|    Oct 21 Sun, 2018 7:48 pm
FLASH NEWS
Home   >  Kerala   >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം: മാധ്യമ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 6th September 2017 | Posted By: shadina sdna


തൃശൂര്‍: കര്‍ണാടകയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നതില്‍ വ്യാപക പ്രതിഷേധം. തൃശൂരില്‍ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി കരിദിനം ആചരിച്ചു. വായ്‌ മൂടിക്കെട്ടി നഗരത്തില്‍ നടത്തിയ പ്രകടനം കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ സമാപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്യത്തിനു നേരെ തോക്കെടുത്താല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ രൂപപ്പെടുമെന്നും  പ്രതിഷേധം സമൂഹം ഏറ്റെടുത്തെന്നും  ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിഷേധ യോഗം പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനോയ് ജോര്‍ജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോയ് എം മണ്ണൂര്‍, ഫിറോസ് മുല്ലവീട്ടില്‍, നിയുക്ത ജില്ലാ പ്രസിഡന്റ് കെ  പ്രഭാത് എന്നിവര്‍ പ്രസംഗിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ചു മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്തു. ഗൗരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തില്‍ നഗരത്തില്‍ പ്രതിഷേധറാലി നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചിലും പൊതുയോഗത്തിലും പ്രതിഷേധ മിരമ്പി. കറുത്ത ബാഡ്ജ് ധരിച്ച്, പ്ലക്കാര്‍ഡുമേന്തി പ്രസ്‌ക്ലബ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തിന് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമെത്തി. സ്വതന്ത്രമായി ചിന്തിക്കുകയും ആശയപ്രചാരണം നടത്തുകയും ചെയ്യുന്നവരെ ഭയക്കുന്ന ഫാഷിസ്റ്റ് ശക്തികളാണ് ഗൗരി ലങ്കേഷിനെ വകവരുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ചരിത്രം കീഴ്‌മേല്‍ മറിച്ച് ഗോഡ്‌സെയെ വീരപുരുഷനായി അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രം ഇവിടെ 1948 ജനുവരി 30 ആവര്‍ത്തിക്കുകയാണ്. തീവ്രഹിന്ദുത്വത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായിരുന്നു ഗൗരി ലങ്കേഷ് എന്ന മാധ്യമപോരാളി. പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുകയും അസഹിഷ്ണുത മുഖമുദ്രയാക്കുകയും ചെയ്തവര്‍ തന്നെയാണ് ഇത്തരം വൈശാചിക കൃത്യത്തിന് പിന്നിലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പോലും അനുവദിക്കാത്തവരാണ് ഈ അരുംകൊലയുടെ പ്രായോജകരെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ഹിന്ദുത്വ തീവ്രവാദ പ്രചാരണങ്ങള്‍ക്കെതിരേ നിലകൊണ്ട ഡോക്ടര്‍ കല്‍ബുര്‍ഗിയെയും ഗോവിന്ദ പന്‍സാരെയും നരേന്ദ്ര ദവോല്‍ക്കറെയും വകവരുത്തിവര്‍ തന്നെയാണ് ഗൗരി ലങ്കേഷിനെ ഇല്ലാതാക്കിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് പറഞ്ഞു. യു ആര്‍ അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ ബംഗളൂരുവില്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചവരുടെ മനോധര്‍മമാണ് ഇവിടെയും പ്രവര്‍ത്തിച്ചത്. കുറ്റക്കാരെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എതിരാളികളാല്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ വേലായുധന്‍ പറഞ്ഞു. ഡോക്ടര്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ട കേസില്‍പ്പോലും പോലിസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമം ഇവിടെയുണ്ട്. എന്നാല്‍, അന്വേഷണം പലപ്പോഴും പാളുകയാണ്. ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി എം കെ മനോഹരന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ പി സി രഞ്ജിത്, ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss