|    Feb 22 Wed, 2017 5:06 pm
FLASH NEWS

ഗ്രാമങ്ങളുടെ പേരുമാറ്റല്‍; സര്‍ക്കാരിന് ലഭിച്ചത് 30 അപേക്ഷകള്‍

Published : 15th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ഗ്രാമത്തിന്റെ പേര് നാണംകെടുത്തുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 അപേക്ഷകള്‍. ഇതില്‍ 20ലും അനുകൂല തീരുമാനമെടുത്ത സര്‍ക്കാര്‍ ബാക്കി 10 പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനിരിക്കുകയാണ്. കേരളത്തിന് പുറമെ ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണു ഗ്രാമത്തിന്റെ പേരു മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഹരിയാനയിലെ ഗന്ധ ഗ്രാമവാസികളുടേതാണ് കേന്ദ്രത്തിന് അവസാനമായി ലഭിച്ച പരാതി. ഗന്ധയെന്നാല്‍ ഹിന്ദിയില്‍ വൃത്തികെട്ടത് എന്നാണര്‍ഥം. പുറത്തുപറയാന്‍ നാണക്കേടായതോടെ ഗ്രാമവാസികള്‍ ഒന്നടങ്കം നിവേദനം തയ്യാറാക്കി സര്‍ക്കാരിന് നല്‍കുകയായിരുന്നു.
മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ചോരാച്ചിവാദി ഗ്രാമവാസികളായിരുന്നു മറ്റൊരു പരാതിക്കാര്‍. മറാത്തിയില്‍ ചോരാച്ചിവാദിയെന്നാല്‍ കള്ളന്‍മാരുടെ സ്ഥലം എന്നാണര്‍ഥം. 2014ല്‍ ആഭ്യന്തരമന്ത്രാലയം ഇതിന്റെ പേര് ആനന്ദ്പൂര്‍ എന്നാക്കി. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ഒരു സ്ഥലത്തിന്റെ പേര് ബീഫ് എന്നായിരുന്നു. അവിടെ താമസിക്കുന്നവരെല്ലാം മാട്ടിറച്ചി കഴിക്കാത്തവരും. തങ്ങളുടെ മതവിശ്വാസത്തിനു നിരക്കാത്ത പേരാണു ഗ്രാമത്തിനെന്നു ചൂണ്ടിക്കാട്ടി അവര്‍ നല്‍കിയ അപേക്ഷയും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചു. ഗ്രാമത്തിന്റെ പേര് നാരായണ്‍പുരി എന്നാക്കി. സ്ഥലത്തിന്റെ പേര് മാറ്റുകയെന്നത് അത്ര ലളിതമായ നടപടിയല്ല. ആ പേരിന് പ്രദേശത്തെ ചരിത്രവുമായി ബന്ധമുണ്ടെങ്കില്‍ പേരുമാറ്റം വലിയൊരു കടമ്പയാവുകയും ചെയ്യും.
പേര് മാറ്റണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരിക്കണം. തുടര്‍ന്ന് സര്‍വേ ഓഫ് ഇന്ത്യ, പോസ്റ്റല്‍, റെയില്‍വേ എന്നീ വകുപ്പുകളുടെ അനുമതി തേടും. ഇവരുടെയെല്ലാം അനുമതി നേടിയാല്‍ മാത്രമേ പേരുമാറ്റം സാധ്യമാവൂ. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ വീടു സ്ഥിതി ചെയ്യുന്ന ജില്ലയായ ബട്ടിണ്ടയിലെ കോട്‌ലി കുര്‍ദ് ഗ്രാമത്തിന്റെ പേര് മാറ്റി പ്രേം കോട്‌ലി എന്നാക്കി മാറ്റണമെന്നായിരുന്നു ഗ്രാമവാസികളുടെ ആവശ്യം. ഇവിടെ ഒരു സന്ന്യാസി ജീവിക്കുകയും അദ്ദേഹം സ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തിരുന്നുവെന്നതിന്റെ ഓര്‍മയ്ക്കായിരുന്നു അത്. ഇക്കാര്യം പഞ്ചായത്ത് പാസാക്കുകയും സംസ്ഥാനസര്‍ക്കാര്‍ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആറു മാസത്തിലധികമായിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
രാജസ്ഥാന്‍ ബുണ്ടി ജില്ലയിലെ ധാന്‍പുരയുടെ പേര് ബാബാകി മണ്ഡി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന ഒരു സന്ന്യാസിയുടെ ഓര്‍മയ്ക്കായാണിത്. രാജസ്ഥാനിലെ തന്നെ അജ്മീര്‍ ജില്ലയിലെ ഹിമ്മാത്തരുപ്പരല്‍ എന്ന ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവും നിലവിലുണ്ട്. ഹിമ്മാത്ത് എന്ന അധ്യാപിക തന്റെ സ്വാധീനം ഉപയോഗിച്ച് തന്റെ പേര് ഗ്രാമത്തിനിടുകയായിരുന്നുവെന്നും അത് ശാംഗര്‍ എന്നാക്കണമെന്നുമാണ് ഗ്രാമീണരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 414 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക