|    Mar 31 Fri, 2017 12:14 am
FLASH NEWS

ഗോവിന്ദച്ചാമിക്ക് പിന്നില്‍ മയക്കുമരുന്ന് മാഫിയ: അഡ്വ. ആളൂര്‍

Published : 1st October 2016 | Posted By: Navas Ali kn

adv_ba_aloor_380x2001

കൊച്ചി: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ മുംബൈയിലെ പനവേല്‍ ആസ്ഥാനമായ മയക്കുമരുന്ന് മാഫിയയാണെന്ന് അഡ്വ. ബി എ ആളൂര്‍. സ്വകാര്യ വാര്‍ത്താചാനലുകളോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അലിബാഗ്, പനവേല്‍, മുംബൈ ഭാഗങ്ങളില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണിവര്‍. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും. വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ട്. കേസ് അവസാനംവരെ നടത്തണമെന്ന് തന്നോട് അഭ്യര്‍ഥിച്ചിരുന്നു. മാനഭംഗം, കവര്‍ച്ച, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചുള്ള കേസുകള്‍ തുടങ്ങി ഇവരുടെ വിവിധ കേസുകളില്‍ ഇടപെട്ടിട്ടുണ്ട്. തന്റെയൊരു സുഹൃത്തുവഴിയാണ് ഇവരുമായുള്ള പരിചയം. ഇവരുടെ കേസുകള്‍ നടത്തുകയും പലരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. മറ്റു പല കേസുകളിലുമെന്ന പോലെ ഇക്കാര്യത്തിലും തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പലപ്പോഴും തന്നെ കേസ് ഏല്‍പിക്കാറുള്ളത്. മയക്കുമരുന്നു മാഫിയയിലെ കണ്ണിയാണ് ഗോവിന്ദച്ചാമി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരായതില്‍ കുറ്റബോധമില്ല. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തി എന്നത് പോലിസ് കെട്ടിച്ചമച്ച കഥയാണ്. മോഷണം മാത്രമായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. ബലാല്‍സംഗക്കുറ്റത്തിനായി പോലിസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.
അതേസമയം, ആളൂരിന്റെ വെളിപ്പെടുത്തല്‍ കേസ് വഴി തിരിച്ചുവിടാനാണെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. കേസ് സുപ്രിംകോടതിയില്‍ വീണ്ടുമെത്തിയാല്‍ പരാജയപ്പെടുമെന്ന് ആളൂരിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്നായി അറിയാം. അതുകൊണ്ടാണ് ഇത്തരം വെളിപ്പെടുത്തല്‍ ആളൂര്‍ നടത്തുന്നതെന്നും സുമതി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day