|    Jan 17 Tue, 2017 12:46 am
FLASH NEWS

ഗോസംരക്ഷണം: പ്രധാനമന്ത്രി വിവാദ പ്രസ്താവന പിന്‍വലിക്കണം; തുറന്നടിച്ച് തൊഗാഡിയ

Published : 14th August 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ഗോസംരക്ഷകര്‍ക്കെതിരേ കേസെടുക്കാനുള്ള നിര്‍ദേശം ഏതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയാല്‍ തന്നെ സമീപിക്കാമെന്നും പൂര്‍ണ നിയമസംരക്ഷണം നല്‍കുമെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച തൊഗാഡിയ വാര്‍ത്താസമ്മേളനത്തിനിടെ കരയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്തെ കണ്ണീരിലാഴ്ത്തി. ഹിന്ദുക്കളെ അപമാനിച്ചു. മോദിയെ അധികാരത്തിലെത്തിക്കാന്‍ രാപ്പകല്‍ പരിശ്രമിച്ചവരാണു ഗോരക്ഷാ പ്രവര്‍ത്തകര്‍. വിവാദ പ്രസ്താവന പ്രധാനമന്ത്രി പിന്‍വലിക്കണം. ഇതുസംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം റദ്ദാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
ഗോവധക്കാര്‍ക്കു വേണ്ടിയാണ് നരേന്ദ്രമോദി സംസാരിക്കുന്നത്. ഗോക്കളെ കൊല്ലുന്നവരെയല്ല, സംരക്ഷിക്കുന്നവരെ ശിക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ബ്രിട്ടിഷ് ഭരണകാലത്തുപോലും ഇത്തരത്തിലുള്ള ഹിന്ദുവിരുദ്ധ നയങ്ങള്‍ ഉണ്ടായിട്ടില്ല. പശുസംരക്ഷണത്തിനായി ദേശീയതലത്തില്‍ നിയമം കൊണ്ടുവരണം. നിയമം പാസാക്കാന്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ അതിനായി സംയുക്തസഭ ചേരണം. പശുസംരക്ഷണത്തിനായി പ്രധാനമന്ത്രിയുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ വേണം. ബീഫ് കയറ്റുമതി പൂര്‍ണമായും പിന്‍വലിക്കണം. ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയുള്ള പശുക്കടത്ത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ഗോരക്ഷാ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതെന്നു മോദിയുടെ കുട്ടിക്കാല സുഹൃത്തെന്ന് അവകാശപ്പെടുന്ന തൊഗാഡിയ ചോദിച്ചു. ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുന്ന കശ്മീരികള്‍ക്കുവേണ്ടി ചര്‍ച്ചനടത്താന്‍ മോദി തയ്യാറായല്ലോ. ഗുജറാത്തില്‍ ദലിതുകള്‍ക്കെതിരേ നടത്തിയ ആക്രമണം ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. അത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ആരോപിച്ച തൊഗാഡിയ പക്ഷേ, ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. 80 ശതമാനം ഗോസംരക്ഷകരും ക്രിമിനലുകളാണെന്ന പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടണം. പ്ലാസ്റ്റിക് ഭക്ഷിച്ചാണ് പശുക്കളില്‍ ഭൂരിഭാഗവും ചാവുന്നതെന്ന പ്രസ്താവനയുടെ കണക്കുകളും വെളിപ്പെടുത്തണം. പശുവിനെ അറുക്കുന്ന മുസ്‌ലിംകളുടെ പട്ടികയാണു തയ്യാറാക്കേണ്ടത്.
നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ ഗോവധം അവസാനിപ്പിക്കുമെന്നാണു കരുതിയത്. എന്നാല്‍ ജനങ്ങളുടെ മുഖത്തുനോക്കാന്‍ തനിക്കു കഴിയാതായി. ഇനി ആത്മഹത്യചെയ്യലാണ് ഉചിതം. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പലരും തന്നെ വിളിച്ച് അസഭ്യംപറഞ്ഞിരുന്നു. മോദി തങ്ങളെ നാണംകെടുത്തി. ഹിന്ദുക്കളെ ഭിന്നിപ്പിച്ചുവെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക