|    Apr 26 Thu, 2018 6:52 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഗ്രാമസഭകള്‍ 25 പൂര്‍ത്തിയാക്കുമ്പോള്‍

Published : 10th January 2017 | Posted By: fsq

ആസിഫ് കുന്നത്ത്

കേരളത്തിലെ പഞ്ചായത്തുകള്‍ ഇന്ത്യയിലെത്തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്ത്/ നഗരസഭകളാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 2000 മുതല്‍ 10,000ഉം ആന്ധ്ര പോലുള്ളിടത്ത് 800 മുതല്‍ 10,000 വരെയും പോണ്ടിച്ചേരിയില്‍ 300 മുതല്‍ 1500 വരെയുമാണ്. മറ്റു പല സംസ്ഥാനങ്ങളിലും ഇതുപോലെയോ അല്ലെങ്കില്‍ ഇതിനോടടുത്തോ നില്‍ക്കുമ്പോള്‍ കേരളത്തിലെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 10,000 മുതല്‍ 50,000 വരെയാണ്. മറ്റു പല സംസ്ഥാനങ്ങളിലെയും പഞ്ചായത്തിലെ മൊത്തം ജനസംഖ്യക്കു തുല്യമാണ് കേരളത്തിലെ ഒരു വാര്‍ഡിലെ ജനസംഖ്യ. അതുകൊണ്ടുതന്നെ കൂടുതല്‍ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാര വികേന്ദ്രീകരണം അതിന്റെ പൂര്‍ണമായ അര്‍ഥം ഉള്‍ക്കൊണ്ട് നടപ്പാക്കാനും നാം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍വരുത്തേണ്ടതുണ്ട്. നാട്ടിലെ ഓരോ പൗരനെയും സര്‍ക്കാരുമായും പദ്ധതികളുമായും കൂട്ടിയിണക്കി, ജനാധിപത്യത്തിലും വികസന പ്രവര്‍ത്തനങ്ങളിലും നേരിട്ട് പങ്കാളികളാക്കാന്‍ സാധിക്കുക എന്നതായിരിക്കണം ലക്ഷ്യം. ചിലപ്പോഴൊക്കെ നമ്മുടെ  പഞ്ചായത്തുകളില്‍ പോലും ജനാധിപത്യമെന്നത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങിപ്പോവുന്ന അവസ്ഥയും കാണാം. പഞ്ചായത്ത് ഭരണസമിതി ജനങ്ങളില്‍ നിന്നുയര്‍ന്ന് ഒരു പ്രത്യേകമായ ഉയര്‍ന്ന തലത്തില്‍ വിഹരിക്കുന്ന ഒരു ഭരണകൂടമായി മാറുന്ന കാഴ്ചയും അരോചകമാണ്. ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ് പഞ്ചായത്ത്‌രാജ്. മഹാത്മാഗാന്ധിയുടെ സ്വപ്‌നവും അദ്ദേഹത്തിന്റെ വിഭാവനയായിരുന്ന ഗ്രാമസ്വരാജിന്റെയും അതിലൂടെയുള്ള പൂര്‍ണ സ്വരാജ് എന്ന ദര്‍ശനത്തിന്റെയും പൂര്‍ണകായ ബിംബമാണ് പഞ്ചായത്ത്‌രാജ്. ഇന്ത്യയിലെ ഓരോ ഗ്രാമവും സ്വാശ്രയമാവുക എന്നതാണ് അതിന്റെ മുഖ്യലക്ഷ്യം. 1959ലെ ഗാന്ധിജയന്തി ദിനത്തിലാണ് ഇന്ത്യയില്‍ പഞ്ചായത്ത്‌രാജിന് തുടക്കമാവുന്നത്. അന്നു രാജസ്ഥാനിലെ നഗൗരിലാണ് അതിനു തുടക്കമിട്ടത്. മൂന്നു മാസത്തിനകം തന്നെ 1960 ജനുവരി 18നു കേരളത്തിലും പഞ്ചായത്ത്‌രാജ് സംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടു. എറണാകുളത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ പഞ്ചായത്ത്‌രാജ് വ്യവസ്ഥ രാജ്യത്താകെ നിലവില്‍വരുന്നത് 1992ല്‍ നടന്ന ഭരണഘടനാ ഭേദഗതി പ്രകാരമാണ്. ഭരണഘടനാ ഭേദഗതിയിലൂടെ ഗ്രാമസഭാ രൂപീകരണം നിലവില്‍ വന്നതിന്റെ സില്‍വര്‍ ജൂബിലിയിലാണ് 2017ല്‍ നാം. 1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ സമ്മേളനമായ ഗ്രാമസഭകള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നു. ഇവിടങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയെന്നത് നിര്‍ബന്ധമാക്കി. വനിതകള്‍ക്കും പിന്നാക്ക-പട്ടികജാതി വിഭാഗങ്ങള്‍ക്കും സംവരണം നിര്‍ബന്ധമാക്കി. വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളും ഭൂപ്രകൃതിയും ജീവിതശൈലികളും കൊണ്ട് അലംകൃതമായ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത്തരത്തിലൊരു അധികാര വികേന്ദ്രീകരണ സംവിധാനം നടപ്പില്‍ വരുത്തുകയെന്നത് ഏറെ ദുഷ്‌കരമായ കര്‍മമാണെങ്കിലും ഇതു നടപ്പില്‍വരുത്തുന്നതില്‍ വിജയിച്ചുവെന്നത് പ്രശംസനീയമാണ്. കേരളത്തില്‍ ആകെ ബജറ്റിന്റെ 40 ശതമാനം പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം മാറ്റിവയ്ക്കുന്നുവെന്നത്, നാം അധികാര വികേന്ദ്രീകരണത്തിലും പഞ്ചായത്ത്‌രാജ് സംവിധാനത്തിനും എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഇക്കാര്യം മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമാവേണ്ട മാതൃകയാണെന്ന കാര്യത്തില്‍ സംശയമില്ല. അധികാര വികേന്ദ്രീകരണത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം നാടിന്റെ അധികാര പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാര്‍ക്കുകൂടി തൊട്ടറിയാന്‍ പറ്റുന്ന തരത്തില്‍ തന്നെയുള്ള ഒരു പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ്. കേരളത്തില്‍ 1200 പഞ്ചായത്തുകളാണ് ആകെ ഇന്നു നിലവിലുള്ളത്. അതില്‍ 941 ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പറേഷനുകള്‍ എന്നിങ്ങനെയാണ്. വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക് എന്ന തത്ത്വം പ്രയോഗവല്‍ക്കരിക്കുക എന്നതാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാഥമികമായ ലക്ഷ്യം. അതിലൂടെ സമഗ്രവും പരിപൂര്‍ണവുമായ വികസനം ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തത്തോടെയും അവരുടെ ഇച്ഛയ്ക്കനുസരിച്ചും നടപ്പില്‍ വരുത്തുകയും അവിടങ്ങളിലെ വികസന രൂപം അതതു സ്ഥലങ്ങളിലെ ജനങ്ങളുടെത്തന്നെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുഗുണമായി വിന്യസിക്കാനുമുള്ള ഒരു ഭരണരീതിയാണ് പഞ്ചായത്ത്‌രാജ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ശുചിത്വം എന്നിവയ്ക്കാണ് പ്രഥമ പരിഗണന കൊടുക്കുന്നത്. എന്നാല്‍, ഗ്രാമസഭകളുടെ രൂപീകരണം കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അവയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനബുദ്ധിയോടെ തിരിഞ്ഞുനോക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ കാര്യക്ഷമമായില്ല എന്നുതന്നെ പറയേണ്ടിവരും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേക പരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെ വക്താക്കളാവരുത് ഗ്രാമസഭാ തലവന്‍മാര്‍. ജനങ്ങളുടെ ശബ്ദം അതിന്റെ പ്രഭ ചോരാതെ ഭരണകൂടത്തിന്റെ മുന്നിലെത്തിക്കാന്‍ പ്രാപ്തനായ വ്യക്തിയായിരിക്കണം ഗ്രാമസഭാ തലവന്‍. ഗ്രാമസഭാ അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കര്‍മപരിപാടികളും പ്രത്യേകം നിര്‍വചിച്ച് അവരെ അറിയിക്കണമെന്നും ഗ്രാമസഭാ സെക്രട്ടേറിയറ്റുകളുടെ പ്രവര്‍ത്തനരീതി വ്യക്തമാക്കിക്കൊടുക്കണമെന്നുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജാഗ്രത കാണിക്കണം. വികസനപദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമസഭകളുടെ പൂര്‍ണ പങ്കാളിത്തം ഉണ്ടാക്കാനും കാര്‍ഷിക-മാനവിക-സാമൂഹിക മേഖലകളിലുള്ള ഗ്രാമസഭാ സാന്നിധ്യം വര്‍ധിപ്പിക്കാനുമുള്ള നടപടി സ്വീകരിക്കണം. ഗ്രാമസഭകള്‍ സജീവമാക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളില്‍ ഇടപെടാനും മറ്റു സേവനങ്ങള്‍ എളുപ്പമാക്കാനും തന്നെയാണ് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ഗ്രാമകേന്ദ്രങ്ങള്‍ അഥവാ സേവാകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നിര്‍ദേശം നല്‍കിയത്. അന്നത്തെ ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍ അടക്കമുള്ളവരുടെ താല്‍പര്യാനുസരണം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഗ്രാമകേന്ദ്രം അഥവാ സേവാകേന്ദ്രം പദ്ധതിക്കു രൂപം നല്‍കിയത്. എന്നാല്‍, എന്തുകൊണ്ടോ അത് ഫലപ്രാപ്തിയില്‍ ഇതുവരെ എത്തിയില്ല. തദ്ദേശസ്വയംഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജനപങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനുമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു തുടങ്ങാന്‍ തീരുമാനിച്ച ഏറ്റവും മഹത്തായ ഈ ആശയത്തെയാണ് ചില ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും തെറ്റായ നയസമീപനങ്ങളുടെയും തീരുമാനങ്ങളുടെയും കുടുസ്സായ ചിന്താഗതിയുടെയും കാരണത്താല്‍  അട്ടിമറിക്കപ്പെട്ടത്.ഇത് എന്തുകൊണ്ട് നടപ്പില്‍വരുത്താന്‍ സാധിക്കുന്നില്ല? ഇതിനു പിന്നില്‍ ഏതു തരം താല്‍പര്യങ്ങളാണ് പ്രവര്‍ത്തിക്കുന്നത്? ഇവയൊക്കെ പഠനത്തിനും പുനര്‍ചിന്തയ്ക്കും വിധേയമാക്കണം. അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രാപ്തിയില്‍ നടപ്പാക്കാന്‍ ജനപ്രതിനിധി ചെയര്‍മാനായ 25 അംഗ സമിതിയുണ്ടാക്കും. അതില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍, സന്നദ്ധ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തും. ഈ സമിതിയുടെ നേതൃത്വത്തിലാണ് സേവാഗ്രാം ഗ്രാമകേന്ദ്രം തുടങ്ങേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ ഒരു മിനി ഓഫിസായിരിക്കും സേവാഗ്രാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും വിവിധ പദ്ധതികള്‍ എന്നിവയ്‌ക്കൊക്കെ അപേക്ഷിക്കേണ്ടതെങ്ങനെ, മറ്റു സംശയങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദ വിവരങ്ങള്‍ ഇവിടെനിന്ന് അറിയാന്‍ കഴിയും. വീട്ടുകരം അടയ്ക്കാനും സൗകര്യം ഏര്‍പ്പെടുത്തും. എന്തിനും ഏതിനും പഞ്ചായത്ത്/ നഗരസഭാ ഓഫിസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും വാര്‍ഡുകളിലെ പ്രശ്‌നങ്ങള്‍ സേവാഗ്രാമില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ഓരോ വാര്‍ഡിലും സേവാഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിനു മുറിയെടുക്കാന്‍ അതതു പഞ്ചായത്ത്/ നഗരസഭകള്‍ 50,000 രൂപ അനുവദിക്കും. കൂടാതെ 1500 രൂപ പ്രതിമാസം ഓണറേറിയം നല്‍കി താല്‍ക്കാലിക ജീവനക്കാരനെയും നിയമിക്കാം. ഇത്രയേറെ ജനോപകാരപ്രദവും വിപ്ലവകരവുമായ ഒരു സംരംഭമാണ് ഇവിടെ നടപ്പാക്കാന്‍ മടിക്കുന്നതെന്നത് ആശ്ചര്യപ്പെടുത്തുന്നു. ഗ്രാമസഭകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി നടത്തിയതിന്റെ സില്‍വര്‍ ജൂബിലിയായ ഈ വര്‍ഷം തന്നെ സേവാഗ്രാം പദ്ധതി വ്യാപകമാക്കാനുള്ള നടപടിക്രമങ്ങള്‍ പിണറായിയുടെയും കെ ടി ജലീലിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുമെന്നു നമുക്കു പ്രതീക്ഷിക്കാം.                                         ി(സബര്‍മതി ഫൗണ്ടേഷന്‍ സെക്രട്ടറിയാണ് ലേഖകന്‍ )

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss