|    Nov 21 Wed, 2018 9:30 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഗോസംരക്ഷണത്തിലെ കച്ചവടം

Published : 27th August 2016 | Posted By: SMR

narendra modi pm

ഇ ജെ ദേവസ്യ

ഗോരക്ഷകര്‍ സാമൂഹികവിരുദ്ധരാണെന്നു പ്രസ്താവിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അതില്‍ തൃപ്തി പോരാഞ്ഞ് രണ്ട് ആഹ്വാനങ്ങള്‍ കൂടി നടത്തിയിരിക്കുന്നു. അതിലൊന്ന് ‘ദലിത് സഹോദരന്മാരെ വിട്ട് എന്നെ ആക്രമിക്കൂ’ എന്ന് ഗോരക്ഷകരോടുള്ളതാണ്. ‘പകല്‍ ഗോസംരക്ഷണവും രാത്രിയില്‍ അനധികൃത പ്രവൃത്തികളിലും ഏര്‍പ്പെടുന്ന, പശുവിന്റെ പേരില്‍ കച്ചവടം നടത്തുന്ന ഗോസംരക്ഷകരെ സംസ്ഥാനങ്ങള്‍ ശിക്ഷിക്കണം’ എന്നതാണ് രണ്ടാമത്തേത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടനടി കര്‍മനിരതമായി. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും കത്തയച്ചു. പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് കത്തിലെ നിര്‍ദേശം.
പ്രധാനമന്ത്രിയുടെ നിലപാടിനെ ആര്‍എസ്എസ് എതിര്‍ക്കുമെന്നു കരുതിയവര്‍ക്കു തെറ്റി. ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പ്രധാനമന്ത്രിയുടെ നിലപാടിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഒടുവില്‍ മോദി പറഞ്ഞതും ആര്‍എസ്എസ് പിന്തുണച്ചതും ഒരു ‘യാഥാര്‍ഥ്യ’മാണെന്നു ബോധ്യപ്പെടുത്താന്‍ വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയക്ക് രംഗത്തുവരേണ്ടിവന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന ഹിന്ദുക്കളെ അപമാനിച്ചു എന്നു പറഞ്ഞ തൊഗാഡിയ, പ്രസ്താവന പിന്‍വലിക്കണമെന്നും ഇതുസംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് എവിടെയെങ്കിലും ഗോരക്ഷകരില്‍ ആരെങ്കിലും പീഡിപ്പിക്കപ്പെട്ടാല്‍ തന്നെ സമീപിച്ചാല്‍ മതിയെന്നും നിയമപരിരക്ഷ ഉറപ്പുനല്‍കുമെന്നുമാണ് തൊഗാഡിയയുടെ വാഗ്ദാനം.
കഴിഞ്ഞ 70 വര്‍ഷത്തിനിടയ്ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിയ പല രാഷ്ട്രീയനാടകങ്ങളിലെയും നായകന്മാരെയും വില്ലന്മാരെയും പിന്നിലാക്കിക്കളഞ്ഞ മോദിയുടെയും തൊഗാഡിയയുടെയും ഈ പ്രകടനത്തില്‍ വിശാല ഇന്ത്യയെന്ന പ്രേക്ഷകസമൂഹത്തില്‍ ആരൊക്കെ മോദിക്കൊപ്പം പോവും, ആരൊക്കെ തൊഗാഡിയക്കൊപ്പം നില്‍ക്കും? ദലിത് മുന്നേറ്റങ്ങളും ദലിത്-ന്യൂനപക്ഷ ഐക്യപ്പെടലുകളും ബദല്‍ ഇടതു മൂവ്‌മെന്റുകളും രാജ്യത്ത് ശക്തിപ്പെട്ടുവരുമ്പോള്‍ സംഭവിക്കാന്‍ പോവുന്ന രാഷ്ട്രീയ ഉരുള്‍പ്പൊട്ടലുകളുടെ ആഘാതം ആര്‍എസ്എസിനും മോദിക്കും ഊഹിക്കാവുന്നതേയുള്ളൂ.
ഗുജറാത്തിലെ ദലിത് പീഡനത്തിന്റെ പേരില്‍ വെറും 31 ഗോരക്ഷകരെ കസ്റ്റഡിയില്‍ വച്ചതുകൊണ്ടു മാത്രം ശാന്തമാക്കാന്‍ കഴിയുന്നതാണ് അടുത്തുകൊണ്ടിരിക്കുന്ന പൊളിറ്റിക്കല്‍ സുനാമിയെന്നു തെറ്റിദ്ധരിക്കാന്‍ മാത്രം വിഡ്ഢിയല്ല നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിലെ വിഷയം മാത്രമല്ലിത്. ഇന്ത്യയ്ക്കകത്തും പുറത്തും സ്വയം ഊതിവീര്‍പ്പിച്ചുകാണിച്ച ഒരു രാഷ്ട്രീയനേതൃത്വ ബലൂണിന്റെ കാറ്റു പോവുന്ന കേസാണ്. അതേസമയം, സവര്‍ണ ഹിന്ദുക്കളെ വിട്ടുകളിക്കുന്നത് ആത്മഹത്യാപരമാവുമെന്നതിനാല്‍ തൊഗാഡിയയെ അരങ്ങത്തേക്കു വിടേണ്ടിയും വന്നിരിക്കുന്നു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 2011ലാണ് 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഗോരക്ഷക അവതാരത്തിനു കോമ്പല്ലും നഖങ്ങളും നല്‍കി പൊതുനിരത്തില്‍ ഇറക്കിവിട്ടത്. നിയമഭേദഗതിയിലൂടെ ഇറച്ചിവെട്ട് മാത്രമല്ല, ഗുജറാത്തിന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ തരം കാലിക്കടത്തുകളും ‘അറിയേണ്ടവര്‍’ അറിയാതെയാണെങ്കില്‍ ഗോഹത്യയുടെ പേരു ചാര്‍ത്തി നിരോധിച്ചു. ബീഫ് കൊണ്ടുവരുന്നതും സംഭരിക്കുന്നതും കൊണ്ടുപോവുന്നതും വില്‍ക്കുന്നതും സംസ്ഥാനത്ത് നിരോധിച്ചപ്പോള്‍ അനധികൃതമെന്നു നിയോഗിക്കപ്പെട്ടവര്‍ക്കു തോന്നിയ സംഭവങ്ങളെല്ലാം ബീഫ് കടത്തായി. നിയമഭേദഗതിയിലൂടെ വരുത്തിയ തിട്ടൂരം ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും കാലിക്കടത്തു വാഹനം കണ്ടുകെട്ടലും ശിക്ഷയായി നിലവില്‍വന്നു.
ഇന്നു കുപ്പിയില്‍ തിരിച്ചുകയറാന്‍ കഴിയാത്തവിധം ഗോരക്ഷകന്‍ എന്ന ഭൂതം വളര്‍ന്നു വലുതായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി ആര്‍എസ്എസും നരേന്ദ്ര മോദിയുമില്ലാതെ മറ്റാരുമല്ല.
എന്താണ് ഈ ഗോരക്ഷകരുടെ യഥാര്‍ഥ ചിത്രം? പതിറ്റാണ്ടുകളായി ഗുജറാത്ത് സര്‍ക്കാര്‍ പണവും പാരിതോഷികങ്ങളും പദവികളും നല്‍കി പശുവിനൊപ്പമോ അതിലുപരിയോ തീറ്റിപ്പോറ്റുന്ന സമാന്തര ഗുണ്ടാപോലിസാണ് അത്. അതുമല്ലെങ്കില്‍ വര്‍ഗീയ ഫാഷിസത്തിന്റെ ദുര്‍മേദസ്സില്‍ കടിച്ചുതൂങ്ങി വളര്‍ന്നു വീര്‍ത്തുവരുന്ന പരാന്നഭോജിയാണത്. ഈ ഗോരക്ഷകര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പശുപീഡനത്തിന്- മൃഗസംരക്ഷണ നിയമലംഘനത്തിന്- അവിടെ പോലിസ് കേസെടുക്കുന്നത്. ഇതിനായി ഇവര്‍ നല്‍കുന്ന പ്രഥമ വിവര റിപോര്‍ട്ടുകള്‍ ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വയ്പ്.
ഗുജറാത്ത് കാര്‍ഷിക സഹകരണ വകുപ്പിനു കീഴിലുള്ള ഗോസേവാ ആന്റ് ഗോവികാസ് ബോര്‍ഡ് (ജിജിവിബി) ആണ് ഗോരക്ഷകര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും വര്‍ക്‌ഷോപ്പുകളും നിയമോപദേശ ക്ലാസുകളും സംഘടിപ്പിക്കുന്നത്. ഗോശാലകള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുന്നതും ജിജിവിബിയും അനുബന്ധ സ്ഥാപനങ്ങളും തന്നെ. ഇങ്ങനെ ‘ഗോരക്ഷാ ഫീല്‍ഡി’ന്റെ സാധ്യതകള്‍ കണ്ടറിഞ്ഞു രംഗത്തിറങ്ങിയ ശിവസേനക്കാരും കോണ്‍ഗ്രസ്സുകാരും ടാക്‌സി ഡ്രൈവര്‍മാര്‍ പോലും നാലും അഞ്ചും പത്തും മുതല്‍ പതിനഞ്ചു വര്‍ഷം വരെ നീളുന്ന തങ്ങളുടെ ഗോരക്ഷകവേഷം കെട്ടിയാടലിനിടയ്ക്ക് ഗോശാലാ നടത്തിപ്പുകാരായി സര്‍ക്കാര്‍ ഫണ്ടും നിര്‍ബന്ധിത പിരിവും കേസ് ചാര്‍ത്തലുമൊക്കെയായി വളര്‍ന്ന് ഇന്ന് ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപന നടത്തിപ്പുകാരും ജ്വല്ലറിയുടമകളും മറ്റു കച്ചവടസ്ഥാപനങ്ങളുടെ മുതലാളിമാരും പാല്‍-പാലുല്‍പന്ന വസ്തുക്കളുടെ മൊത്തക്കച്ചവടക്കാരായും ഫാക്ടറി ഉടമകളും എന്തിനും പോരുന്ന സംഘങ്ങളുടെ തലവന്‍മാരുമായി മാറിയിരിക്കുകയാണ്.
അഖില വിശ്വ ഗോസന്‍വര്‍ധന്‍ പരിഷത്ത്, ഗോരക്ഷാ ദള്‍ തുടങ്ങി ചെറുതും വലുതുമായ ഗ്രൂപ്പുകളായി പല പേരില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. സ്വാഭാവികമായും സാമൂഹികവിരുദ്ധ ഗ്രൂപ്പുകളായി വളരുന്ന ഇവര്‍ തങ്ങള്‍ക്ക് സംശയം തോന്നുന്ന ഇടങ്ങളിലും തങ്ങളുടെ അനുമതിയില്ലാത്ത, തങ്ങള്‍ക്ക് ലഭിക്കേണ്ടതു ലഭിക്കാതെ നടത്തുന്ന കാലിക്കടത്തു വാഹനങ്ങളിലും പോലിസ് ഒത്താശയോടെയും സംയുക്തമായും റെയ്ഡുകള്‍ നടത്തുകയും കാലികളെയും വാഹനങ്ങളും പിടിച്ചെടുക്കുകയും മര്‍ദന പരമ്പരകള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. അതില്‍ ചെറിയൊരു ചിത്രം മാത്രമാണ് ഉനാ സംഭവം. പ്രതിഷേധങ്ങളുടെ സമ്മര്‍ദങ്ങളില്‍ അടുത്ത കാലത്ത് ഇവരില്‍ ചിലര്‍ ചില ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നു മാത്രം.
സ്വന്തമായി സുരക്ഷാസംഘങ്ങളുള്ള നവ്‌സരി ബസാറിലെ കശാപ്പുകാരനായ ഹുസയ്ന്‍ ശെയ്ഖിനെപ്പോലുള്ളവരും കാലിക്കച്ചവടക്കാരും പറയുന്നത് ഗോരക്ഷാ സംഘങ്ങളില്‍ നിന്നു ടിപ് വാങ്ങി തങ്ങളെ ഒറ്റിക്കൊടുക്കുന്ന ചാരന്മാര്‍ തങ്ങള്‍ക്കുള്ളില്‍ തന്നെ ഉണ്ടെന്നാണ്. തങ്ങള്‍ കൊടുക്കുന്ന പ്രതിഫലത്തേക്കാള്‍ ഒന്നും രണ്ടും ഇരട്ടി ടിപ് കൊടുക്കാന്‍ മാത്രം വരുമാനമുള്ളവരാണ് ഗോരക്ഷകരെന്ന് ഇവര്‍ പറയുന്നു. ഗുജറാത്തിലെ ഗോരക്ഷകര്‍ ഇന്നു സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്ക് സ്വന്തമായി തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന സംഘടിത ശക്തിയാണ്.
ഗുജറാത്തില്‍ മാത്രമല്ല, പഞ്ചാബിലും പരമ്പരാഗത കാലിക്കച്ചവടക്കാര്‍ക്കും ഡയറി ഫാം ഉടമകള്‍ക്കും ഗോരക്ഷക-ശിവസേനാ നേതാക്കള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പഞ്ചാബിലൂടെ തന്റെ ട്രക്കുകള്‍ സുരക്ഷിതമായി കടന്നുപോവുന്നതിന് ശിവസേനാ നേതാവിന് പശു ഒന്നിന് 200 രൂപ വച്ച് രണ്ടു ലക്ഷം രൂപ കൊടുത്തെന്നും ഇപ്പോള്‍ ട്രക്ക് ഒന്നിന് 2000 രൂപ കൂടി കൂട്ടി നാലു ലക്ഷം രൂപ ആറു മാസത്തെ കാലാവധി കണക്കാക്കി ആവശ്യപ്പെട്ടിരിക്കുകയാണെന്നും 30 വര്‍ഷമായി ചിമ്‌ന ഗ്രാമത്തിലെ പശുകര്‍ഷകനും കച്ചവടക്കാരനുമായ അമര്‍ജിത് സിങ് ദയാല്‍ പറയുന്നു.
ഗോരക്ഷക്-ശിവസേന പിടിച്ചുപറിസംഘം കാലിക്കച്ചവടത്തിന്റെ നിയമം തന്നെ പഞ്ചാബില്‍ മാറ്റിമറിച്ചിരിക്കുകയാണ്. 2015 വരെ കാലിക്കടത്തിനുള്ള എന്‍ഒസി ലഘുവായ നടപടിക്രമത്തിലൂടെ പഞ്ചാബ് മൃഗസംരക്ഷണവകുപ്പില്‍ നിന്നു ലഭിച്ചിരുന്നതാണ്. പിന്നീട് ഗോസേവാ കമ്മീഷന്‍ വന്നതോടെ മൂന്നു കടമ്പകള്‍ കടന്നാലും എന്‍ഒസി കിട്ടാത്ത അവസ്ഥയാണുണ്ടായത്. വര്‍ഷംതോറും പത്തു ലക്ഷത്തിലധികം കാലികള്‍ സംസ്ഥാനത്തിനു പുറത്തേക്കു പോയിരുന്ന കാലിക്കച്ചവടത്തിന് ഇന്ന് വര്‍ഷത്തില്‍ ലഭിക്കുന്ന ഒന്നോ രണ്ടോ എന്‍ഒസി കൊണ്ട് പിടിച്ചുനില്‍ക്കാന്‍ വയ്യാത്ത സ്ഥിതിയാണുള്ളത്. പഞ്ചാബിലെ പ്രോഗ്രസീവ് ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദില്‍ജിത് സിങ് പറയുന്നത്, പോലിസില്‍ പരാതിപ്പെടാന്‍ തങ്ങള്‍ക്ക് ഭയമാണെന്നാണ്. ഗോരക്ഷകരുടെ പിടിച്ചുപറിസംഘം തങ്ങളുടെ കച്ചവടം തന്നെ പൂട്ടിച്ചുകളയുമെന്നും ഇദ്ദേഹം പറയുന്നു.
കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലേക്കും ബീഫ്‌വിരോധവും പശുപ്രേമവും രാഷ്ട്രമാതാവാദവുമായി ഗോരക്ഷക മനോഭാവം നാലു കാലില്‍ നടന്നുവരുന്നത് മുകളില്‍ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ വിലയിരുത്തണം. കാലിവളര്‍ത്തലും കച്ചവടവും കൂലിപ്പണിയുമൊക്കെയായി സമാധാനത്തോടെ ജീവിച്ചുപോന്ന ദലിതരുടെ പുറം അടിച്ചുപൊളിച്ച് തൊലിയുരിയുന്ന ഗോരക്ഷകരോട്, തന്നെ ആക്രമിക്കൂ എന്നു പറയുന്ന നരേന്ദ്ര മോദിയുടെ കണ്ണീരിന് ഉപ്പില്ലെന്ന് അന്നം തിന്നുന്നവര്‍ തിരിച്ചറിയുകയാണ്.
അങ്ങനെ തിരിച്ചറിഞ്ഞതുകൊണ്ടാണ് ദുര്‍ബല സമൂഹത്തിനെതിരേ ഒരു വിഭാഗം നടത്തുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്റെ ധാര്‍മിക ചിന്തകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്നും രാജ്യത്ത് കുറച്ചു കാലമായി അസഹിഷ്ണുത അതിന്റെ വൃത്തികെട്ട തലയുയര്‍ത്തിനില്‍ക്കുകയാണെന്നും 70ാം സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു പറയേണ്ടിവന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss