|    Oct 22 Sun, 2017 8:31 am
Home   >  Todays Paper  >  Page 4  >  

ഗ്രാമങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ നിര്‍മിക്കും: മന്ത്രി ബാലന്‍

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാമപ്രദേശങ്ങളില്‍ സാംസ്‌കാരികവകുപ്പ് 100 സിനിമാ തിയേറ്ററുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. ഈ പദ്ധതി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളെയും ഇതില്‍ സഹകരിപ്പിക്കും.
എന്നാല്‍, പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഓരോ ജില്ലയിലും അന്തരിച്ച പ്രമുഖരുടെ പേരില്‍ സാംസ്‌കാരികസമുച്ചയം പണിയുന്നതിന് ബജറ്റില്‍ തുക നേരത്തെ വകയിരുത്തിയിട്ടുണ്ട്.
ഓരോന്നും 40 കോടി രൂപ വീതം ചെലവഴിച്ചായിരിക്കും നിര്‍മിക്കുക. ഇവയില്‍ നാടകശാല, സിനിമാശാല, സംഗീതശാല, ആര്‍ട്ട് ഗാലറി, പുസ്തകശാല, തിയേറ്റര്‍ സൗകര്യം, കലാകാരന്‍മാര്‍ക്ക് ഹ്രസ്വകാല താമസത്തിനുള്ള സൗകര്യം എന്നിവയുണ്ടാവും. ഇതിന് ഈ വര്‍ഷം 100 കോടി രൂപ കിഫ്ബി ലഭ്യമാക്കും. രണ്ടുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കും.
ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനത്തിന്റെ 100ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരികവകുപ്പ് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ഈ സന്ദേശം 15 ലക്ഷം ജനങ്ങളിലെങ്കിലുമെത്തിക്കുകയാണു ലക്ഷ്യം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 21നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
എല്ലാ ജില്ലകളിലും 200 പേരെങ്കിലും പങ്കെടുക്കുന്ന കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. എല്ലാ ലൈബ്രറികളുടെയും മുന്‍കൈയില്‍ പ്രാദേശികതലത്തിലും കുടുംബസംഗമങ്ങള്‍ നടത്തും. ഇതിന് എല്ലാ ജില്ലകളിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക