന്ന് വൈകീട്ട് ലങ്കേഷ് പത്രികയുടെ എഡിറററും കോളമിസ്ടുമായ ഗൗരി ലങ്കേഷ് ബാംഗഌരിലെ സ്വവസതിയില്‍ വെടിയേററു മരിച്ചു. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിലും സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രഹഌദ് ജോഷി ഉള്‍പ്പെടെയുള്ള രണ്ടു ബി. ജെ. പി നേതാക്കള്‍ക്കെതിരെയുള്ള അപകീര്‍ത്തിക്കേസ്സില്‍ കോടതി അവര്‍ക്കു ശിക്ഷ നല്‍കിയ സംഭവമാണ് ഈ പ്രചാരണത്തിനു ആധാരമായി ഇക്കൂട്ടര്‍ പറയുന്നത്. വ്യാജവാര്‍ത്ത ചമച്ചതിനു നിയമത്തിന്റെ മാര്‍ഗ്ഗമാണ് ബി. ജെ. പി നേതാക്കള്‍ തേടിയത്. അവരുടെ മുഖ്യശത്രു സിദ്ധരാമയ്യയും കോണഗ്രസ്സുമായിരുന്നു. അറിയപ്പെടുന്ന മാവോയിസ്ട് അനുകൂല എഴുത്തുകാരിയുമായിരുന്നു അവര്‍. മുത്തലാക്കിനെതിരെ ശക്തമായ നിലപാടും അവര്‍ സ്വീകരിച്ചിരുന്നു. ശത്രുക്കള്‍ ധാരാളം. ഈ സംഭവത്തിനു പിന്നിലെ ഗൂഡാലോചന പുറത്തുവരേണ്ടതാണ്. പ്രത്യേകിച്ചും കര്‍ണ്ണാടകയില്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നുള്ളതുകൊണ്ട്. എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസ്സും ഇടതുപക്ഷവും അവര്‍ക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss