|    Oct 18 Thu, 2018 10:04 pm
FLASH NEWS

ഗൗരിനേഹയുടെ മരണം: നിരാഹാര സമരത്തിനൊരുങ്ങി കുടുംബം

Published : 6th February 2018 | Posted By: kasim kzm

കൊല്ലം: ഗൗരിനേഹയുടെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അധ്യാപികമാരെ പിരിച്ചുവിടണമെന്നും അല്ലാത്തപക്ഷം നിരാഹാരസമരം ഉള്‍പ്പടെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പിതാവ് പ്രസന്നന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഗൗരിനേഹയുടെ മരണത്തെ സംബന്ധിച്ചുള്ള പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രസന്നന്‍ ആവശ്യപ്പെട്ടു. ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകരും പ്രതികളുമായ സിന്ധു പോള്‍, ക്രസന്റ നെവിസ് എന്നിവരെ മധുരം നല്‍കി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ തിരിച്ചെടുത്തത് വേദനയുളവാക്കുന്നതാണ്. കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടതെന്നാണ് അനുമാനിക്കേണ്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് ആദ്യം ക്ഷതമേറ്റെന്നും പിന്നീടാണ് വീണതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കുട്ടി അധ്യാപികമാരൊപ്പം പോകുന്നതും പിന്നീട് താഴെ വീഴുന്നതും കാണാമെങ്കിലും എങ്ങനെ വീഴുന്നുവെന്നുള്ളത് ദൃശൃങ്ങളിലില്ലായിരുന്നു. അവര്‍ മകളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തള്ളിയിടുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ താന്‍ ചാടിയതല്ലെന്ന് മകള്‍ പറഞ്ഞതായി പ്രസന്നന്‍ പറഞ്ഞു. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലിസുകാരന്‍ പറഞ്ഞത് കേസ് ബലക്കണമെങ്കില്‍ കുട്ടി ചാടിയൊന്നാണ് പറയേണ്ടതെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. വര്‍ക്കലയില്‍ കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. ക്ലാസ് ടീച്ചറിന്റെ വീട്ടില്‍ ട്യൂഷന് വിടാത്തതിന്റെ പ്രതികാരമായാണ് തന്റെ ഇളയ മകളെ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തി ശിക്ഷിച്ചത്. ഇതു ചോദ്യംചെയ്യാന്‍ ചെന്ന ഗൗരിനേഹയ്ക്ക്‌മേല്‍ രണ്ടു അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്ന് കടുത്ത പീഡനമുറകളാണ് നടത്തിയത്. ഇതിന്‌ശേഷം ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കാതെ ഗൗരിയെ ഇരുവരും വിളിച്ചുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരെയും അരമണിക്കൂറോളം കണ്ടില്ല. അതിനുശേഷം ബെല്ലടിച്ച് കുട്ടികളെല്ലാം ക്ലാസില്‍ കയറിയതിനുശേഷം ഗൗരി മുകളില്‍നിന്നും താഴെ വീഴുകയായിരുന്നു. അധ്യാപികരമാര്‍ വിളിച്ചുകൊണ്ടുപോയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കും ഗൗരിക്കും മാത്രമേ അറിയു. മകള്‍ ചാടിയതല്ലെന്നു തന്നോട് പറഞ്ഞപ്പോള്‍ അസ്വസ്ഥരായ അധ്യാപകരും സ്‌കളൂള്‍ അധികൃതരുടെയും ഇടപെടല്‍ മൂലം മകള്‍ പിന്നീട് മിണ്ടാതായി. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്ന മകള്‍ മരിച്ചത്. കേസില്‍ രണ്ടു അധ്യാപകിമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാല്‍ ഹൈക്കോടതി ഉപാധികളോടെയാണ് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികളെല്ലാം പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ സാക്ഷികളായ വിദ്യാര്‍ഥികളെ ഇവര്‍ സ്വാധീനിക്കും. ഒട്ടേറെ ഉന്നത സ്വാധീനമുള്ളതിനാല്‍ കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ല. ഇതിനിടെ പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ ശ്രമിച്ചിട്ടും സാധിട്ടില്ലെന്നും പ്രസന്നന്‍ പറഞ്ഞു. കൂടാതെ താന്‍ എവിടെപ്പോകുന്നു,ആരെയൊക്കാണുന്നു എന്ന കാര്യം അറിയാന്‍ രഹസ്യ പോലിസ് നിരീക്ഷണമുണ്ടെന്നും പ്രസന്നന്‍ പറഞ്ഞു. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സ്ഥാപിച്ച ‘ജസ്റ്റിസ് ഫോര്‍ ഗൗരി’ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഗൗരി മരിച്ചതിന് ശേഷം ആത്മഹത്യാകുറിപ്പെഴുതിയശേഷം അതിന് തുനിഞ്ഞ ഒന്‍പതാംക്ലാസുകാരിയെ ടീച്ചര്‍മാര്‍ സ്‌കൂളില്‍ നിന്നു മണിക്കൂറുകള്‍ക്കകം കണ്ടെത്തുകയായിരുന്നു. കൂടാതെ ഒരുസംഘം വിദ്യാര്‍ഥികള്‍ അധ്യാപകരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് നാടുവിട്ടെങ്കിലും ഒടുവില്‍ അവരെ പോലിസ് കണ്ടെത്തിയതും സ്‌കൂള്‍ അധികൃതര്‍ രഹസ്യമാക്കിവച്ചു. ഗൗരിയുടെ മരണത്തിന്‌ശേഷം ഇളയമകളെ പിന്നീട് ഈ സ്‌കൂളില്‍ വിട്ടിട്ടില്ലെന്നും വീട്ടിലിരുന്നു പഠിക്കുകയാണെന്നും പ്രസന്നന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനും കേസില്‍ ശക്തമായി ഇടപെട്ടെങ്കിലും സ്‌കൂള്‍ അധികൃതരുടെ ഉന്നത സ്വാധീനത്തില്‍ അവരും നിസഹായരായി മാറിയെന്നും പ്രസന്നന്‍ പറഞ്ഞു.  സമരം ശക്തമാക്കാന്‍ ആക്ഷന്‍കൗണ്‍സിലും രൂപീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss