|    Jun 24 Sat, 2017 12:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോശാലകളില്‍ 22 കോടിയുടെ അഴിമതിയെന്ന് ഉപലോകായുക്ത റിപോര്‍ട്ട്

Published : 18th June 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടകയിലെ തുങ്കൂരിലെ ഗോശാലകളില്‍ ഞെട്ടിക്കുന്ന അഴിമതി നടന്നതായി ഉപലോകായുക്തയുടെ അന്വേഷണറിപോര്‍ട്ട്. 22 കോടിയുടെ സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തിനകമാണ് ഇത്രയും വലിയ തുകയുടെ അഴിമതി നടന്നതെന്നും ഉപലോകായുക്ത ജസ്റ്റിസ് സുഭാഷ് ബി ആദിയുടെ  റിപോര്‍ട്ടില്‍ പറയുന്നു.ക്രമക്കേട് നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ 127 ഉദ്യോഗസ്ഥര്‍ക്ക് ഉപലോകായുക്ത ഇതിനകം നോട്ടീസ് അയച്ചു. ജില്ലതോറും പശുത്തൊഴുത്തുകള്‍ (ഗോശാല) സ്ഥാപിക്കാനും ശാസ്ത്രീയമായ രീതിയില്‍ പശുക്കള്‍ക്കു തീറ്റ നല്‍കാനും ജില്ലാ ഭരണകൂടത്തിന് കര്‍ണാടക സര്‍ക്കാര്‍ 2016 ഡിസംബറിനും 2017 ഫെബ്രുവരിക്കുമിടയിലുളള കാലയളവില്‍ വലിയ തുക അനുവദിച്ചിരുന്നു. പ്രദേശത്ത് കനത്ത വരള്‍ച്ച അനുഭവപ്പെട്ടതിനാല്‍ 139 താലൂക്കുകളില്‍ കാലിത്തീറ്റ ലഭ്യമാണോയെന്നു പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, 2017 മാര്‍ച്ച്-ഏപ്രില്‍ മാസത്തിനിടെ ഗോശാലകളില്‍ മിന്നല്‍ പരിശോധന നടത്തിയ ജ. സുഭാഷ് ബി ആദി കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രമക്കേടുകളാണ.്  ഗോശാലകളിലെ കാലിത്തീറ്റ സ്റ്റോക്കും ലഡ്ജര്‍ബുക്കും തമ്മില്‍ വലിയ വ്യത്യാസം ലോകായുക്ത കണ്ടത്തി. രംഗന്‍ഹള്ളി, ഉള്‍സുതോപ്പ്, രംഗനാഥപുറ, ഭൂത്തപ്പാന്‍ഹള്ളി തോപ്പു, ഭഗുവാള, ടിബി ക്രോസ് അരമല്ലന്‍തളി, വൈ എന്‍ ഹോസ്‌കുട്ട് എന്നിവിടങ്ങളിലെ ഗോശാലകളിലായിരുന്നു പരിശോധന. അധികൃതര്‍ നടത്തിയ 22 കോടിയുടെ ക്രമക്കേടുകള്‍ക്കു പുറമെ  മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗോശാലകള്‍ നടത്തിവരുന്നതെന്നും ഉപലോകായുക്തയുടെ റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക