|    Oct 17 Wed, 2018 12:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് : ബിജെപിയിലും കോണ്‍ഗ്രസ്സിലും കലാപം

Published : 22nd January 2017 | Posted By: fsq

 

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസ്സും പ്രമുഖ നേതാക്കളെ തഴഞ്ഞത് ഇരുകക്ഷികളിലും കലാപത്തിന് കാരണമായി. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്ത ഇവരില്‍ പലരും സ്വതന്ത്രരുടെ വേഷം കെട്ടി മല്‍സരരംഗത്തുണ്ട്. മറ്റു ചിലര്‍ പ്രചാരണത്തില്‍ നിന്ന് പിന്‍മാറി. ബിജെപി മൂന്ന് സിറ്റിങ് എംഎല്‍എമാരെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നൊഴിവാക്കിയത്. പകരം കോണ്‍ഗ്രസ്സില്‍ നിന്ന് കൂറ് മാറിയവര്‍ക്ക് ടിക്കറ്റ് നല്‍കി. അനാരോഗ്യം കാരണമാണ് സെയിന്റ് ആന്ദ്രെ എംഎല്‍എ വിഷ്ണുവാശിന് ബിജെപി ടിക്കറ്റ് നിഷേധിച്ചത്. കനക്കോണ മണ്ഡലത്തിലെ എംഎല്‍എ രമേശ് തവാഡ്കര്‍ക്ക് ടിക്കറ്റ് നിഷേധിച്ചതിന് കാരണമൊന്നും പറഞ്ഞിട്ടില്ല. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതിനാല്‍ ബിജെപി പട്ടികജാതിക്കാരില്‍ നിന്ന് കനത്ത തിരിച്ചടി നേരിടുമെന്ന് തവാഡ്കര്‍ പറഞ്ഞു. കനക്കോണ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഗോവ നിയമസഭാ സ്പീക്കര്‍ ആനന്ദ് ഷെട്ടിന് മായം മണ്ഡലത്തില്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചു. പാര്‍ട്ടിക്കെതിരേ കലാപം കൂട്ടാന്‍ താനില്ലെന്നും എന്നാല്‍, പ്രചാരണം നടത്തില്ലെന്നും ഷെട്ട് അറിയിച്ചു. കേന്ദ്രമന്ത്രി ശ്രീ പദ്‌നായികിന്റെ മകന്‍ സിദ്ധീഷ് നായിക്കിന് കുഭര്‍ജ്വ മണ്ഡലത്തിലും പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചു. മേല്‍പ്പറഞ്ഞ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സില്‍ നിന്ന്് കൂറ് മാറിയെത്തിയ വിജയ് പൈഖോട്ട് (കനക്കോണി), പ്രവീണ്‍ യാന്തെ (മായം), പാണ്ഡുരംഗ് മദ്‌കെയ്കര്‍(കുംഭര്‍ജ്വ) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ്സില്‍ സംഗീത പരബ്, ജിതേന്ദ്ര ദേശ് പ്രഭു, പ്രതാപ് ഗവസ്, ജോഗിം അലേമാന്‍, സുനില്‍ കാവ്തങ്കര്‍, ഉര്‍ഫന്‍ മുല്ല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായി. ബന്ധപ്പെട്ട ബ്ലോക്ക് കമ്മിറ്റികള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഇവരുടെ പേരുണ്ടായിരുന്നു. കോണ്‍ഗ്രസ്സിനുവേണ്ടി പ്രചാരണം നടത്തിയില്ലെന്ന് ദേശ്പ്രഭു പറഞ്ഞു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ എപ്പോഴും രൂക്ഷമായി വിമര്‍ശിച്ചുപോന്ന സുനില്‍ കാവ് തങ്കര്‍ക്കും ടിക്കറ്റില്ല. അദ്ദേഹത്തിന് പകരം കോണ്‍ഗ്രസ്സുകാരനല്ലാത്ത സന്തോഷ് സാവത്തിനാണ് ടിക്കറ്റ് നല്‍കിയത്. 15 വര്‍ഷമായി താന്‍ കോണ്‍ഗ്രസ്സിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ടിക്കറ്റ് നിഷേധത്തില്‍ പാര്‍ട്ടി അണികള്‍ അസ്വസ്ഥരാണെന്നും കാവ് തങ്കര്‍ പറഞ്ഞു. പ്രതാപ് ഗവാസ് (സംഖലിം), ജോക്കി അലിമാവോ (കണ്‍കോലിം) എന്നീ മുന്‍ എംഎല്‍എ മാര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായി. ഗവാസ് എന്‍ സിപിയില്‍ ചേര്‍ന്ന് പത്രിക സമര്‍പ്പിച്ചു. അലിമാവോ സ്വതന്ത്രനായും മല്‍സരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss