|    Sep 19 Wed, 2018 7:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിനെയും ധബോല്‍കറെയും വധിച്ചത് ഒരേ തോക്കുപയോഗിച്ച്

Published : 28th August 2018 | Posted By: kasim kzm

മുംബൈ: നരേന്ദ്ര ധബോല്‍കറിന്റെയും ഗൗരി ലങ്കേഷിന്റെയും കൊലയാളികള്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി സിബിഐ. ധബോല്‍കര്‍ വധക്കേസില്‍ അറസ്റ്റിലായ സചിന്‍ പ്രകാശ് റാവു അന്ദൂറേയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ തോക്ക് ഗൗരി ലങ്കേഷിനെ വധിക്കാനുപയോഗിച്ച തോക്കാണെന്നു സിബിഐ പൂനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.
ധബോല്‍കര്‍ വധക്കേസ് പ്രതി സചിന്‍ അന്ദൂറേയുടെ കസ്റ്റഡി ദീര്‍ഘിപ്പിക്കുന്നതിനായുള്ള റിമാന്‍ഡ് അപേക്ഷയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 18നാണ് പ്രകാശ് റാവുവിനെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച വരെ ദീര്‍ഘിപ്പിക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് ആര്‍ ജാദവ് ഉത്തരവിട്ടു.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാള്‍ കൊലയ്ക്കു ശേഷം 7.65 എംഎം തോക്ക് തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നു സചിന്‍ അന്ദൂറെ വെളിപ്പെടുത്തി. തോക്കും ഒപ്പം ഏല്‍പ്പിച്ച 11 വെടിയുണ്ടകളും തുടര്‍ന്ന് ബന്ധുക്കളെ ഏല്‍പ്പിച്ചതായും അന്ദൂറെ മൊഴി നല്‍കി. അറസ്റ്റ് ഭയന്നാണ് തോക്കും വെടിയുണ്ടകളും ഇയാള്‍ സുഹൃത്തുക്കളെ ഏല്‍പ്പിച്ചതെന്നും സിബിഐ അറിയിച്ചു.
ഔറംഗാബാദിലെ ബന്ധുക്കളായ ശുഭം സുരാലെ, അചിംക്യ സുരാലെ എന്നിവരെയാണ് ഇയാള്‍ തോക്ക് ഏല്‍പ്പിച്ചത്. അവര്‍ പിന്നീട് സുഹൃത്തായ രോഹിത് രെഗെക്ക് കൈമാറി എന്നും സചിന്‍ വെളിപ്പെടുത്തി. രോഹിതിന്റെ വീട്ടില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്.
യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍കര്‍ 2013 ആഗസ്ത് 20ന് പൂനെയിലാണ് കൊല്ലപ്പെട്ടത്. ദുര്‍മന്ത്രവാദത്തിനും അനാചാരങ്ങള്‍ക്കുമെതിരേ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടു പ്രചാരണം നടത്തിവരുന്നതിനിടെയാണ് ധബോല്‍കര്‍ കൊല്ലപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ വസതിയില്‍ വച്ചു സംഘപരിവാര അനുകൂലികളായ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss