|    Oct 18 Thu, 2018 4:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം/ കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരേ സംസ്ഥാനത്ത്്് വ്യാപക പ്രതിഷേധം.സംഘടനകളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും നേതൃത്വത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ ഒത്തുചേര്‍ന്നും സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുകയാണെന്നും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയും ബാഡ്ജ് ധരിച്ചുതന്നെ ജോലിക്ക് ഹാജരാവണമെന്നും കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഫാഷിസ്റ്റ് വിരുദ്ധ മുന്നണിപ്പോരാളിയുമായിരുന്ന ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ വസതിയില്‍ വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി 250ലധികം കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ പ്രതിഷേധമിരമ്പി. എം എം കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, അഡ്വ. ഷാഹിദ് അസ്മി, ഹേമന്ദ് കര്‍ക്കരെ എന്നീ പ്രമുഖ വ്യക്തിത്വങ്ങള്‍ ആര്‍എസ്എസ് ഭീകരതയുടെ വെടിയുണ്ടകള്‍ക്കിരയായിട്ടും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുന്നതില്‍ ഭരണകൂടത്തിനും ജുഡീഷ്യറിക്കും വന്ന വീഴ്ചയാണ് അക്രമികള്‍ക്ക് പ്രചോദനമാവുന്നത്. സത്യംവിളിച്ചുപറയുന്നവരെയും വിയോജിപ്പ് രേഖപ്പെടുത്തുന്ന സാമൂഹികപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും കൊന്നുതള്ളുന്ന സംഘപരിവാര ഭീകരതയെ നിലയ്ക്കു നിര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.കൊലപാതകത്തിനെതിരേ തലസ്ഥാനത്തു പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.  കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാകമ്മിറ്റിയും തിരുവനന്തപുരം പ്രസ്‌ക്ലബ്ബും സംയുക്തമായാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ അവസ്ഥയാണു നിലനില്‍ക്കുന്നതെന്ന്് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുകയാണെന്ന് യോഗത്തില്‍ സംസാരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായ എം ജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായി അധികാരം നേടിയെടുത്ത ഭരണകൂടം മതവര്‍ഗീയതയ്ക്കുവേണ്ടി ജനങ്ങള്‍ക്ക് ആയുധം നല്‍കി നടത്തുന്ന കൊലപാതകങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഗൗരി ലങ്കേഷിന്റെ മരണം ഒരു അസാധാരണ സംഭവമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്തു നിലനില്‍ക്കുന്നു. ഭൂരിപക്ഷ മതവര്‍ഗീയതയ്ക്ക് ബദലാവാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. കൊലപാതകികള്‍ ആരെന്ന കാര്യത്തില്‍ സംശയത്തിനു വകയില്ല. ഫാഷിസം പ്രത്യക്ഷമായി രംഗത്തുവരുന്നതിന്റെ ഉദാഹരണങ്ങളാണിവ. കഴിവതും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയാണ് അടിയന്തരമായ ആവശ്യമെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ചുണ്ണാമ്പ് തൊട്ട് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെങ്കിലും അവരുടെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ കൊലപാതകത്തിനു പിന്നില്‍ വലതുപക്ഷ വര്‍ഗീയ ശക്തികളാണെന്നു വ്യക്തമാക്കുന്നതാണെന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി ഗൗരീദാസന്‍ നായര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പല സംഭവങ്ങളും മാധ്യമപ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തില്‍ എഴുത്തിന്റെ പേരില്‍ റസൂല്‍ എന്നയാളെ ഗ്രാമം ഊരുവിലക്കിയിരുന്നു. എന്നാല്‍, ഈ സംഭവം ചരമകോളത്തിലൊതുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. കേരളത്തിന്റെ രാഷ്ട്രീയ സുരക്ഷയില്‍നിന്നു പുറത്തുകടന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വര്‍ഗീയശക്തികളുടെ ആക്രമണം നേരിടേണ്ടിവരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകം അപലപനീയമാണെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും മുന്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ എസ് ആര്‍ ശക്തിധരന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് രാജീവ്, സുരേഷ് വെള്ളിമംഗലം, സി അബ്ദുര്‍റഹീം നേതൃത്വം നല്‍കി. കേസരി സ്റ്റാച്യുവില്‍ നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റ് കവാടം കടന്ന് പ്രസ്‌ക്ലബ്ബിനു മുമ്പില്‍ സമാപിച്ചു. പ്രതിഷേധക സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണു മാധ്യമപ്രവര്‍ത്തകര്‍ അണിനിരന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss