|    Jun 22 Fri, 2018 1:38 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഗോ നയതന്ത്രത്തിന്റെ പിന്നാമ്പുറം

Published : 23rd July 2016 | Posted By: SMR

slug-nattukaryamഒരു ഗുജറാത്തി ബ്രാഹ്മണന്‍ കേരളം കാണാന്‍ വന്ന പഴയൊരു കഥയുണ്ട്. കഥയിലെ അശ്ലീലം ഒഴിവാക്കി സാരാംശം പറയാം. ബ്രാഹ്മണന്‍ ഡ്രൈവര്‍ കം ഗൈഡുള്ള കാര്‍ വാടകയ്‌ക്കെടുത്തു. കുറേ സഞ്ചരിച്ചപ്പോള്‍ ഗൈഡായ ഡ്രൈവര്‍ പറഞ്ഞു: ”അതാ ആ കാണുന്നത് ഒരു പശുവാകുന്നു.” ബ്രാഹ്മണന്‍ ചൂടായി:
”അതു പശുവല്ല, ഗോമാതാവാണ്. എന്റെ അമ്മ.”
ബ്രാഹ്മണന്‍ ഇറങ്ങിപ്പോവുമെന്നു ഭയന്ന ഡ്രൈവര്‍ തലകുലുക്കി സമ്മതിച്ചു: ”ശരിയാണ്. അതു ഗോമാതാവ് തന്നെ. അങ്ങയുടെ അമ്മയ്ക്ക് എന്തൊരു ഐശ്വര്യം!”
ബ്രാഹ്മണന്‍ സന്തുഷ്ടനായി. ഡ്രൈവര്‍ ബഹുകേമന്‍ തന്നെ. ബ്രാഹ്മണനെയും വഹിച്ച് കാര്‍ കുറേദൂരം ഓടി. അപ്പോള്‍ വഴിയോരത്ത് ഒരു കാള പ്രത്യക്ഷമായി. ഉടനെ ഡ്രൈവര്‍ വിനീതനായി പറഞ്ഞു:
”അതാ ഒരു കാള. അങ്ങയുടെ അച്ഛന് എന്തൊരു ഐശ്വര്യം!”
രോഷംപൂണ്ട് മിണ്ടാട്ടമില്ലാതായിപ്പോയ ബ്രാഹ്മണന്‍ ഒരക്ഷരം ഉരിയാടാതെ ടാക്‌സിക്കൂലി നല്‍കി ഗുജറാത്തിലേക്കു വച്ചടിച്ചു എന്നാണു കഥ.
തിരഞ്ഞെടുപ്പ് വന്നണയുമ്പോള്‍ പശു രൗദ്രഭാവമണിയുന്നത് സമീപകാല പ്രവണതയാണ്. മോദി തമ്പ്രാന്‍ ഇന്ദ്രപ്രസ്ഥം പിടിച്ചശേഷം ഗോമാതാവ് ശാന്തത പാടെ കൈവെടിഞ്ഞ മട്ടാണ്. ഇങ്ങനെ രൗദ്രതപൂണ്ട ഒരു ഗോമാതാവിനെ ചില ദലിതുകള്‍ കൊന്നുതിന്നാന്‍ പോവുന്നുവെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പശുസംരക്ഷണവാദികള്‍ ഗുജറാത്തിലെ ഉന എന്ന സ്ഥലത്തെത്തിയത്.
അപ്പോള്‍ ഗോമാതാവിന്റെ തോലുരിയുകയായിരുന്നു ദലിത് പരിവാരം. കരുണാമയനായ ഒരു പശുസംരക്ഷകന്‍ ചോദിച്ചു: ”ആ പാവം മിണ്ടാപ്രാണി നിങ്ങളോട് എന്തുചെയ്തു? ഈ ദ്രോഹം ബ്രാഹ്മണര്‍ പൊറുക്കുമെന്നു കരുതുന്നുണ്ടോ?”
”ഞങ്ങളൊന്നും ചെയ്തിട്ടില്ല. ചത്ത പശുവിന്റെ തോലുരിയുന്നത് ഞങ്ങളുടെ തൊഴിലാണ്.”
അതുകേട്ടപ്പോള്‍ ദലിതുകളെ വെറുതെ തെറ്റിദ്ധരിച്ചതില്‍ മനംനൊന്ത ഗോസംരക്ഷണക്കാര്‍ പശ്ചാത്താപംകൊണ്ട് പൊട്ടിക്കരഞ്ഞു. ദലിതുകളുടെ കാലില്‍ വീണ് പൊറുക്കേണമേ എന്നു യാചിക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങള്‍ ദലിതുകളെ, ഗോസംരക്ഷണക്കാര്‍ മൃഗീയമായി മര്‍ദ്ദിച്ചെന്ന കഥയുണ്ടാക്കി. വ്യാജ വീഡിയോ നിര്‍മിച്ച് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു. ബ്രാഹ്മണശാപം എന്തെന്ന് അടുത്ത ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു മനസ്സിലാക്കേണ്ടിവരും.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും. ഇരുമ്പുവടികൊണ്ട് മര്‍ദ്ദനമേറ്റവര്‍ ആശുപത്രിയില്‍ കഴിയുന്നത് കണ്ടില്ലേ എന്ന്. ശരീരത്തില്‍ സ്വയം മര്‍ദ്ദനമേല്‍പിച്ച് ഡോക്ടര്‍മാര്‍ക്ക് പണിയുണ്ടാക്കുന്നവരോട് എന്തുപറയാന്‍. അങ്ങ് തെക്ക് ടി പി ചന്ദ്രശേഖരന്‍ എന്നൊരാള്‍ സ്വയം വെട്ടിമരിച്ച കഥയാണ് ഓര്‍മവരുന്നത്. ആ തെക്കന്‍ വീരഗാഥയുടെ ചുവടുപിടിച്ച് വടക്ക് ബ്രാഹ്മണവിരുദ്ധ വികാരമുണര്‍ത്താനാണ് അഴിമതി കോണ്‍ഗ്രസ്സിന്റെ ശ്രമം. രാഹുലന്‍ ചെക്കന്റെ പരാക്രമമാണു ശ്രദ്ധേയം.
സ്വയം മര്‍ദ്ദിച്ചു പരിക്കേല്‍പിച്ച ദലിതുകളുടെ വീട്ടില്‍നിന്ന് ചങ്ങായ് ചായ കുടിച്ചത്രെ. ദലിതുകള്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ വേണ്ടി പെരിയ സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ കൂര്‍ക്കംവലിച്ചുറങ്ങിയ ചെക്കന്റെ റോള് കൊള്ളാം.
ഉത്തര്‍പ്രദേശിലെ മ്മളെ ദയാശങ്കരന്‍ മായാമ്മ എന്ന ബഹന്‍ജിക്കെതിരേ കുതിരകയറി എന്നാണ് വേറൊരു ദലിത് വിരുദ്ധ പരാതി. ശുദ്ധഭോഷ്‌ക് എന്നല്ലാതെ ഇതിനെന്തു പറയാന്‍. മായാമ്മ വേശ്യയെക്കാള്‍ മോശം എന്നു ദയാശങ്കരന്‍ പറഞ്ഞത്രെ. ദയവില്ലാത്തവനല്ല ശങ്കരന്‍, മഹാദയാശാലി. പേരുകേട്ടാല്‍ മനസ്സിലാക്കിക്കൂടെ. മായാമ്മ വിശുദ്ധയേക്കാള്‍ കേമി എന്നാണ് ശങ്കരശാസ്ത്രികള്‍ പറഞ്ഞത്.
ഗോസംരക്ഷണ മുഖ്യന്‍ ഇപ്രകാരം ചിന്തിച്ചുകൊണ്ടിരിക്കെ ആര്യബ്രാഹ്മണകക്ഷിയുടെ നേതാവ് മുഖം കാണിക്കാനെത്തി. മുഖ്യന്‍ ചോദിച്ചു: ”എങ്ങനെയുണ്ട് പശുവാദ നയതന്ത്രം?”
”ഗുജറാത്തിലെ സൗരാഷ്ട്ര കുത്തകയാണ്. ദലിതുകള്‍ ഇനി ഗോക്കളെ തൊടില്ല. അതിനര്‍ഥം ചത്ത ഗോക്കളെ കുഴിച്ചിടാന്‍ ബ്രാഹ്മണര്‍ വേണ്ടിവരുമെന്നാണ്. മാത്രമല്ല, മ്മളെ നിയോജകമണ്ഡലം രാഹുലന്‍ ചെക്കനും അഹമ്മതിക്കാരന്‍ കെജ്‌രിവാളനും പങ്കിട്ടെടുക്കുകയാണത്രെ.”
”ഉത്തരദേശത്തെ സ്ഥിതിയെന്താണ്?”
”ദയാശങ്കരനെ കാണാനില്ല. കാറ്റ് മായാമ്മയ്ക്കനുകൂലമായി വീശുകയാണ്. ഡ്രൈവിങ് സീറ്റ് ആയമ്മയുടെ കൈയിലേക്ക് വഴുതുകയാണെന്നാണ് നാഗ്പൂരിലെ ഏമാന്മാരുടെ കവിടിയില്‍ തെളിയുന്നത്.”
”എന്നാല്‍ മ്മക്ക് ആയമ്മേന്റെ ആനപ്പാര്‍ട്ടിയില്‍ ചേര്‍ന്നാലോ?”
”അതു വേണ്ടിവരുമെന്നാണ് കാവിയും കുറുവടിയും ധരിച്ച ജ്യോതിഷികളും പറയുന്നത്.”

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss