|    Jul 25 Tue, 2017 6:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോ സംരക്ഷണ സമിതികളെ നിരോധിക്കണം

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോ സംരക്ഷണ സമിതികള്‍ യഥാര്‍ഥത്തില്‍ ദലിത് പീഡകരാണെന്നും അവരെ നിരോധിക്കണമെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി എന്‍ പുനിയ.
ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ ഒരു ഗുണ്ടാ സംഘമാണ്, പശു സംരക്ഷകരല്ല. ദലിതുകളുടെ ഘാതകരാണ്. അതിനാല്‍, ഈ സമിതികളെ നിരോധിക്കണം. ഹിന്ദുത്വരുടെ പേരില്‍ അവര്‍ എല്ലാവിധ ഗുണ്ടായിസവും നടത്തുകയാണ്. ഉനയില്‍ പോലിസ് നിഷ്‌ക്രിയമായിരുന്നു-അദ്ദേഹം പറഞ്ഞു.
ചത്ത മൃഗങ്ങളുടെ തൊലിയുരിഞ്ഞ് വില്‍പന നടത്തി ജീവിക്കുന്ന ലക്ഷക്കണക്കിന് ദലിതുകളുണ്ട്. ഒരുവശത്ത് മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, തൊഴില്‍ദാന പദ്ധതികളില്‍ അവരെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് അവരുടെ തൊഴില്‍ ഇല്ലാതാക്കുകയാണ്. പശുക്കളെ മുസ്‌ലിംകളാണ് കൊല്ലുന്നതെന്നാണ് ഹിന്ദുത്വര്‍ നേരത്തേ ആരോപിച്ചിരുന്നത്. മാട്ടിറച്ചി കണ്ടെത്തിയതിന്റെ പേരില്‍ ഇവര്‍ മുസ്‌ലിംകളെ കൊല്ലുകയാണ്. ഇവിടെ ഇപ്പോള്‍ ചത്ത പശുക്കളെ തൊടാന്‍ പോലും അനുവദിക്കുന്നില്ല-പുനിയ ആരോപിച്ചു.
ഗുജറാത്തില്‍ ദലിതുകള്‍ക്കെതിരായ ആക്രമണക്കേസുകളില്‍ ശിക്ഷിക്കുന്നത് താരതമ്യേന കുറവാണ്. ആക്രമണത്തിനെതിരേ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും 2.9 ശതമാനം പേരെ മാത്രമാണ് ശിക്ഷിക്കുന്നത്.
ദേശീയ തലത്തില്‍ ശാശരി 22 ശതമാനം പേരെ ശിക്ഷിക്കുമ്പോഴാണിത്. ഇപ്പോള്‍ ഗുജറാത്തിലെ ദലിതുകളുടെ സ്ഥിതി ചത്ത മൃഗങ്ങളുടേതിനേക്കാള്‍ മോശമാണ്. മൃഗങ്ങളുടെ രക്ഷയ്ക്ക് ദലിതുകളെയാണ് തൊലിയുരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗുജറാത്തില്‍ ദലിതുകളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം ഗോരക്ഷാ സമിതികളുടെ ക്രൂരതകളെ അദ്ദേഹം പിന്തുണയ്ക്കുന്നതിനു തെളിവാണെന്ന് സിപിഎം നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു.
ചത്ത പശുവിന്റെ തോലുരിച്ചതിനു മര്‍ദ്ദിക്കപ്പെട്ട ഗിര്‍സോമനാഥ് ജില്ലയിലെ ദലിതുകളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ അവര്‍ രാജ്‌കോട്ട് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഗോരക്ഷാ സമിതിക്കാരുടെ ദ്രോഹ നടപടികളെതുടര്‍ന്ന് ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ആത്മഹത്യക്കു ശ്രമിച്ചു.
എന്നാല്‍, സംഭവം ദേശീയശ്രദ്ധ നേടിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണ്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയല്ലെന്നും പീഡിപ്പിക്കപ്പെട്ടവരെ സമാശ്വസിപ്പിക്കാനാണ് വന്നതെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക