|    Aug 21 Mon, 2017 9:33 pm
FLASH NEWS

ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം അവതാളത്തിലായേക്കും

Published : 2nd August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം അവതാളത്തിലാകുമോയെന്ന് ആശങ്ക.ഗതാഗത യോഗ്യമല്ലാതായ 159 റോഡുകളുടെ പുനര്‍നിര്‍മാണത്തിനുള്ള ടെന്‍ഡറുകള്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ഈ മാസം വിളിക്കാനിരിക്കുകയാണ്.ഇതില്‍ 38 റോഡുകളുടെ ടെണ്ടര്‍ നടപടി അടുത്ത ദിവസം നടക്കും. 3.75 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിനിടെ കരാറുകാരുടെ അസോസിയേഷന്‍ ടെന്‍ഡര്‍ ബഹിഷ്‌കരിക്കാനെരുങ്ങുന്നതാണ് ആശങ്കയ്ക്കു കാരണം. കരാര്‍ ജോലിക്കു 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പിലെ കരാറുകാര്‍ ടെന്‍ഡര്‍ ബഹിഷ്‌കരിക്കുന്നത്. മുമ്പ് നാല് ശതമാനം നികുതിയാണ് നല്‍കിയിരുന്നത്. ജിഎസ്ടി നിലവില്‍ വന്നതോടെ നികുതിയടവ് 18 ശതമാനമായി. ഇതു മേഖലയില്‍ വന്‍ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തുമെന്നു കരാറുകാര്‍ ആരോപിക്കുന്നു. പാറത്തോട് പഞ്ചായത്തിന്റെ പരിധിയിലുള്ള 100ഓളം റോഡുകളുടെ നിര്‍മാണ കരാറാണു വിളിക്കാനിരിക്കുന്നത്. ടെന്‍ഡറുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാവുന്ന കരാറുകാര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കാറുകാര്‍ തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് കമ്മിറ്റി വിളിച്ച് റോഡ് പുനര്‍നിര്‍മാണം നടത്തുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ അറിയിച്ചു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എല്‍എസ് ജിഡി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് കെ എ സാജിദ് പറഞ്ഞു. വരും ദിവസങ്ങളില്‍ താലൂക്കിലെ മറ്റു പഞ്ചായത്തുകളിലും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ടെന്‍ഡറുകള്‍ ക്ഷണിക്കും. ഇതും കരാറുകാര്‍ ബഹിഷ്‌കരിക്കുന്നതോടെ ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം താറുമാറാവും. നിലവില്‍ താലൂക്കിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു കിടക്കുകയുമാണ്. ടാറിങ് ഇളകി വലിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ് റോഡുകള്‍. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ നവീകരിച്ച റോഡുകള്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പൊട്ടിപ്പൊളിഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. പുതിയ ടാറിങ് രീതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണിതെന്നാണ് കരാറുകാരുടെ ആരോപണം. എന്നാല്‍ പഴയ കാലത്തും മെച്ചമല്ലാത്തതിനാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക