|    Oct 21 Sun, 2018 2:41 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോവയ്ക്ക് ചെന്നൈയുടെ മെന്‍’ഡോസ്’

Published : 21st December 2015 | Posted By: SMR

ഫറ്റോര്‍ഡ: ആവേശകരമായ ഫൈനലില്‍ എഫ്‌സി ഗോവയെ അവരുടെ തട്ടകത്തില്‍ 2-3ന് പരാജയപ്പെടുത്തി ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലില്‍ കന്നി കിരീടം ചൂടി. 89ാം മിനിറ്റ് വരെ 2-1ന് വിജയം ഉറപ്പിച്ചിരുന്ന ഗോവയുടെ പ്രതീക്ഷകളെയെല്ലാം പിന്നീടുള്ള രണ്ടു മിനിറ്റുകളില്‍ തകിടം മറിച്ചാണ് മാര്‍കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈ കന്നി കിരീടത്തിലേക്ക് ജൈത്രയാത്ര നടത്തിയത്. സീസണിലെ തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്കു ശേഷമാണ് മറ്റെരാസിയുടെ ചെന്നൈ മച്ചാന്‍സ് വിജയകുതിപ്പിലൂടെ കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്.
കിരീടനേട്ടത്തിന് ചെന്നൈ കടപ്പെട്ടിരിക്കുന്നത് സ്റ്റീവന്‍ മെന്‍ഡോസയെന്ന കൊളംബിയന്‍ യുവതാരത്തോടായിരിക്കും. അവസാന നിമിഷങ്ങളില്‍ മെന്‍ഡോസയുടെ മുന്നേറ്റങ്ങളാണ് ഗോവയെ തറ പറ്റിക്കാന്‍ ചെന്നൈക്കു സഹായകമായത്. ഫൈനലില്‍ ഒരു നിര്‍ണായക ഗോള്‍ നേടുകയും ഒരു ഗോളിന് വഴിവയ്ക്കുകയും ചെയ്ത മെന്‍ഡോസ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും നേടി.
54ാം മിനിറ്റില്‍ ബ്രൂണോ പെല്ലിശ്ശേരി, ഇഞ്ചുറിടൈമില്‍ മെന്‍ഡോസ എന്നിവര്‍ ടീമിനായി ലക്ഷ്യം കണ്ടപ്പോള്‍ ഗോവന്‍ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ സെല്‍ഫ് ഗോളും ചെന്നൈ വിജയത്തില്‍ നിര്‍ണായകമായി. 58ാം മിനിറ്റില്‍ ഹോക്കിപ്പ്, 87ാം മിനിറ്റില്‍ ജൊഫ്രി എന്നിവരാണ് ഗോവയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.
ആദ്യപകുതി സമാസമം
മാര്‍ക്വി താരവും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനവും കാഴ്ചവച്ച എലാനോ ബ്ലൂമറെ പുറത്തിരുത്തിയാണ് ആദ്യ ഇലവനെ ചെന്നൈ ഇറക്കിയത്. പെല്ലിശ്ശേരിയാണ് ബ്ലൂമര്‍ക്കു പകരം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. മറുവശത്ത് സീക്കോ പരിശീലിപ്പിക്കുന്ന ഗോവയാവട്ടെ പ്രധാനതാരങ്ങളെയെല്ലാം അദ്യ ഇലവനില്‍ത്തന്നെ അണിനിരത്തുകയും ചെയ്തു.
9ാം മിനിറ്റില്‍ത്തന്നെ ആരാധകരെ നിരാശരാക്കി പരിക്കിന്റെ രൂപത്തില്‍ ഗോവയ്ക്കു ആദ്യ തിരിച്ചടി ലഭിച്ചു. ഡല്‍ഹി ഡൈനാമോസിനെതിരായ സെമിയുടെ രണ്ടാം പാദത്തിലെ താരമായ നൈജീരിയന്‍ താരം ഡുഡുവാണ് തലയ്‌ക്കേറ്റ പരിക്കു മൂലം പുറത്തേക്കു പോയത്. ജൊനാഥന്‍ ലൂക്കയെയാണ് സീക്കോ പകരം കൊണ്ടു വന്നത്.
വിരസമായ സമനിലയോടെയായിരുന്നു ആദ്യ പകുതി അവസാനിച്ചത്. ഗോള്‍കീപ്പര്‍മാരെ ഒന്നു പരീക്ഷിക്കാന്‍ പോലും ആദ്യ 35 മിനിറ്റുകളോളം ഇരു ടീമുകള്‍ക്കും സാധിച്ചില്ല. 38ാം മിനിറ്റില്‍ ചെന്നൈയായിരുന്നു ആദ്യ ഗോള്‍ ശ്രമം നടത്തിയത്. മെന്‍ഡോസയുടെ ഉഗ്രന്‍ ഇടങ്കാലന്‍ ഷോട്ട് ഗോവന്‍ ഗോള്‍കീപ്പര്‍ കിട്ടിമണി തട്ടിയകറ്റി.
33ാം മിനിറ്റില്‍ ലിയോ മൗറയ്ക്ക് ലഭിച്ച ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 38ാം മിനിറ്റില്‍ മെന്‍ഡോസയ്ക്ക് ലഭിച്ച സുവര്‍ണാവസരം ലൂസിയോയും ഗോള്‍കീപ്പര്‍ ലക്ഷിമികാന്ത് കട്ടിമണിയും ചേര്‍ന്ന് പ്രയാസപ്പെട്ട് രക്ഷപെട്ടു. ഇരു ടീമുകളുടേയും ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങി.
രണ്ടാം പകുതി കലക്കി
ഇരുടീമുകളുടേയും മുന്നേറ്റങ്ങളോടെയാണ് സംഭവബഹുലമായ രണ്ടാം പകുതി ആരംഭിച്ചത്. 54ാം മിനിറ്റില്‍ ചെന്നൈ സ്റ്റാര്‍ മെന്‍ഡോസയെ സ്വന്തം ബോക്‌സില്‍ ഗോവന്‍ താരം പ്രണോയ് ഹാല്‍ഡര്‍ വീഴ്ത്തിയതിന് ചെന്നൈക്ക് അനുകൂലമായി പെനല്‍റ്റി. കിക്കെടുക്കാനെത്തിയത് പെല്ലിശ്ശേരി. പെല്ലിസാറിയുടെ കിക്ക് ഗോവന്‍ ഗോളി കട്ടിമണി വീണു കിടന്ന തടഞ്ഞെങ്കിലും റീബൗണ്ടില്‍ പെല്ലിശ്ശേരി തൊടുത്ത ഷോട്ട് വലയില്‍. സ്‌കോര്‍ 10. നാലു മിനിറ്റിനുള്ളില്‍ ഗോവ തിരിച്ചടിച്ചു. റോമിയോ ഫെര്‍ണാണ്ടസ് മുന്നേറി നല്‍കിയ കിറുകൃത്യം ക്രോസില്‍ കാലുവച്ച ഹോക്കിപ്പിന് പിഴച്ചില്ല. ഏദലിനെ കീഴടക്കി പന്ത് വലയില്‍.
46ാം മിനിറ്റില്‍ മോറയ്ക്കു പകരക്കാരനായി ഹോക്കിപ്പിനെ കളത്തിലിറക്കി. 54ാം മിനിറ്റിലായിരുന്നു കളിയുടെ ഗതിമാറിയത നാടകീയതകളുടെ തുടക്കം. മെന്‍ഡോസയെ സ്വന്തം ബോക്‌സില്‍ ഗോവന്‍ താരം പ്രണോയ് ഹാല്‍ഡര്‍ വീഴ്ത്തിയതിന് ചെന്നൈയിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. പെല്ലിശ്ശേരിയുടെ കിക്ക് കട്ടിമണി പ്രയാസപ്പെട്ടു തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത പന്തില്‍ പെല്ലിസാറി വീണ്ടും നിറയൊഴിച്ചു. (1-0).
എന്നാല്‍ നാലു മിനിറ്റിനുള്ളില്‍ ഗോവ ഒപ്പത്തിനൊപ്പമെത്തി. റോമിയോ ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസില്‍ ഹോക്കിപ്പ് വലയിലേക്കു തിരിച്ചു വിട്ടപ്പോള്‍ ചെന്നൈ ഗോള്‍കീപ്പര്‍ നിസ്സഹായനായി (1-1).
ഗതിമാറിയ നാടകീയത…
62ാം മിനിറ്റില്‍ ചെന്നൈക്ക് അനുകൂലമായി വീണ്ടും പെനല്‍റ്റി ലഭിച്ചു. മെന്‍ഡോസയുടെ കിക്ക് ഉഗ്രന്‍ സേവിലൂടെ കട്ടിമണി ഗോവന്‍ ആരാധകരുടെ മനം കവര്‍ന്നു. കളി തീരാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ വിജയമുറപ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി ഗോവ ലീഡും നേടി.
87ാം മിനിറ്റില്‍ ജോഫ്രെയെടുത്ത ഫ്രീകിക്ക് ചെന്നൈയിന്റെ ഗോളി ഏദലിനെ കീഴടക്കി വലയില്‍ പതിച്ചു.(2-1). ഗോവന്‍ ഗ്യാലറിയെ ഇളക്കി മറിച്ചു ആരാധകര്‍ ആഹ്ലാദ നൃത്തം ചവിട്ടി. ഗോവന്‍ ആരാധകരുടെ ആഹ്ലാദത്തിനുണ്ടായിരുന്ന ആയുസ് വെറും മൂന്നു മിനിറ്റ് മാത്രം.
90ാം മിനിറ്റില്‍ ഗോവന്‍ ബോക്‌സ് ലക്ഷ്യമാക്കി ചെന്നൈ മന്നന്‍മാരുടെ കശ്മീര്‍ പ്രതിരോധ താരം സിറാജുദ്ദീന്‍ വാഡുവിന്റെ മുന്നേറ്റം. ഓടിക്കയറി വാഡു തൊടുത്ത ഷോട്ട് മെന്‍ഡോസ വലയിലേക്ക് തിരിച്ചു വിട്ടു. പന്ത് കട്ടിമണിയുടെ കൈയില്‍ത്തട്ടിയാണ് വലയില്‍ പതിച്ചത്. (2-2).
അവസാനത്തെ അഞ്ച് മിനിറ്റ് ഇഞ്ച്വറിടൈമില്‍ ഗോവയെ എക്കാലവും വേട്ടയാടുന്ന അവസാന ഗോളും പിറന്നു. ഇഞ്ച്വറി സമയത്തിന്റെ ആദ്യമിനിറ്റില്‍ റാണെയില്‍ നിന്ന് പന്ത് നേരെ മെന്‍ഡോസയിലേക്ക്. പന്ത് നെഞ്ചില്‍ സ്വീകരിച്ച മെന്‍ഡോസ ഗോവന്‍ പ്രതിരോധ താരങ്ങളായ ലൂസിയോയേയും ഗ്രിഗറി അര്‍നോളിനേയും മറികടന്ന് ഗോള്‍കീപ്പര്‍ കട്ടിമണിയെ നിസ്സഹായനാക്കി നിറയൊഴിച്ചു (3-2).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss