|    May 25 Thu, 2017 2:33 pm
FLASH NEWS

ഗൗരവതരം: മുഖ്യമന്ത്രി; തെറ്റുപറ്റിയെന്ന് ഡിജിപി

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലിസ് അതിക്രമം അത്യന്തം ഗൗരവത്തോടെയാണു സര്‍ക്കാര്‍ വീക്ഷിക്കുന്നതെന്നും അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇന്നലത്തെ പ്രശ്‌നത്തില്‍ അഭിഭാഷകര്‍ക്ക് പങ്കില്ല. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരും പോലിസും എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറി.
ഇതു കോടതിയില്‍ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നംകൂടിയാണ്. ഇക്കാര്യത്തില്‍ പോലിസ് തടസ്സം സൃഷ്ടിക്കേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവില്ലാത്ത കോടതിയില്‍ വിലക്കേര്‍പ്പെടുത്തേണ്ടതില്ല. അതില്ലാത്ത കാലത്തോളം കോടതി വാര്‍ത്തകള്‍ ശേഖരിക്കാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പോലിസിന് തെറ്റുപറ്റിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.  എസ്‌ഐയുടെ നടപടി നീതീകരിക്കാനാവില്ല.  ചര്‍ച്ചചെയ്തു പരിഹരിച്ച കാര്യം വീണ്ടും പ്രശ്‌നമാക്കിയതില്‍ ന്യായീകരണമില്ല. ഇത്തരമൊരു സംഭവം ഉണ്ടാവാന്‍ പാടില്ലായിരുന്നു. പോലിസ് അതിക്രമത്തില്‍ ദുഃഖമുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
അതിനിടെ, എസ്‌ഐ വിമോദിന് മൂന്ന് ഗുരുതര വീഴ്ചകള്‍ പറ്റിയെന്നു ചൂണ്ടിക്കാട്ടി എഡിജിപി ആര്‍ ശ്രീലേഖ റിപോര്‍ട്ട് സമര്‍പ്പിച്ചു. കോടതിവളപ്പില്‍ മാധ്യമങ്ങളെ വിലക്കാനോ വാഹനങ്ങള്‍ നിയന്ത്രിക്കാനോ ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കിയിരുന്നില്ല. ജഡ്ജിയോട് എസ്‌ഐ ഇക്കാര്യങ്ങള്‍ അങ്ങോട്ട് പറയുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായാല്‍ മാത്രം മതിയെന്നാണ് ജഡ്ജി നിര്‍ദേശിച്ചത്. എസ്‌ഐ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ വാഹനമെടുക്കാനെത്തിയ സംഘത്തെ സ്‌റ്റേഷനുള്ളിലാക്കി മോശമായി പെരുമാറിയത് തെറ്റാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day