|    Mar 22 Thu, 2018 3:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ട: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി പുനസ്സംഘടനയുടെ കാര്യത്തില്‍ ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കെപിസിസി പ്രസിഡന്റ് വി എം സുധീരന് നിര്‍ദേശം നല്‍കി. സുധീരനെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ എ, ഐ ഗ്രൂപ്പുകള്‍ സമ്മര്‍ദം ഉയര്‍ത്തുന്നതിനിടെയാണ് രാഹുല്‍-സുധീരന്‍ കൂടിക്കാഴ്ച.
സംസ്ഥാനത്തെ സംഘടനാപ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ചചെയ്യാനെത്തിയ വി എം സുധീരന്‍ മടങ്ങിയെങ്കിലും ഈ മാസം 23ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡ ല്‍ഹിയിലെത്തുന്നുണ്ട്. ഇതോടെ പ്രശ്‌നപരിഹാരം ഹൈക്കമാന്‍ഡിന് എളുപ്പമാവില്ല.
കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ നാലിന് രാഹുല്‍ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേ ര്‍ത്തിരുന്നു. നാലാം തിയ്യതിയിലെ യോഗത്തില്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോവാമെന്നാണ് രാഹുല്‍ഗാന്ധി ഇന്നലെ നിര്‍ദേശിച്ചതെന്നു സുധീരന്‍ വ്യക്തമാക്കി. ഈ തീരുമാനത്തില്‍ നിന്ന് എന്തെങ്കിലും വ്യത്യാസമുള്ളതായി തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുനസ്സംഘടനയുമായി ബന്ധപ്പെട്ട  ചോദ്യങ്ങളോട് പരസ്യ പ്രതികരണത്തിനില്ലെന്ന മറുപടിയാണ് സുധീരന്‍ നല്‍കിയത്. കെഎസ്‌യു തിരഞ്ഞെടുപ്പിന്റെ കാര്യം അവര്‍ തന്നെയാണ് നോക്കേണ്ടത്. മുതിര്‍ന്ന നേതാക്കള്‍ അതില്‍ ഇടപെടുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ മൂന്നു നേതാക്കളും ഒരുമിച്ചു വന്നു രാഹുലിനെ കണ്ടതിനുശേഷം ഇപ്പോള്‍ താന്‍ ഒറ്റയ്ക്കു വന്നു കണ്ടതില്‍ അസ്വാഭാവികതയില്ല.
കേരളത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റത്തിന്റെ പാതയിലാണെന്നും കോണ്‍ഗ്രസ്സിനും പാര്‍ട്ടി നേതൃത്വം നല്‍കിയ ഐക്യജനാധിപത്യ മുന്നണിക്കുമെതിരേ തിരഞ്ഞെടുപ്പുകാലത്ത് എ ല്‍ഡിഎഫ് പറഞ്ഞതൊക്കെ വെറും കള്ളമായിരുന്നുവെന്നതിലേക്കുമാണ് കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമം സംബന്ധിച്ച് മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പിണറായി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭാ തീരുമാനം പോലും നല്‍കാന്‍ ബാധ്യതയില്ലെന്ന രീതിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരളത്തിലെ പോലിസ് സംവിധാനം നിഷ്‌ക്രിയമാണ്. വേണ്ടിടത്ത് പോലിസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, വേണ്ടാത്തിടത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നതാണ് പോലിസ് സമീപനം. സാധാരണക്കാര്‍ക്ക് നീതിലഭിക്കാത്ത അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss