|    Oct 22 Mon, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷ് കപട നിഷ്പക്ഷത ഇല്ലാത്ത മാധ്യമപ്രവര്‍ത്തക : മുഖ്യമന്ത്രി

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: നിഷ്പക്ഷത എന്ന കാപട്യത്തിന്റെ മറവില്‍ നില്‍ക്കാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകയായിരുന്നു കൊല്ലപ്പെട്ട ഗൗരി ലങ്കേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്നവര്‍ക്കെതിരേ ഒത്തുതീര്‍പ്പില്ലാത്ത നിലപാടായിരുന്നു അവരുടേത്.  ഇത്തരം ധീരമായ നിലപാടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവേണ്ടത്. എന്നാല്‍, അത് എത്രപേര്‍ക്ക് ഉണ്ടെന്ന കാര്യം പരിശോധിക്കണം. പന്‍സാരയെയും ധാബോല്‍ക്കറെയും കല്‍ബുര്‍ഗിയെയും നിശബ്ദമാക്കിയ തോക്കുകള്‍ ഗൗരിയിലൂടെ ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് ഫോറം ആറാം സംസ്ഥാന സമ്മേളനം പ്രസ്‌ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയതേയയും വര്‍ഗീയതയേയും കൂട്ടുപിടിച്ച് രാജ്യത്തെ തച്ചുടക്കുന്നതിന് ശ്രമിക്കുന്നവര്‍ക്കെതിരേ നിരന്തരം പോരാട്ടം നടത്തിയതിനാണ് ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നത്. പുരോഗമന മതനിരപേക്ഷ ചിന്താഗതിക്കാരെ വച്ചുപൊറിപ്പിക്കില്ലെന്ന സന്ദേശമാണ് ഇരുട്ടിന്റെ ശക്തികള്‍ കൊലയിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. ഗൗരി മരിക്കേണ്ടവളാണെന്ന് സോഷ്യല്‍മീഡിയിലൂടെയും മറ്റും കൊലവിളി നടത്തുന്നവര്‍ നമ്മുടെ നാട്ടിലും വര്‍ധിച്ചുവരുകയാണ്. ഗൗരിയെപോലെ കൊല്ലപ്പെടാതിരിക്കണമെങ്കില്‍ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മൃത്യുഞ്ജയ ഹോമം നടത്തണമെന്നാണ് കേരളത്തിലെ ഒരു സംഘപരിവാര നേതാവ് പ്രസംഗിച്ചത്. നോട്ട് നിരോധനത്തെ വിമര്‍ശിച്ച എംടിക്കെതിരേയും ദേശീയഗാന വിവാദത്തിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ കമലിനെതിരേയും ബീഫ് കഴിച്ചതിന്റെ പേരില്‍ സിനിമാതാരം സുരഭിക്കെതിരേയും ഉയര്‍ന്ന അസഹിഷ്ണുത കേരളംപോലെ മതനിരപേക്ഷത ശക്തമായ ഒരു സംസ്ഥാനത്താണെന്ന് ഓര്‍ക്കണം. കേട്ടുകേള്‍വിയേയും വ്യാജ ആരോപണങ്ങളെയും അടിസ്ഥാനമാക്കിയാവരുത് വാര്‍ത്തകള്‍ തയ്യാറാക്കേണ്ടത്. പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ മതിയായ അറിവ് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് നടുവട്ടം സത്യശീലന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss