|    Jan 20 Fri, 2017 1:13 pm
FLASH NEWS

ഗോവ-കര്‍ണാടക സര്‍ക്കാരുകള്‍ തമ്മിലുള്ള മഹാദയി ജലതര്‍ക്കം; ഉത്തര കര്‍ണാടകയില്‍ പ്രക്ഷോഭം

Published : 29th July 2016 | Posted By: SMR

ബംഗളൂരു: മഹാദയി ജലതര്‍ക്ക പരിഹാര കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രതിഷേധിച്ച് ഉത്തര കര്‍ണാടകയില്‍ പ്രക്ഷോഭം രൂക്ഷമായി. പലയിടത്തും സംഘര്‍ഷം മുറ്റിനില്‍ക്കുകയാണ്.
കുടിവെള്ള പദ്ധതിക്കുവേണ്ടി മഹാദയി നദിയില്‍നിന്ന് 7.56 ടിഎംസി അടി ജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. മഹാദയി നദിയിലെ വെള്ളം ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗോവ-കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നടക്കുകയാണ്. വടക്കന്‍ കര്‍ണാടകയിലെ ഗദാഗ്, ബുബ്ബള്ളി, ധര്‍വാഡ്, ബവേരി, ബെലംഗവി പ്രദേശങ്ങളില്‍ പ്രക്ഷോഭം ശക്തമായി. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ പോലിസ് സുരക്ഷ ശക്തമാക്കി. കടകളും വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബംഗളൂരടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരും മറ്റു സംഘടനകളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ശനിയാഴ്ച കര്‍ണാടക ബന്ദിന് കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ണാടക-ഗോവ സര്‍ക്കാരുകളുടെ വാദങ്ങള്‍ കേട്ട ശേഷമാണ് ബുധനാഴ്ച കോടതി കര്‍ണാടകയുടെ ആവശ്യം തള്ളിയത്.
ഹുബ്ബള്ളി, ധര്‍വാഡ് നഗരങ്ങള്‍ക്കും ബലഗാവി, ഗദാഗ് ജില്ലകള്‍ക്കും കുടിവെള്ളമെത്തിക്കാന്‍ ജലം വിട്ടുനല്‍കണമെന്നായിരുന്നു കര്‍ണാടക ആവശ്യപ്പെട്ടത്. ഇതിനുവേണ്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
പ്രശ്‌നം കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാനുള്ള നിര്‍ദേശം നേരത്തേ ഗോവ തള്ളിയിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഭാവിക നീതിക്കെതിരാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നും ബിജെപി നേതാവും മുന്‍ ജലവിഭവ മന്ത്രിയുമായ ബാസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക