|    Oct 21 Sun, 2018 10:44 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗൗരി ലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയത് : മുഖ്യമന്ത്രി

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള സര്‍വകലാശാലാ യൂനിയനും സംയുക്തമായി സംഘടിപ്പിച്ച ഗൗരി ലങ്കേഷ് സാംസ്‌കാരിക കൂട്ടായ്മ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷ് രാജ്യത്തിന്റെ ഭാവിയെ കരുതിയാണ് നിലപാടുകള്‍ സ്വീകരിച്ചത്. മതനിരപേക്ഷതയ്‌ക്കെതിരേ നിലകൊണ്ടതിനൊപ്പം വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടും സ്വീകരിച്ചു. എന്നാല്‍, ഗാന്ധിജിയുടെ നിലപാടുകളോട് അസഹിഷ്ണുത പുലര്‍ത്തുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തതിനു സമാനമായി ഗൗരി ലങ്കേഷും ജീവിച്ചിരിക്കരുതെന്നു തീരുമാനിച്ച ശക്തികള്‍ കൊലയാളിയെ ആയുധമേല്‍പ്പിച്ചു പറഞ്ഞുവിട്ടു.   ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് നേരിടേണ്ടത്. ഗൗരി ലങ്കേഷിന്റെ ആശയങ്ങളെ നേരിടാന്‍ തങ്ങളുടെ ആശയങ്ങള്‍ക്കു ശക്തിയില്ലെന്ന തിരിച്ചറിവാണ് ആയുധമുപയോഗിച്ച് അവരെ നേരിടാന്‍ പ്രേരിപ്പിച്ചത്. ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ തുടങ്ങി കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിരവധി കൊലപാതകങ്ങള്‍ രാജ്യത്താകെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പേന മാത്രമായിരുന്നു ഇവരുടെ ആയുധം. എന്നാല്‍, രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ശക്തികള്‍ ഇവരെയെല്ലാം കൊലപ്പെടുത്തി. നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇത്തരം കൊലപാതകങ്ങള്‍ക്ക് വളമേകുന്നതാണ്. രാജ്യത്ത് ജനാധിപത്യപരമായാണ് കാര്യങ്ങള്‍ നടക്കേണ്ടത്. ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് ജനാധിപത്യത്തെ ഹനിക്കാന്‍ അധികാരമില്ല. ഒരുകൂട്ടര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മറ്റെല്ലാവരും ചിന്തിക്കണമെന്ന നിലപാട് രാജ്യത്തെ അപകടത്തിലേക്കു നയിക്കും. ചിന്തയില്‍ മാത്രമല്ല, ഭക്ഷണത്തിലും മതവിശ്വാസത്തിലുമെല്ലാം ഈ ഇടപെടല്‍ നടക്കുന്നു. ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ക്കു തയ്യാറാവുന്നില്ല. ഇതു യാദൃച്ഛികമായി സംഭവിക്കുന്നതല്ല. രാജ്യത്തെ വീണ്ടും അന്ധകാരത്തിലേക്കു തള്ളിയിടാനുള്ള നീക്കമാണു നടക്കുന്നത്. ഈ നീക്കം അനുവദിക്കില്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കണം. ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുന്നോട്ടുവരേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധം അറിയിച്ച് സദസ്സ് പ്രതിജ്ഞയെടുത്തു. ചലച്ചിത്ര പ്രവര്‍ത്തകന്‍ ലെനിന്‍ രാജേന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിഷേധജ്വാലയ്ക്ക് മുഖ്യമന്ത്രി തിരിതെളിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അധ്യക്ഷത വഹിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ, സാംസ്‌കാരിക, രാഷ്ട്രീയ, സിനിമ, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss