|    Apr 30 Sun, 2017 2:34 pm
FLASH NEWS

ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് അനേ്വഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് പിന്നിലുള്ള സാമ്പത്തികസ്രോതസ്സിനെ കുറിച്ച് അനേ്വഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വിജിലന്‍സ് ഡയറക്ടറും സംസ്ഥാന പോലിസ് മേധാവിയും ഒരുമാസത്തിനകം ഇതുസംബന്ധിച്ച് അനേ്വഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ഉത്തരവിട്ടു. സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
അനേ്വഷണറിപോര്‍ട്ട് നവംബറില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ പരിഗണിക്കും. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശപ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഗോവിന്ദച്ചാമിയെക്കുറിച്ച് പ്രചരിക്കുന്ന കഥകളല്ലാതെ അയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലെന്ന് പരാതിയില്‍ പറയുന്നു. പ്രതിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണ് കേസ് നടത്തുന്നത്. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പ്രതിക്ക് പിന്നിലുള്ള ഗൂഢശക്തികളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും.
ജയിലില്‍ ഗോവിന്ദച്ചാമിക്ക് കിട്ടിയത് വിഐപി പരിഗണനയാണെന്ന് പ്രതിയെ കാണുന്നവര്‍ക്ക് മനസ്സിലാക്കാനാവും. ഗോവിന്ദച്ചാമിയെ സഹായിക്കുന്നവര്‍ ആരെന്ന് കണ്ടെത്തിയാല്‍ ഭാവിയില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും പരാതിയില്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day