|    Apr 25 Wed, 2018 10:52 am
FLASH NEWS
Home   >  Kerala   >  

ഗോവിന്ദച്ചാമി ചിരിക്കുന്നു, ജിഷയുടെ ഘാതകനും

Published : 15th September 2016 | Posted By: G.A.G

Common-man-725

ങ്ങിനെ സൗമ്യ വധക്കേസിന്റെ കാര്യത്തില്‍ തീരുമാനമായി. കൊലക്കയറില്‍ നിന്ന് ഗോവിന്ദച്ചാമി കൂളായി ഇറങ്ങിപ്പോരുന്നത് കണ്ട് കേരളീയ സമൂഹം അന്തം വിടുകയാണ്. ശക്തമായ തെളിവുകളുടെ പിന്‍ബലമുണ്ടായിരുന്ന ഒരു കേസ് ഇത്തരത്തില്‍ ചീറ്റിപ്പോകുന്നത് കണ്ട് സമാന സ്വഭാവമുള്ള ജിഷ വധക്കേസിന്റെ വിധി എന്താകുമെന്ന ആശങ്കയിലാണ് ഏവരും.  സാഹചര്യങ്ങളും ഇരു കേസിന്റെയും നാളിതുവരയുള്ള പുരോഗതിയും പരിശോധിച്ചാല്‍ ജിഷക്കേസിലെ വിധി എന്താകുമെന്നു പ്രവചിക്കാന്‍ ഒരു സാധാരണക്കാരന്റെ സാമാന്യബുദ്ധി മാത്രം മതിയാകുമെന്നതാണ് സത്യം.
സൗമ്യവധക്കേസില്‍ വധശിക്ഷ ഒഴിവാക്കിക്കൊടുത്തതിന്റെ ആരവങ്ങള്‍ക്കിടയില്‍ കാതോര്‍ത്താല്‍ ഒരു ചിരി കേള്‍ക്കാം. ആ ചിരി ഗോവിന്ദച്ചാമിയുടെയല്ല, ജിഷയുടെ ഘാതകന്റേതാണ്.

govindachamiതെരഞ്ഞെടുപ്പു വേളയില്‍ ഇടതുമുന്നണി വലിയ ആയുധമാക്കിയ ജിഷ വധക്കേസില്‍ പ്രതിയെന്ന് ആരോപിച്ച് ഒരു അസം സ്വദേശിയെ പിടികൂടിയതോടെ മല എലിയെ പ്രസവിച്ചതു പോലത്തെ സ്ഥിതിയാണുണ്ടായത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളയാളാണ് പ്രതിയെന്ന തരത്തിലും അതിസമര്‍ഥരായ കേരളാപോലീസിനെ വട്ടം കറക്കാന്‍ കഴിവുള്ള വിദഗ്ദ ക്രിമിനലാണ് കൃത്യം നടത്തിയതെന്നുമുള്ള ആരോപണങ്ങളുമെല്ലാം സജീവമായിരുന്നുവെങ്കിലും ആരുടെയോ ഒരു ജോഡി ചെരുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് ആരോപിച്ച് അസം സ്വദേശിയായ ഒരു ഇരുപത്തിമൂന്നുകാരനെ പോലീസ് അറസ്റ്റു ചെയ്തത് തികച്ചും അവിശ്വസനീയതയോടെയാണ് കേരളം കണ്ടത്.
കൊലപാതകം നടന്ന് പത്തു ദിവസത്തിന് ശേഷം കണ്ടെത്തിയ ചെരുപ്പിന്റെ കഥയും അതില്‍ കാണപ്പെട്ടുവെന്ന് പറയുന്ന രക്തവും വാതിലിന്റെ കട്ടളയില്‍ നിന്നും കാണപ്പെട്ട രക്തവും ഒരാളുടെതാണന്നുള്‍പ്പടെയുള്ള പോലീസിന്റെ വാദങ്ങളും വെള്ളം തൊടാതെ വിഴുങ്ങുവാന്‍ കേരള സമൂഹത്തിന് ഇന്നും കഴിയുന്നില്ല. പോലിസ് സ്‌റ്റോറിയിലെ ഇത്തരം നിരവധി പൊരുത്തക്കേടുകള്‍ ഇതിനകം സാധാരണക്കാരായ ആളുകള്‍ പോലും സോഷ്യല്‍മീഡിയയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പിടിയിലായയാള്‍ക്കെതിരെ  തങ്ങളുടെ കൈവശമുള്ളത് തികച്ചും ദുര്‍ബലമായ തെളിവുകളാണെന്ന തോന്നല്‍ കൊണ്ടോ ഇതൊന്നും സാമാന്യബുദ്ധിയ്ക്ക് നിരക്കുന്നതല്ല എന്ന ജാള്യതകൊണ്ടോ ആവാം, പ്രതിയെപിടിച്ചതിന് തൊട്ടു പിന്നാലെ ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ പോലും പോലീസ് തയ്യാറായിരുന്നതുമില്ല. വാര്‍ത്താ സമ്മേളനം നടത്തിയാല്‍ ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങള്‍ക്ക് ബബ്ബബ്ബ പറഞ്ഞ് നാണം കെടേണ്ട എന്നും പോലിസ് കരുതിയിട്ടുണ്ടാകണം. ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ത്താസമ്മേളനം വേണ്ടെന്ന് വച്ച് പോലിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പാകട്ടെ വലിയൊരു തമാശയുമായിരുന്നു.

chappel jisha
ഇത്തരത്തില്‍ സാധാരണജനങ്ങളുടെ സാമാന്യബുദ്ധിയെപ്പോലും വിശ്വസിപ്പിക്കാനാവാത്ത തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ ഈ കേസ് കോടതിയിലവതരിപ്പിക്കുവാന്‍ പോകുന്നത്.
അതേസമയം സൗമ്യവധക്കേസില്‍ ഇതായിരുന്നില്ല സ്ഥിതി. ഗോവിന്ദച്ചാമിയെ പൂട്ടാന്‍ കഴിയുന്ന എല്ലാവിധ തെളിവുകളും ശക്തമായ സാഹചര്യത്തെളിവുകളുമൊക്കെയായാണ് കേസ് കോടതിയിലെത്തിയത്. അതുകൊണ്ടുതന്നെ രണ്ടുവട്ടം ഗോവിന്ദച്ചാമിയുടെ കൊലക്കയര്‍ മുറുക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു, അവസാനനിമിഷം ഇറങ്ങിപ്പോന്നുവെങ്കിലും.
2011 ഫെബ്രുവരി 1 ന് വൈകീട്ട് അഞ്ചരയുടെ ഏറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ രാത്രി പത്തരയോടെ നാട്ടുകാര്‍ ബോധരഹിതയായ നിലയില്‍ പാളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിയെ പിറ്റേദിവസം തന്നെ പോലിസ് പിടികൂടി. സൗമ്യയുടെ ശരീരത്തു നിന്നു ലഭിച്ച ബീജവും നഖത്തിനുള്ളില്‍ നിന്നു ലഭിച്ച തൊലിയും ഉള്‍പ്പടെ 41 തൊണ്ടി മുതലുകളും 101 രേഖകളും 154 സാക്ഷികളുമൊക്കെയായി കേസിനെ മുമ്പോട്ടു പോയ പ്രോസിക്യൂഷന് മുന്‍പില്‍ കേസ് തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നില്ല എന്നതാണ് സത്യം. ഏറ്റവുമൊടുവില്‍ സുപ്രീംകോടതിയില്‍ കാര്യങ്ങളുടെ ഗതിമാറുന്നതു വരെ ഇതായിരുന്നു സ്ഥിതി.
jisha-murder-caseസൗമ്യ വധക്കേസില്‍ പോലീസും പ്രോസിക്യൂഷനും മുന്നോട്ടു വെച്ച വാദഗതികള്‍ക്ക് കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ക്കും തൊണ്ടിമുതലുകള്‍ക്കുമപ്പുറം മറ്റൊന്നു കൂടിയുണ്ടായിരുന്നു: പൊതുജനത്തിന്റെ, സാധാരണക്കാരുടെ, വിശ്വാസ്യത. ഇത് ജിഷ വധക്കേസില്‍ അമീറുല്‍ എന്ന അസം പണിക്കാരനെ മുന്‍നിറുത്തി മുന്നോട്ടുപോകുന്ന പോലിസിനോ പ്രോസിക്യൂഷനോ ഇല്ല എന്ന്് നിസ്സംശയം പറയാന്‍ കഴിയും. അതുകൊണ്ടു തന്നെയാണ് കേസില്‍ അവസാന ചിരി ഘാതകന്റേത് തന്നെയാവുമെന്ന് ജനം ആശങ്കപ്പെടുന്നത്.

 

ജിഷ വധക്കേസില്‍ പ്രതിയെന്നാരോപിച്ച് അസം സ്വദേശിയെ പിടികൂടിയതിന് തൊട്ടുപിന്നാലെ പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇതാ:

jisha-case1

jisha-case2

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss