|    Nov 21 Tue, 2017 1:38 pm
FLASH NEWS

ഗ്യാസ് പൈപ്പ് ലൈന്‍ : ഭൂമി നിരപ്പാക്കല്‍ പ്രവൃത്തി തുടങ്ങി

Published : 4th August 2017 | Posted By: fsq

 

കണ്ണൂര്‍: ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു. കൂറുമാത്തൂര്‍ വില്ലേജിലാണ് ഭൂമിനിരത്തല്‍ ജോലി ആരംഭിച്ചത്. കൂറുമാത്തൂരിലെ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നുപോവുന്ന രണ്ടു കിലോമീറ്റര്‍ പരിധിയിലെ ഭൂഉടമകള്‍ക്ക് 66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവിടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 10 മീറ്റര്‍ വീതിയില്‍ 83 കിലോമീറ്റര്‍ വീതം 166 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പ് ലൈന്‍ കടന്നുപോവുന്നത്. അതേസമയം ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും വിവാദത്തിനു പിന്നില്‍ ചില ലോബികളുടെ താല്‍പര്യമുണ്ടാവാമെന്നും ഗെയില്‍ കമ്പനി കണ്‍സ്ട്രക്്ഷന്‍ ചീഫ് മാനേജര്‍ എന്‍ എസ് പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്കും സ്വത്തിനും പൂര്‍ണ സുരക്ഷ ഉറപ്പാക്കിയാണ് പൈപ്പിടുന്നത്. വളരെ ആധുനിക സംവിധാനങ്ങളോടെയാണ് പൈപ്പുകളും ഫിറ്റിങ് സംവിധാനങ്ങളും ഉപയോഗിക്കുന്നത്. കൂടാതെ പൈപ്പ് ലൈന്‍ കടന്നുപോവുന്ന സ്ഥലം ഒരിക്കലും ഉടമകള്‍ക്ക് നഷ്ടപ്പെടുന്നില്ല. താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് സ്ഥലം അക്വയര്‍ ചെയ്യുന്നത്. നാല് അടി വരെ ആഴത്തിലാണ് പൈപ്പിടുന്നത്. അതിനുമുകളില്‍ കൃഷിയും താല്‍ക്കാലിക പ്രവര്‍ത്തനങ്ങളും നടത്താം. എന്നാല്‍ വലിയ കെട്ടിടങ്ങള്‍ പോലുള്ള സ്ഥിരം പദ്ധതികള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്ട്രക്്ഷന്‍ ഡെപ്യൂട്ടി മാനേജര്‍ പി ഡി അനില്‍കുമാര്‍, ലോ മാനേജര്‍ ഷണ്‍മുഖ ടി പിള്ള, പിആര്‍ഒ രേവതി എസ് വര്‍മ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക