|    Apr 26 Thu, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗ്രീസ്മാന്‍ ഫ്രഞ്ച് സൂപ്പര്‍മാന്‍

Published : 9th July 2016 | Posted By: SMR

മാഴ്‌സെ: ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിലേക്ക് കുതിക്കുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോണി ഗ്രീസ്മാന്‍ സൂപ്പര്‍മാനായപ്പോള്‍ ഫ്രാന്‍സ് യൂറോ കപ്പിന്റെ ഫൈനലിലേക്കു കുതിച്ചു. ലോക ചാംപ്യന്‍മാരായ ജര്‍മനിയെ രണ്ടാം സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാ ന്‍സ് തുരത്തിയ ത്. രണ്ടു ഗോളും അത്‌ലറ്റികോ മാഡ്രിഡ് ഗോളടിവീരന്‍ ഗ്രീസ്മാന്റെ വകയായിരുന്നു. 45, 72 മിനിറ്റുകളിലാണ് ഗ്രീസ്മാന്‍ ആതിഥേര്‍ക്കുവേണ്ടി നിറയൊഴിച്ചത്. നാളെ നടക്കുന്ന ഫൈനലില്‍ പോര്‍ച്ചുഗലാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
2006ലെ ലോകകപ്പ് സെമി ഫൈനല്‍ വിജയത്തിനുശേഷം ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഫ്രാന്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയാണിത്. 1958നുശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ജര്‍മനിയെ ഫ്രാന്‍സ് അടിയറപറയിക്കുന്നത്.
ജര്‍മനി കളിച്ചു; ഫ്രാന്‍സ് ഗോളടിച്ചു
ആദ്യപകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും ജര്‍മനിയായിരുന്നെങ്കില്‍ ഗോള്‍ നേടാനുള്ള ഭാഗ്യം ഫ്രാന്‍സിനായിരുന്നു.
പരിക്കേറ്റ മരിയോ ഗോമസ്, മിഡ്ഫീല്‍ഡര്‍ സമി ഖെദീറ എന്നിവരും സസ്‌പെന്‍ഷനെത്തുടര്‍ന്ന് ഡിഫ ന്റര്‍ മാറ്റ്‌സ് ഹമ്മ ല്‍സുമില്ലാതെയാണ് ജര്‍മനി സെമിയില്‍ കളത്തിലിറങ്ങിയത്. പകരം ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍, എംറെ കാന്‍, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെ ത്തി.
മല്‍സരം തുടങ്ങി ഏഴാം മിനിറ്റില്‍ ഫ്രാന്‍സാണ് ആദ്യ മുന്നേറ്റം നടത്തിയത്. മികച്ച ചില പാസുകള്‍ക്കൊടുവില്‍ പന്തുമായി ബോക്‌സിനുള്ളിലേക്ക് കയറി ഗ്രീസ്മാന്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗോളി മാന്വല്‍ നുയര്‍ ഡൈവ് ചെയ്ത് തട്ടിയകറ്റി. 13ാം മിനിറ്റില്‍ ജര്‍മനിയുടെ ആദ്യ ആക്രമണം. ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മുള്ളര്‍ ഷോട്ട് പായിച്ചെങ്കിലും ഗോളി ഹ്യൂഗോ ലോറിസിനു ഭീഷണിയുയര്‍ത്താതെ കടന്നുപോ യി. തൊട്ടടുത്ത മിനിറ്റില്‍ ജര്‍മന്‍ താരം കാനിന്റെ ബുള്ളറ്റ് ഷോട്ട് ഗോളി തട്ടിയകറ്റുകയായിരുന്നു.
25ാം മിനിറ്റില്‍ ഫ്രഞ്ച് പ്ലേമേക്കര്‍ ദിമിത്രി പയെറ്റിന്റെ 35 വാര അകലെ നിന്നുള്ള ഫ്രീകിക്ക് ജര്‍മന്‍ ഗോളി നുയറുടെ കൈകളിലൊതുങ്ങി. 42ാം മിനിറ്റില്‍ ഫ്രാന്‍സിനു ലീഡ് നേടാനുള്ള സുവര്‍ണാവസരം. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ജര്‍മന്‍ ഡിഫന്റര്‍ ജെറോം ബോട്ടെങിനു പിഴച്ചു. ഒറ്റയ്ക്ക് പന്തുമായി കുതിച്ച സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡ് ബോക്‌സിനുള്ളില്‍ വച്ച് ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മികച്ചൊരു ടാക്ലിങിലൂടെ ജര്‍മന്‍ ഡിഫന്റര്‍ ഹോവെഡെസ് ഇതു ക്ലിയര്‍ ചെയ്തു.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ജര്‍മനിയെ സ്തബ്ധരാക്കി ഫ്രാന്‍സിന് അനുകൂലമായി പെനല്‍റ്റി. ബോക്‌സിനുള്ളിലേക്ക് ഉയര്‍ന്നു വന്ന പന്ത് ഹെഡ്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ജര്‍മന്‍ ക്യാപ്റ്റന്‍ ഷ്വാന്‍സ്റ്റൈഗറുടെ കൈകളില്‍ തട്ടുകയായിരുന്നു. ഗോളി നുയര്‍ക്ക് ഒരു പഴുതും നല്‍കാതെ ഗ്രീസ്മാന്‍ അനായാസം വലകുലുക്കി (1-0).
72ാം മിനിറ്റില്‍ ഫൈനല്‍ ബെര്‍ത്തുറപ്പാക്കി ഫ്രാന്‍സ് വീണ്ടും ലക്ഷ്യംകണ്ടു. ബോക്‌സിനുള്ളില്‍ വച്ച് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ജര്‍മന്‍ താരം കിമ്മിക്കിനു വന്ന പിഴവാണ് ഗോളിനു വഴിവച്ചത്. പന്ത് തട്ടിയെടുത്ത പോള്‍ പോഗ്ബ ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. ഗോളി നുയര്‍ ചാടിയുയര്‍ന്ന് ഇതു തട്ടിയകറ്റിയെങ്കിലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗ്രീസ്മാന്‍ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.
ഈ ഗോളിനുശേഷം ജര്‍മനിയുടെ കടന്നാക്രമണമാണ് കണ്ടത്. സമനില ഗോളിനായി നിരവധി അവസരങ്ങള്‍ അവര്‍ക്കു ലഭിച്ചു. ചിലത് ഗോളി ലോറിസ് വിഫലമാക്കിയപ്പോള്‍ മറ്റുള്ളവ ജര്‍മന്‍ താരങ്ങള്‍ പാഴാക്കുകയായിരുന്നു.
ഗ്രീസ്മാനെ ദെഷാംപ്‌സ് പ്രശംസിച്ചു
മാഴ്‌സെ: ജര്‍മനിക്കെതിരായ സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ ഹീറോയായ അന്റോണിയോ ഗ്രീസ്മാനെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പ്രശംസിച്ചു. തന്റെ കഴിവ് അദ്ദേഹം ലോകത്തിനു മുന്നില്‍ തെളിയിച്ചുകഴിഞ്ഞതായും കോച്ച് ചൂണ്ടിക്കാട്ടി.
”ഗ്രീസ്മാന്‍ മഹാനായ കളിക്കാരനാണ്. ഓ രോ മല്‍സരം കഴിയുന്തോറും കഠിനാധ്വാനം ചെയ്ത് പ്രകടനം മെച്ചപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. ജര്‍മനിക്കെതിരേ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡിനു തൊട്ടുപിറകില്‍ കളിച്ച ഗ്രീസ്മാന്‍ ഇരട്ടഗോളോടെ തന്റെ മികവ് പുറത്തെടുത്തു. മികച്ച വേഗവും സാങ്കേതികത്തികവുമുള്ള താരമാണ് അദ്ദേഹം”- ദെഷാംപ്‌സ് കൂട്ടിച്ചേര്‍ത്തു.
പ്ലാറ്റിനിയുടെ റെക്കോഡ് ഇനിയുമേറെ അകലെ: ഗ്രീസ്മാന്‍
മാഴ്‌സെ: നാട്ടുകാരനായ മുന്‍ ഇതിഹാസ താരം മിഷയേല്‍ പ്ലാറ്റിനിയുടെ റെക്കോഡ് ഇനിയുമേറെ മുന്നിലാണെന്ന് ജര്‍മനിക്കെതിരേ ഫ്രാന്‍സിന്റെ വിജയശില്‍പ്പിയായ അന്റോണിയോ ഗ്രീസ്മാന്‍ പറഞ്ഞു. കളിയില്‍ ഇരട്ടഗോളോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജര്‍മനിക്കെതിരായ ഇരട്ടഗോളോടെ ടൂര്‍ണമെന്റില്‍ ഗ്രീസ്മാന്റെ സമ്പാദ്യം ആറു ഗോളുകളായിരുന്നു. ഒരു യൂറോയില്‍ ഏറ്റവുമധികം ഗോളുകളെന്ന റെക്കോഡ് പ്ലാറ്റിനിയുടെ (ഒമ്പത് ഗോള്‍) പേരിലാണ്.
”ജര്‍മനിക്കെതിരേ സ്‌കോര്‍ ചെയ്യാനായതി ല്‍ സന്തോഷമുണ്ട്. എന്നാല്‍ പ്ലാറ്റിനിയുടെ റെക്കോഡ് മറികടക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും ഒരിക്കല്‍ അദ്ദേഹത്തിനൊപ്പമെത്താനാവുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ പ്രകടനം ടീമിന്റെ ഒത്തൊരുമയുടെ വിജയമാണ്”- ഗ്രീസ്മാന്‍ വിശദമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss