|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗ്രാനൈറ്റ് കയറ്റിയ ലോറികള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് റെയ്ഡ്

Published : 25th November 2018 | Posted By: kasim kzm

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നു വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് നികുതിയടയ്ക്കാതെ കേരളത്തിലേക്കു ഗ്രാനൈറ്റ് കടത്തുന്ന ലോറികള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി.
വിജിലന്‍സ് ഡയറക്ടര്‍ ബിഎസ് മുഹമ്മദ് യാസീന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. കഴിഞ്ഞദിവസം രാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെയാണു സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍പ്പരിശോധന നടത്തിയത്. നഞ്ചന്‍കോടു നിന്ന് കയറ്റുന്ന ഗ്രാനൈറ്റ് ലോഡിന് മൂന്ന് ശതമാനം നികുതി കൊടുത്താല്‍ ബാംഗ്ലൂരിനടുത്ത് മകിടിയിലുള്ള നികുതിയടച്ച ബില്ല് ലോറിക്കാര്‍ക്കു ലഭിക്കും. എന്നാല്‍ മരിച്ചയാളുടെ പേരിലുള്ള ടിഐഎന്‍ ഉപയോഗിച്ച ബില്ലാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതോടൊപ്പം വ്യാജ ഇ-വേ ബില്ലും ഉപയോഗിച്ച് ഗ്രാനൈറ്റ് കടത്തുന്നു. ചൈന ബില്ല്എന്നറിയപ്പെടുന്ന ഇത്തരം വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ഗ്രാനൈറ്റ് കടത്തുന്നത് വഴി കേരളത്തിനു ദിവസേന നികുതിയിനത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്.
സംസ്ഥാന വ്യാപകമായി 30 ടീമായി തിരിഞ്ഞാണ് വിജിലന്‍സ് മിന്നല്‍പ്പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി വാഹനങ്ങളുടെ ഇ-വേ ബില്ല് സെയില്‍ ടാക്‌സ് വിഭാഗം പരിശോധിച്ച് അനുമതി നല്‍കിയിട്ടിെല്ലന്നു കണ്ടെത്തി.
ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ബില്ല് ഇല്ലാതെയും നികുതി അടയ്ക്കാതെയും അമിതഭാരം കയറ്റിയും വന്ന തടി കയറ്റിയ വാഹനവും അലമാരയുള്‍പ്പെടെ കയറ്റി വന്ന വാഹനവും പിടികൂടി. കൂടാതെ പാലക്കാട് നടത്തിയ പരിശോധനയില്‍ ഇ-വേ ബില്ലില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ ഗ്രാനൈറ്റ് കടത്തിക്കൊണ്ടു വന്നതായും വിജിലന്‍സ് കണ്ടെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss