|    Sep 26 Tue, 2017 1:54 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് വിലക്ക്

Published : 25th August 2016 | Posted By: SMR

മക്ക: ഗ്രീന്‍ കാറ്റഗറിയിലെത്തിയ താമസകെട്ടിടത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ഹാജിമാരെ പ്രയാസപ്പെടുത്തി. ഹറം പരിസരമായതിനാല്‍ സിവില്‍ ഡിഫന്‍സും ഹജ്ജ് മന്ത്രാലയ അധികൃതരുമാണ് സുരക്ഷാ കാരണത്താല്‍ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഹാജിമാര്‍ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ഹാജിമാര്‍ക്ക് അവരുടെ മുറികളില്‍ പാകം ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. ഗ്യാസ് ലഭ്യതക്ക് ക്ഷാമം നേരിടുന്നതിനാല്‍ പല കെട്ടിടങ്ങളിലേക്കും പാചകവാതകം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ്‌ലൈനുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ചയാണ് വിലക്കിയതായുള്ള നിര്‍ദേശം കെട്ടിട ഉടമകള്‍ക്ക് ലഭിച്ചത്. പല തീര്‍ത്ഥാടകരും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള നാടന്‍ സാധനസാമഗ്രികള്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്നു.
ഹാജിമാരുടെ പ്രയാസം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിയ ഔദ്യോഗിക വോളന്റിയര്‍മാര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഹജ്ജ് മിഷന്‍ അധികൃതര്‍ വിലക്ക് നീക്കുന്നതിന് അധികൃതരുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍, അസീസിയ്യയിലെ കെട്ടിടങ്ങളില്‍ പാകം ചെയ്യുന്നതിന് വിലക്കില്ല. നാട്ടില്‍ നിന്ന് 40 കിലോയോളം ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നതിനാല്‍ ബാഗേജുകള്‍ നഷ്ടപ്പെടുന്നതും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വികസനത്തിന്റെ ഭാഗമായി പല ഹോട്ടലുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കിയതിനാല്‍ നാമമാത്രമായ ഭക്ഷണശാലകള്‍ മാത്രമേ ജബല്‍ കഅ്ബ ഭാഗത്തുള്ളൂ.
ഇന്തോനീസ്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഭക്ഷണ ദൗര്‍ലഭ്യം പരിഹരിക്കാന്‍ നേരത്തെത്തന്നെ കാറ്ററിങ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷനും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക