|    Oct 24 Wed, 2018 8:43 am
FLASH NEWS

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

തൃശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ സംഘപരിവാര ശക്തികള്‍ വെടിവെച്ചുകൊന്നതിനെതിരേ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. തൃശൂരില്‍ പ്രസ്‌ക്ലബ്ബ്, സെക്യുലര്‍ ഫോറം, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. ഗൗരി ലങ്കേഷിനെ സംഘപരിവാര ശക്തികള്‍ വെടിവെച്ചുകൊന്നതില്‍ സെക്യുലര്‍ ഫോറം പ്രതിഷേധിച്ചു. സ്വതന്ത്ര്യ ചിന്തകളേയും എഴുത്തിനേയുമാണ് ഫാഷിസ്റ്റുകള്‍ ഭയക്കുന്നതെന്ന് പ്രതിഷേധ യോഗത്തില്‍ സംസാരിച്ച സാറാ ജോസഫ് പറഞ്ഞു. ആര്‍എസ്എസ്സിനും ബിജെപിക്കും എതിരായ നിലപാടെടുത്തതിനാണ് ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ നെഞ്ചിലേക്കാണ് ഫാഷിസ്റ്റുകളുടെ വെടിയുണ്ട തുളച്ച് കയറിയത്. ജനങ്ങളുടെ വായ അടച്ചുകെട്ടാനുള്ള ശ്രമത്തിനെതിരേ ജനകീയ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങണമെന്നും സാറാ ജോസഫ് പറഞ്ഞു. ഗൗരി ലങ്കേഷിന്റെ രക്തസാക്ഷ്യം ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ഫാഷിസ്റ്റ് വിരുദ്ധരായ 69 ശതമാനം വരുന്ന ജന വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് ഹിന്ദുത്വര്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ഐക്യനിര കെട്ടിപ്പടുക്കാന്‍ നാം ശ്രമിക്കണമെന്നും സംഘ് പരിവാറിനെതിരായ ജനരോഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും സാറാ ജോസഫ് പറഞ്ഞു. കാവിയില്‍ പൊതിഞ്ഞ നീചവും നിഷ്ഠൂരവുമായ ഹിന്ദുത്വ അജണ്ടക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളും ഒന്നിക്കണമെന്ന് സെക്യുലര്‍ ഫോറം യോഗം ആവശ്യപ്പെട്ടു. കണ്‍വീനര്‍ കെ വി ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. വി ജി ഗോപാലകൃഷ്ണന്‍, ഡോ. എസ് എന്‍ പോറ്റി, ഡോ. പി വിജയന്‍, ടി സത്യനാരായണന്‍, മാത്യു ആഡ്രൂസ്, കെ ബി മധുസൂതനന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss