|    Oct 17 Wed, 2018 10:27 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം

Published : 12th September 2017 | Posted By: fsq

അസഹിഷ്ണുതയുടെ ശബ്ദങ്ങള്‍ ശക്തിനേടുന്നത് മറ്റുള്ളവരുടെ മൗനത്തിലാണെന്ന തിരിച്ചറിവിലാണ് ഗൗരി ലങ്കേഷ് ഇടവിടാതെ പ്രതികരിച്ചുകൊണ്ടിരുന്നത്. ഭീഷണികള്‍ക്കു പകരം വാക്കുകള്‍ ഉപയോഗിക്കാന്‍ തീവ്രവാദശക്തികള്‍ പഠിക്കട്ടെ എന്നതായിരുന്നു അവരുടെ ഉറച്ച നിലപാട്.പക്ഷേ, ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടാനോ സംവാദത്തിനോ അസഹിഷ്ണുതയുടെ കാപാലികര്‍ തയ്യാറല്ലായിരുന്നു. രാത്രി ഏകാകിയായി വീടിനു മുമ്പില്‍ കാറില്‍ വന്നിറങ്ങിയ ആ വനിതാ പത്രപ്രവര്‍ത്തകയുടെ ഹൃദയവും ശ്വാസകോശവും വെടിയുണ്ടകള്‍കൊണ്ട് തകര്‍ത്ത് നിശ്ശബ്ദയാക്കാനാണ് അവര്‍ മുതിര്‍ന്നത്. വെടിയുണ്ടകളേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് ഇടപെട്ടിരുന്ന അവരോട് സൂക്ഷിക്കണമെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.അങ്ങനെ ചത്തുജീവിക്കാനാവില്ല. അഭിപ്രായം പറയുന്നതും പ്രതികരിക്കുന്നതും മനുഷ്യസ്വഭാവമാണ്. പെട്ടെന്നുണ്ടാവുന്ന പ്രതികരണം; പറയേണ്ടത് ഞാന്‍ പറയുക തന്നെ ചെയ്യും- അതായിരുന്നു ഗൗരിയുടെ നിലപാട്. ആരാണ്, എന്തിനാണ് ഗൗരി ലങ്കേഷിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്? കര്‍ണാടക പോലിസിന്റെയോ സിബിഐയുടെയോ അന്വേഷണത്തിന്റെ ഫലം വരാന്‍ കാത്തിരിക്കേണ്ട കാര്യമില്ല. കൊല കഴിഞ്ഞ് രണ്ടു മണിക്കൂറിനകം ഒരു ട്വീറ്റ് വന്നു: കൊടിച്ചിപ്പട്ടി, നോക്ക്. ശരിക്കും ഒരു പട്ടിയുടെ മരണം തന്നെ നിനക്കു കിട്ടി.നരേന്ദ്രമോദി പിന്തുടരുന്ന അക്കൗണ്ട് എന്ന് അവകാശപ്പെട്ടും ഹിന്ദുത്വ ദേശീയവാദിയും വസ്ത്രവ്യാപാരിയുമെന്ന് സ്വയം പരിചയപ്പെടുത്തിയും 2010 മുതല്‍ ട്വീറ്റ് ചെയ്തുവരുന്ന നിഖില്‍ ധാദിച്ചിന്റേതായിരുന്നു പ്രതികരണം. ഇതോടെ ഇത്തരം ട്വീറ്റുകള്‍ പിന്തുടരുന്ന മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് തടയാനുള്ള പ്രസ്ഥാനം തന്നെ സാമൂഹികമാധ്യമങ്ങളില്‍ രംഗത്തുവന്നുകഴിഞ്ഞു. കര്‍ണാടകയിലെ മുന്‍മന്ത്രിയും എംഎല്‍എയുമായ ഡി എന്‍ ജീവരാജ്, കൊലയുടെ രാഷ്ട്രീയമാനവും പങ്കാളിത്തവും രേഖപ്പെടുത്തി; ഗൗരി ലങ്കേഷ് സ്വീകരിച്ച വിമര്‍ശന വിഷയങ്ങളില്‍നിന്ന് വിട്ടുനിന്നിരുന്നെങ്കില്‍ അവര്‍ ജീവിച്ചിരുന്നേനെ എന്നു വ്യക്തമാക്കിക്കൊണ്ട്.ചൊവ്വാഴ്ച രാത്രി അഞ്ചുവട്ടം സാമൂഹിക മാധ്യമങ്ങളില്‍ ഗൗരി പ്രതികരിച്ചിരുന്നു. ‘റോഹിന്‍ഗ്യന്‍ ഭീകരര്‍ ഹിന്ദുക്കളെ കൊന്ന് അവരുടെ വീടുകളും ക്ഷേത്രങ്ങളും കത്തിക്കുകയാണോ’- ഇന്ത്യയില്‍ റോഹിന്‍ഗ്യകള്‍ക്കു നേരെ രോഷം തിരിച്ചുവിടാന്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ഒരു പോര്‍ട്ടലിലെ ലേഖനം പങ്കുവച്ച് അവര്‍ ചോദിക്കുന്നു. നോട്ട് റദ്ദാക്കലിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് മറ്റൊരു ലേഖനം പുനപ്രസിദ്ധീകരിച്ച് അവര്‍ ചോദിക്കുന്നു: ‘ജനങ്ങളിത് വായിക്കണമെന്ന് ആരാണ് ആഗ്രഹിക്കാതിരിക്കുക?’മോദിയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തെയും സൂച്ചിയുമായുള്ള കൂടിക്കാഴ്ചയെയും പരാമര്‍ശിച്ച്: കൂട്ടക്കൊലകളെ സംബന്ധിച്ചും അതിന്റെ ഗുണഫലങ്ങള്‍ എങ്ങനെ അധികാരം നിലനിര്‍ത്തുമെന്നും രണ്ട് നേതാക്കള്‍ക്കും പരസ്പരം കുറിപ്പുകള്‍ കൈമാറാം. തിങ്കളാഴ്ച രണ്ടു കാര്യങ്ങളെക്കുറിച്ചാണ് അവര്‍ പ്രതികരിച്ചത്: ഒന്ന്, കേരളം എന്നും ബീഫ് കഴിക്കുന്ന സംസ്ഥാനമായി തുടരും എന്ന പുതിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അഭിമുഖത്തിലെ പരാമര്‍ശത്തെപ്പറ്റി അവര്‍ എഴുതി: ബീഫ് കഴിക്കുന്നവര്‍ ആരായാലും തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തിയ എല്ലാ സംഘികള്‍ക്കും ഒരു മിനിറ്റ് മൗനപ്രാര്‍ഥന നടത്താം.ഒരു മോദി ട്രോള്‍ വീണ്ടും ട്വീറ്റ് ചെയ്ത് അവര്‍ പറഞ്ഞു: ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുന്ന ഉത്തരകൊറിയ നമ്മളില്‍നിന്ന് ഏറെ പിന്നിലാണ്. നൂറുകണക്കിനു പേരെ കൊന്ന് നമ്മുടെ മുഖ്യമന്ത്രി യോഗി ഇതിനകം ഓക്‌സിജന്‍ ബോംബ് പരീക്ഷിച്ചുകഴിഞ്ഞു. ചൈനയിലേക്കു പോവുന്നതിനു മുമ്പ് നടത്തിയ മന്ത്രിസഭാ വികസനത്തില്‍ നിര്‍മലാ സീതാരാമനെ പ്രതിരോധമന്ത്രിയാക്കിയതിനെപ്പറ്റി: നിര്‍മലാ സീതാരാമനെ രക്ഷാമന്ത്രി ആക്കിയതിനെപ്പറ്റി ആളുകള്‍ ഇത്ര ആഘോഷിക്കുന്നത് മനസ്സിലാവുന്നില്ല; എല്ലാ വകുപ്പിന്റെയും മന്ത്രി മോദിതന്നെയാവുമ്പോള്‍. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഇപ്പോള്‍ ഗൗരി ലങ്കേഷ്. മറ്റുള്ളവരുടെ കൊലപാതകങ്ങള്‍ എന്നപോലെ ഇതിലും കുറ്റവാളികളെ പിടികൂടുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നില്ല. അതിനു വേണ്ട രാഷ്ട്രീയ ഇച്ഛാശക്തി കര്‍ണാടകയിലെ കോണ്‍ഗ്രസ് ഐ ഗവണ്‍മെന്റ് കാണിച്ചിട്ടില്ല.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെപ്പറ്റി വിദേശമാധ്യമങ്ങള്‍ പ്രതികരിച്ചത് കാണുക: ‘മറ്റൊരു സര്‍ക്കാര്‍ വിമര്‍ശകയെ കൂടി വെടിയുണ്ട കൊണ്ട് നിശ്ശബ്ദയാക്കി’- ന്യൂയോര്‍ക്ക് ടൈംസ്. ‘നിര്‍ഭയയായ ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകയെ നിശ്ശബ്ദയാക്കി’- അല്‍ജസീറ. ധ്രുവീകരണം നടത്തുന്ന ശക്തികള്‍ക്കെതിരേ പ്രതിഷേധിച്ചതിനാണ് ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ്. അച്ഛന്‍ ഉയര്‍ത്തിപ്പിടിച്ച ദീപശിഖ അതിലേറെ ഉയരങ്ങളിലേക്ക് ഏറ്റുപിടിക്കുകയാണ് ഗൗരി ചെയ്തത്. യുക്തിവാദിയും സോഷ്യലിസ്റ്റും സ്വതന്ത്ര ചിന്താഗതിക്കാരനും കോളജ് അധ്യാപകനുമായിരുന്ന പി ലങ്കേഷ് ആണ് 1980ല്‍ ലങ്കേഷ് പത്രിക തുടങ്ങിയത്. ആള്‍ദൈവങ്ങളെയും ജാതിയെയും വര്‍ഗീയതയെയും തുറന്നുകാട്ടി. പുരോഗമനവാദികളായ ചെറുപ്പക്കാരെ പ്രോല്‍സാഹിപ്പിച്ചു. കര്‍ണാടകയിലെ സാംസ്‌കാരിക-  രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയ ലങ്കേഷ്, മക്കള്‍ക്കു മാത്രമല്ല, പുതിയ തലമുറയ്ക്കാകെ മാതൃകയായിരുന്നു.ഗൗരി പത്രപ്രവര്‍ത്തനം പഠിച്ച് ഡല്‍ഹി കേന്ദ്രീകരിച്ച് ഇംഗ്ലീഷ് മാധ്യമരംഗത്ത് 16 വര്‍ഷം പ്രവര്‍ത്തിച്ചു. ടൈംസ് ഓഫ് ഇന്ത്യ, സണ്‍ഡേ വാരിക, ഇന്ത്യാ ടുഡേ. പിന്നെ ആന്ധ്രയില്‍ നിന്നുള്ള ഈനാട് ടിവിയില്‍. 2000 ജനുവരി 25ന് പെട്ടെന്നായിരുന്നു അച്ഛന്‍ ലങ്കേഷിന്റെ മരണം. ബംഗളൂരുവിലേക്കു മടങ്ങി അച്ഛന്റെ പ്രവര്‍ത്തനമേഖല ഗൗരി ഏറ്റെടുത്തു. മതനിരപേക്ഷതയ്ക്കും ദലിത് അവകാശങ്ങള്‍ക്കും അധഃസ്ഥിതവര്‍ഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സ്വയം ഉഴിഞ്ഞുവച്ചു. ബംഗളൂരുവിലെ സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി ഇടപെട്ടു. വലതുപക്ഷ ജാത്യാധിഷ്ഠിത രാഷ്ട്രീയത്തെയും തീവ്ര ഹിന്ദുത്വശക്തികളെയും നഖശിഖാന്തം എതിര്‍ത്തു. ഈ നിലപാടുകള്‍ കാരണം ഗൗരിയെ നക്‌സലൈറ്റെന്നും ഹിന്ദുത്വവിരുദ്ധയെന്നും ദേശവിരുദ്ധയെന്നും ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തു. അഞ്ചു വര്‍ഷത്തെ പ്രണയവും അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതവും പരസ്പരം തീരുമാനിച്ച വിവാഹമോചനവും- ഇതായിരുന്നു ഈ 55കാരിയുടെ ദാമ്പത്യജീവിതം.സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായത്തെ ബഹുമാനിക്കാനും സൗഹൃദവും കൂട്ടായ പ്രവര്‍ത്തനവും നിലനിര്‍ത്താനും സാധിച്ച വ്യക്തിത്വമായിരുന്നു ഗൗരി ലങ്കേഷിന്റേത്. അതുകൊണ്ടാണ് നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിക്കുമ്പോഴും അവര്‍ ഇങ്ങനെ പറഞ്ഞത്: ”ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്. നമുക്കൊന്നായി മതനിരപേക്ഷ ഇന്ത്യ തിരിച്ചുപിടിക്കാം.”മുഖാമുഖം കണ്ട അപകടകരമായ സാഹചര്യങ്ങളുടെ സത്യസന്ധമായ പ്രകാശനമാണ് ഗൗരി ലങ്കേഷ് പത്രികയിലെ കാന്ത ഹാഗെ (ഞാന്‍ കാണുംവിധം) എന്ന പംക്തിയില്‍ തുടര്‍ന്നുവന്നത്. അതേസമയം, അവര്‍ സ്വീകരിച്ച അതിശക്തമായ മതനിരപേക്ഷ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ജനാധിപത്യ അടിത്തറയുടെ അലകുംപിടിയുമായി ബന്ധപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ഗൗരി ലങ്കേഷ് ഈവിധം കൊലചെയ്യപ്പെട്ടത്; ബഹുസ്വരതയെ നിശ്ശബ്ദമാക്കുന്ന ആ കൊല ദേശീയതലത്തില്‍ ഹിന്ദുത്വ തീവ്രവാദശക്തികള്‍ ആഘോഷമാക്കിയത്.ഗൗരി ലങ്കേഷിനെ അടുത്തറിയുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ഏറെ ദുഃഖിതനും കുപിതനുമാണ്. നിരാലംബയായ ഒരു സ്ത്രീയെ വെടിവച്ചു നിശ്ശബ്ദയാക്കിയ ശക്തികള്‍ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തുന്നവരെയൊക്കെ നിശ്ശബ്ദരാക്കാനാണ് നീങ്ങുന്നത് എന്ന് രാജ്ദീപ് മുന്നറിയിപ്പു നല്‍കുന്നു.ഗൗരിയുടെ കൊലപാതകം ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ യോജിച്ച നീക്കങ്ങള്‍ക്ക് വേഗം കൂട്ടുമെന്നതാണ് ഇതിന്റെ മറുവശം. ദേശീയ-സാര്‍വദേശീയ തലങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പുതിയൊരു ജനമുന്നേറ്റത്തിന് ആശയവും കരുത്തും ഉത്തേജനവുമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss