|    Jan 18 Thu, 2018 3:41 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഗ്വണ്ടാനമോ അങ്ങു ക്യൂബയിലല്ല

Published : 1st October 2017 | Posted By: fsq

സംഘപരിവാര നിയന്ത്രണത്തിലുള്ള ചാനല്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. ഇതിനകം കുപ്രസിദ്ധിയാര്‍ജിച്ച തൃപ്പൂണിത്തുറ ഗ്വണ്ടാനമോ തടവറയില്‍ വച്ച് ഒരു ആയുര്‍വേദ ഡോക്ടര്‍ക്ക് നേരിടേണ്ടിവന്ന മൂന്നാഴ്ചക്കാലം നീണ്ടുനിന്ന തുല്യതയില്ലാത്ത പീഡനമായിരുന്നു വിഷയം. അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അനുഭവിച്ച പീഡനങ്ങള്‍ ശ്വേത എന്നു പേരായ ഈ കണ്ണൂര്‍ സ്വദേശിനി ഒരു ചാനല്‍ മുമ്പാകെ വന്നു വിവരിച്ചത് കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചതുപോലെ ഞെട്ടിക്കുന്നതായിരുന്നു. വിവാഹത്തില്‍ നിന്നു പിന്തിരിയാന്‍ കഠിനമായ സമ്മര്‍ദം ചെലുത്തിയെങ്കിലും യുവതി പിന്തിരിയാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍ അവരെ എറണാകുളത്തിനടുത്ത തൃപ്പൂണിത്തുറയില്‍ തടവറയിലേക്കു ബലാല്‍ക്കാരം തള്ളുകയായിരുന്നു. യുവതിയുടെ വിശദീകരണം അനുസരിച്ച്, മാതാപിതാക്കളാല്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നു കണ്ടമാത്രയില്‍ അവര്‍ പിന്തിരിഞ്ഞോടാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, ഗ്വണ്ടാനമോ കിങ്കരന്‍മാര്‍ വിട്ടില്ല. അവര്‍ യുവതിയുടെ കൈകാലുകള്‍ ബന്ധിച്ചു വായില്‍ ശീല തിരുകിക്കയറ്റി പരമാവധി പീഡിപ്പിച്ചുകൊണ്ട് അകത്തേക്കു തള്ളി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് സകലമാന വാതിലുകളും പൂട്ടി സാക്ഷയിട്ടിരിക്കുന്നുവെന്ന സത്യം ബോധ്യമാവുന്നത്. അവിടെ താമസിച്ച ദിവസങ്ങളിലൊക്കെയും പീഡനം നിര്‍ബാധം തുടര്‍ന്നു. ഇതിനിടയില്‍ യുവതിയോട് ശിവശക്തി ആര്‍ഷവിദ്യാപീഠത്തിന്റെ അധിപനായ ഗുരുജി രാംറഹീം മനോജ്ജി എന്ന ആള്‍ദൈവം പറഞ്ഞത്, സത്യക്രിസ്ത്യാനിയായ വരനെ ഒഴിവാക്കുന്നപക്ഷം കുട്ടിക്ക് സുന്ദരമോഹന വരന്‍മാരെ ഏര്‍പ്പാടു ചെയ്തുതരാമെന്നാണ്. ക്രിസ്ത്യന്‍ ഭര്‍ത്താവില്‍ നിന്നു ജനിക്കുന്ന കുട്ടികളെ വളര്‍ത്താന്‍ ശ്വേതയുടെ മാതാപിതാക്കള്‍ ഒരുക്കമായിരുന്നില്ല എന്നതാണത്രേ പ്രശ്‌നത്തിന്റെ കാതല്‍. 21ാം നൂറ്റാണ്ടില്‍ എറണാകുളം എന്ന ആധുനിക നഗരപ്രാന്തത്തില്‍ ഇങ്ങനെയും ഒരു തടവറയോ എന്നാലോചിച്ച് അദ്ഭുതപ്പെടുമ്പോഴാണ് ശ്വേതയുടെ വിവരണം അനുസരിച്ച്, ആതിര എന്ന ഈയിടെ വാര്‍ത്തയില്‍ കത്തിനിന്ന പെണ്‍കുട്ടിയും ഇതേ തടവറയിലെ അന്തേവാസിയായിരുന്നു എന്ന വസ്തുത വെളിച്ചത്തുവരുന്നത്. സ്വാഭീഷ്ടപ്രകാരം ഇസ്‌ലാം ആശ്ലേഷിക്കുകയും അതില്‍ അഭിമാനപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്ത ആതിര എന്ന ആയിഷ എന്തു മാസ്മരികതയുടെ ഫലമായിട്ടാണ് പൂര്‍വമത്തിലേക്കു തിരിച്ചുപോയതെന്ന് ആലോചിച്ചു ഞെട്ടിത്തരിച്ചവര്‍ തെല്ലുകുറച്ചൊന്നുമല്ല കേരളത്തില്‍. ആതിരയുടെ ശിരോവസ്ത്രം രാംറഹീം തടവറയിലെ സബാനിയാക്കള്‍ വലിച്ചുകീറുന്നത് ശ്വേത നേരില്‍ കാണുകയോ പാതിരാവില്‍ പുതപ്പുകൊണ്ട് മൂടി ഡോര്‍മിറ്ററിയില്‍ വച്ച് ശ്വാസത്തേക്കാള്‍ പതിഞ്ഞ സ്വരത്തില്‍ ആതിര പറയുന്നത് കേള്‍ക്കുകയോ ചെയ്തിരിക്കുന്നു. എന്നാല്‍, മുസ്‌ലിം വസതികളില്‍ ജനിച്ച് ഓത്തുപള്ളികളില്‍ മതം പഠിച്ച അനേകായിരം ആയിശാബീവിമാരെക്കാളും ഫാത്തിമാബീഗങ്ങളെക്കാളും ആഴത്തിലും അന്തസ്സിലും ഇസ്‌ലാമിനെ മനസ്സിലാക്കിയ ആതിരയ്ക്ക് എങ്ങനെ തിരിച്ചുനടത്തം സാധ്യമായി എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതിരിക്കുമ്പോഴാണ് ആതിരയെക്കുറിച്ച ശ്വേതയുടെ വെളിപ്പെടുത്തലുകള്‍ ഒരു വെളിപാടായി നമ്മുടെ മുമ്പില്‍ അവതരിക്കപ്പെടുന്നത്. യോഗാകേന്ദ്രത്തിലെ കഠിനമായ പീഡനം സഹിക്കവയ്യാതെ ഇരകള്‍ ആത്മഹത്യക്ക് തയ്യാറായാലോ എന്നു കാലേക്കൂട്ടി മനസ്സിലാക്കി ടോയ്‌ലറ്റുകളുടെ വാതിലിന്റെ കൊളുത്തുകള്‍ എടുത്തുകളഞ്ഞുവെന്ന ശ്വേതയുടെ വിവരണത്തില്‍ നിന്നാണ് ആതിരയ്ക്ക് എങ്ങനെയാണ് തന്റെ വിശ്വാസത്തെ മനസ്സിന്റെ അഗാധഗര്‍ത്തത്തില്‍ കുഴിച്ചുമൂടാനായതെന്ന് മനസ്സിലാവുന്നത്. തമാശ അതല്ല. ശ്വേതയുടെ വെളിപ്പെടുത്തലുകളത്രയും സ്വന്തം നിലയ്ക്ക് എന്തുമാത്രം ശരിയും പ്രസക്തവുമാണെങ്കിലും അവയ്ക്ക് സ്വന്തം മാതാവിന്റെ കീഴൊപ്പ് ഇല്ലാത്തതിനാല്‍ മകള്‍ പറഞ്ഞതത്രയും കല്ലുവച്ച നുണകളാണെന്നാണ് സംഘപരിവാര നിയന്ത്രിത ചാനലിന്റെ വിലയിരുത്തല്‍. ശ്വേത ഒരു ചാനല്‍ മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകള്‍ സംഘപരിവാരത്തെ തീര്‍ത്തും പ്രതിരോധത്തിലാക്കിയപ്പോള്‍ ചാനലിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ഇപ്രകാരമായിരുന്നു: ”താന്‍ കൊടുംപീഡനത്തിന് ഇരയായതായി ശ്വേത പറയുന്നു. എന്നാല്‍, അവരുടെ മാതാവ് അത് തീര്‍ത്തും നിഷേധിക്കുന്നു?” ”ആരുടെ തടിയാണോ കേടായത്, അവര്‍ പറയുന്നതാണ് ശരി” എന്നായിരുന്നു ഇതിന് എന്റെ മറുപടി. ”താന്‍ ഇന്നലെ ക്ലാസില്‍ വരാതിരുന്നത് തനിക്കു വയറുവേദനയാണെന്ന് അമ്മ പറഞ്ഞതിനാലാണ് എന്ന കെജി വിദ്യാര്‍ഥിയുടേതുപോലുള്ള മറുപടി മുതിര്‍ന്ന ഒരു യുവതിയുടെ കാര്യത്തില്‍ എങ്ങനെ ശരിയാകും?” അതിനു ചാനലിലെ ഗുരുജിയുടെ മറുചോദ്യം ”മാതൃത്വത്തെ ബഹുമാനിക്കേണ്ടതല്ലേ” എന്നായിരുന്നു. ചിരിയാണ് വന്നത്. പ്രായപൂര്‍ത്തിയാവുകയും തന്റേടവും വിവേകവും കൈവരിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന്‍മാരുടെ കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടത് അവരുടെ മാതാക്കളാണെങ്കില്‍ ശശികല ടീച്ചറും ശോഭ സുരേന്ദ്രനും തുടങ്ങി മാതാക്കള്‍ ജീവിച്ചിരിക്കുന്ന ആരൊക്കെയുണ്ടോ അവരുടെയൊക്കെയും വാക്കുകള്‍ അസ്വീകാര്യവും പച്ചക്കള്ളവുമാണെന്നുവരും. മറ്റൊരുവിധം പറഞ്ഞാല്‍, നരേന്ദ്ര മോദി ചെയ്യുന്ന ഓരോ നടപടിയും അദ്ദേഹത്തിന്റെ മാതാവ് ശരിവച്ചെങ്കില്‍ മാത്രമേ ശരിയാകൂ. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ പുരോഗതിക്ക് ഉത്തേജകമായിത്തീര്‍ന്നു എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. അഞ്ഞൂറു രൂപയുമായി വടിയും കുത്തി വരിയില്‍ നിന്ന ആ വൃദ്ധമാതാവിന്റെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു, മകന്റെ ഈ നടപടി ഒട്ടും ശരിയായിരുന്നില്ലെന്ന്. സംഘപരിവാരം അകപ്പെട്ട ചിന്താപരമായ ബലഹീനതയുടെ ആഴം വിളിച്ചോതുന്നതാണ് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഓരോ കാല്‍വയ്പും. ഒരു മതമെന്നോ സംസ്‌കാരമെന്നോ വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദുമതത്തിന്റെ സവിശേഷതകളിലൊന്ന് അതിന്റെ ഹൃദയവിശാലതയാണ്. വിവിധ സംസ്‌കാരങ്ങളെ വിശാലമായി ഉള്‍ക്കൊള്ളുകയും വ്യത്യസ്ത വര്‍ണങ്ങളിലും നിറങ്ങളിലുമുള്ള വൈവിധ്യങ്ങളെ ആശ്ലേഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് ഇന്ത്യന്‍ സംസ്‌കാരം നിറച്ചാര്‍ത്തുള്ള മനോഹരമായ വേറിട്ടൊരു അനുഭവമായി തെളിഞ്ഞു തിളങ്ങിനിന്നത്. എപ്പോള്‍ തൊട്ട് അക്രമാസക്ത ഹിന്ദുത്വം ഹൈന്ദവതയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും അതിന്റെ കുതിരപ്പുറത്തു കയറി അധികാരം എത്തിപ്പിടിക്കാന്‍ വ്യഗ്രത കാട്ടുകയും ചെയ്യാന്‍ തുടങ്ങിയോ, അന്നു മുതല്‍ ഹൈന്ദവതയുടെ അപചയവും തുടങ്ങി. ലോകത്തുടനീളം രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങളാല്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ടുവരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തൊട്ടടുത്ത ഉദാഹരണമാണ് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍. അവരോളം പീഡനം അനുഭവിക്കുന്ന ഒരു ജനത ഇന്നു ലോകത്തില്ല. എന്നിട്ടും അവരുടെ വീട്ടിലൊരു വളര്‍ത്തുനായയോ പൂച്ചയോ പോലുമോ സ്വന്തം മതവിശ്വാസ പരിസരത്തുനിന്നു പുറത്തേക്കോടാന്‍ തയ്യാറാവുന്നില്ല. ഇതൊരു അദ്ഭുതമാണ്. എല്ലാം അറിഞ്ഞുതന്നെ അന്യമതത്തില്‍ നിന്നുള്ള സത്യാന്വേഷികള്‍ പ്രതിസന്ധിയുടെ തുരങ്കദൈര്‍ഘ്യം കണ്ട് ഒട്ടും അമ്പരക്കാതെ ഇസ്‌ലാമിലേക്കു വരുന്നു. നാലപ്പാട് തറവാട്ടില്‍ നീര്‍മാതളം പൂത്തുലഞ്ഞു പരിമളം വീശാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ നൈര്‍മല്യം അവസാനമായി ചെന്നു ലയിച്ചത് ഇസ്‌ലാമിന്റെ സൗരഭ്യത്തിലാണ്. ഓരോ വര്‍ഷവും അനേകസഹസ്രം വെള്ളക്കാരികളായ സ്ത്രീകള്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരൊന്നും ഏതെങ്കിലും കാമതീര്‍ഥങ്ങള്‍ അന്വേഷിച്ചു വരുന്നവരല്ല എന്നതിന് എക്കാലത്തെയും ഉദാഹരണമാണ് അഫ്ഗാനില്‍ ഗോത്രപോരാളികളുടെ തടങ്കലില്‍ അകപ്പെട്ട് മോചിതയായപ്പോള്‍ ലണ്ടന്‍ നഗരത്തിലെത്തി തന്റെ ഇസ്‌ലാമാശ്ലേഷം പ്രഖ്യാപിച്ച ഇവോണ്‍ റിഡ്‌ലി. റിഡ്‌ലി, ഫ്രഞ്ച് ചിന്തകനായ റജാ ഗരോദി, പാശ്ചാത്യ സായാഹ്‌നങ്ങളെ സംഗീതം കൊണ്ട് കൈയിലെടുത്ത എംടിവി ആംഗര്‍ ക്രിസ്റ്റ്യന്‍ ബെക്കര്‍, പോപ് സ്റ്റാര്‍ യൂസുഫുല്‍ ഇസ്‌ലാം തൊട്ട് ഇങ്ങ് നമ്മുടെ സ്വന്തം ഇന്ത്യാ രാജ്യത്തെ എ ആര്‍ റഹ്മാനും മലയാളക്കരയിലെ ദലിത് ബുദ്ധിജീവി വി പ്രഭാകരനെന്ന ശംസുദ്ദീന്‍, ഡോ. സത്യനാഥന്‍ എന്ന മുഹമ്മദ് സാദിഖ് മുതലായ കോമയും കുത്തുമില്ലാത്ത സത്യവിശ്വാസികളുടെ ഈ പരമ്പരയ്ക്ക് എന്നെങ്കിലും പൂര്‍ണവിരാമം ഉണ്ടാവുമെന്നു കരുതാനേ സാധ്യമല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day