|    Jan 17 Tue, 2017 4:33 pm
FLASH NEWS

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം; ആയുര്‍വേദ വ്യാപനത്തിന് നേതൃത്വം നല്‍കും 

Published : 3rd February 2016 | Posted By: SMR

കോഴിക്കോട്: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആയുര്‍വേദത്തെ ലോകസമക്ഷം അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ആയുര്‍വേദത്തിന്റെ ഹബ്ബാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. കേരളത്തിന് ആയുര്‍വേദത്തിന്റെ പ്രചാരണകാര്യത്തില്‍ ഇനിയും ഒരുപാട് മുന്നോട്ടുപോവാനുണ്ട്. അതിനുള്ള എല്ലാവിധ സഹായസഹകരണങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാവും. ഇവിടെയെത്തിയ ധാരാളം വിദേശ പ്രതിനിധികളുടെ സാന്നിധ്യം ആയുര്‍വേദത്തിന്റെ വ്യാപനത്തിന് മുതല്‍ക്കൂട്ടാവും- ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിനോടനുബന്ധിച്ച് സ്വപ്‌നനഗരിയില്‍ സംഘടിപ്പിച്ച വിഷന്‍ കോണ്‍ക്ലേവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആയുര്‍വേദം, യോഗ, സിദ്ധ എന്നിവ സമ്മേളിച്ച പരമ്പരാഗത ചികില്‍സാരീതി വേണ്ടത്ര നാം ഉപയോഗപ്പെടുത്തിയിട്ടില്ല. ശാസ്ത്രീയമായ സുതാര്യതയും ഗുണമേന്മയും ഉറപ്പുവരുത്തി ആയുര്‍വേദത്തെ പരിപോഷിപ്പിക്കാനാണ് രാജ്യത്ത് ആദ്യമായി ‘ആയുഷ്’ വകുപ്പിന് തുടക്കമിട്ടത്. പ്രകൃതിദത്തമായ ആയുര്‍വേദത്തെ ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ആയുര്‍വേദത്തിനും യോഗ, സിദ്ധ മുതലായ പാരമ്പര്യ ചികില്‍സാരീതികള്‍ക്കുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളുമുണ്ടാവും. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാവാത്തത് പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ ആയുര്‍വേദരംഗത്തുള്ളവരും സര്‍ക്കാരുകളും പ്രത്യേകം ശ്രദ്ധിക്കണം. ചൈന പോലുള്ള രാജ്യങ്ങള്‍ അവരുടെ പരമ്പരാഗത ചികില്‍സാരീതിയില്‍ നിന്ന് ആരോഗ്യവും സമ്പത്തും കണ്ടെത്തിയവരാണ്. അത്തരം രാജ്യങ്ങളുടെ അനുഭവത്തില്‍നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ ആയുര്‍വേദത്തിന്റെ വളര്‍ച്ച വേഗത്തിലാവും. ഗുണമേന്മയും ശാസ്ത്രീയതയും ടെക്‌നോളജിയും സമന്വയിപ്പിച്ച് ആയുര്‍വേദത്തെ അവതരിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണസംവിധാനം ഒരുക്കേണ്ടതുണ്ട്. കോഴിക്കോട്ട് നടക്കുന്ന മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ മീറ്റ് ഈ രംഗത്ത് കേരളത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയെയും മാറ്റത്തെയുമാണ് കാണിക്കുന്നത്- മോദി പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക്ക് മുഖ്യാതിഥിയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന ദേശീയ ആയുര്‍വേദ ഗവേഷണകേന്ദ്രം കേരളത്തില്‍ സ്ഥാപിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി വി എസ് ശിവകുമാര്‍, എംപി എം കെ രാഘവന്‍, ജി ജി ഗംഗാധരന്‍, ഡോ. മാധവന്‍കുട്ടി സംബന്ധിച്ചു.
ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഗ്ലോബല്‍ ആയുര്‍വദ മീറ്റിനു വേണ്ടി മാത്രമാണ് മോദി കോഴിക്കോട്ടെത്തിയത്. രാവിലെ 11.40ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ ഗവര്‍ണര്‍ സദാശിവവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണും സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക