|    Apr 24 Tue, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോവയെ വീഴ്ത്തി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്

Published : 9th November 2016 | Posted By: SMR

കൊച്ചി: ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു. 1-1ന്റെ സമനിലയ്ക്കരികില്‍ നിന്നു പകരക്കാരനായി ഇറങ്ങിയ മലയാളി താരം സി കെ വിനീതിന്റെ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനെ 2-1ന്റെ ത്രസിപ്പിക്കുന്ന ജയത്തിലെത്തിച്ചത്. ഇഞ്ചുറിടൈമായി ലഭിച്ച ഒമ്പത് മിനിറ്റ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. അവസാന മിനിറ്റിലാണ് ക്യാപ്റ്റന്‍ സെഡ്രിക് ഹെങ്‌ബെര്‍ട്ടിന്റെ പാസില്‍ വലകുലുക്കി വിനീത് സ്റ്റേഡിയത്തെ ഇളക്കിമറിച്ചത്. ജയത്തോടെ ബ്ലാ സ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറി.  ബംഗളൂരു എഫ്‌സിക്കായി എഎഫ്‌സി കപ്പിന്റെ ഫൈനലില്‍ കളിച്ച ശേഷം തിരിച്ചെത്തിയ വിനീതിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.  നേരത്തേ ഗോവയുടെ തട്ടകത്തിലും ബ്ലാസ്റ്റേഴ്‌സ് 2-1നു ജയിച്ചിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഒമ്പതാം മിനിറ്റില്‍ റാഫേല്‍ കൊയ്‌ലോയിലൂടെ ഗോവയാണ് ആദ്യം അക്കൗണ്ട് തുറന്നത്. സമനില ഗോളിനായി കേരളത്തിന് രണ്ടാംപകുതി വരെ കാത്തിരിക്കേണ്ടിവന്നു. 48ാം മിനിറ്റില്‍ കെര്‍വിന്‍സ് ബെല്‍ഫോര്‍ട്ടിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍.
കളിച്ചത് ബ്ലാസ്‌റ്റേഴ്‌സ്; കോളടിച്ചത് ഗോവ
ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയില്ല. നേരത്തേ ഫറ്റോര്‍ഡയിലേതുപോലെ തന്നെ ആക്രമണാത്മക ഫു ട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെയും കാഴ്ചവച്ചത്. എന്നാല്‍ ഗോളടിക്കാനുള്ള ഭാഗ്യം ഗോവയ്ക്കായിരുന്നു. ലഭിച്ച ഏക ഗോളവസരം ഗോളാക്കിയാണ് ഗോവ ആതിഥേയരെ ഞെട്ടിച്ചത്.
ഒമ്പതാം മിനിറ്റിലായിരുന്നു സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച മഞ്ഞക്കുപ്പായക്കാരെ സ്തബ്ധരാക്കിയ റാഫേലിന്റെ ഗോള്‍. ഹെഡ്ഡറിലൂടെയാണ് താരം ല ക്ഷ്യം കണ്ടത്. എന്നാല്‍ ഹെഡ്ഡറിന്റെ മികവായിരുന്നില്ല. ഗോളി ഗ്രഹാം സ്റ്റാക്കിന്റെ അലസതയാണ് ഈ ഗോളിനു വഴിവച്ചത്.
ഇടതുമൂലയില്‍ നിന്ന് റിച്ചാര്‍ളിസന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ റാഫേലിന്റെ ഹെഡ്ഡര്‍ ഗോളിക്ക് അനായാസം പിടിക്കാമായിരുന്നു. എന്നാ ല്‍ സ്റ്റാക്കിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് കയറിയതോടെ ഗോവ മുന്നിലെത്തി.
ഇതോടെ ആക്രമണം ശക്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് തുടരെ ഗോവന്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. എന്നാല്‍ ഫിനിഷിങിലെ പിഴവുകള്‍ ഗോള്‍ നേടുന്നതില്‍ നിന്നു ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു.
13ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയുടെ ക്രോസില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. നാലു മിനിറ്റിനകം സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സിന് മികച്ചൊരു അവസരം ലഭിച്ചു. മുഹ മ്മദ് റഫീഖ് അളന്നു മുറിച്ചു ന ല്‍കിയ ക്രോസില്‍ ബെല്‍ഫോ ര്‍ട്ട് തലവച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പറന്നു.ഇഞ്ചുറിടൈമില്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോസുവിന്റെ തുടര്‍ച്ചയായ രണ്ടു നീക്കങ്ങള്‍ പരാജയപ്പെട്ടു.
തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ്
ആദ്യപകുതിയിലെ പിഴവ് തിരുത്തി രണ്ടാംപകുതി തുടങ്ങി മൂന്നു മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങി. പെനല്‍റ്റിയില്‍ നിന്ന് ബെല്‍ഫോര്‍ട്ടിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന സമനില ഗോള്‍. റഫീഖിന്റെ ഷോട്ട് ബോക്‌സിനുള്ളില്‍ വച്ച് ഗോവ താരം ഗ്രെഗറി ആര്‍നോലിന്റെ കൈകളില്‍ തട്ടിയതിനെത്തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സിന് പെനല്‍റ്റി ലഭിച്ചത്.
തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് വിജയത്തിനായി കഠിനാധ്വാനം ചെയ്തു. 70ാം മിനിറ്റില്‍ ബെല്‍ഫോ ര്‍ട്ടിന്റെ പാസില്‍ റഫീഖിന്റെ ഷോട്ട് ഗോവ ഗോളി വിഫലമാക്കി. 79ാം മിനിറ്റില്‍ റഫീഖിനു പ കരം ബ്ലാസ്റ്റേഴ്‌സ്  വിനീതിനെ കളത്തിലിറക്കി. ഒടുവില്‍ വിജയഗോളുമായി ഹീറോയായാണ് വിനീത് കളംവിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss