|    Jun 22 Fri, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോവയില്‍ ത്രികോണ മല്‍സരത്തിന് അരങ്ങൊരുങ്ങി

Published : 9th January 2017 | Posted By: fsq

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മല്‍സരത്തിന് അരങ്ങൊരുങ്ങി. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി) എന്നിവയാണ് മല്‍സരരംഗത്തുള്ള മൂന്ന് പ്രബല പാര്‍ട്ടികള്‍. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രാ വാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യുമായി സഖ്യമുണ്ടാക്കിയായിരുന്നു ബിജെപി മല്‍സരിച്ചത്. എന്നാല്‍, ഇത്തവണ എംജിപി, ബിജെപിയെ കൈവിട്ടു. ആര്‍എസ്എസ് വിമതരുമായും ശിവസേനയുമായും സഖ്യമുണ്ടാക്കിയാണ് എംജിപി ഇത്തവണ മല്‍സരിക്കുന്നത്. തനിച്ചു മല്‍സരിക്കുന്ന ബിജെപി 40 മണ്ഡലങ്ങളില്‍ 37ലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പിന്തുണയ്ക്കും. 26ലേറെ സീറ്റുകളില്‍ ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം എന്നാല്‍, ബിജെപിക്കും വിജയം എളുപ്പമാവില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എംജിപിയും ആര്‍എസ്എസ് വിമതരും ഉയര്‍ത്തുന്ന വെല്ലുവിളി തന്നെയാണ് ബിജെപിക്ക് ഭീഷണി. ഗോവ ഫോര്‍വേഡ്, എന്‍സിപി, യുനൈറ്റഡ് ഗോവന്‍സ് പാര്‍ട്ടി എന്നിവയെ സഖ്യകക്ഷികളാക്കി പൊരുതാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. കഴിഞ്ഞതവണ ഒമ്പത് സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ്സിന് ഏറെ സഞ്ചരിക്കാനുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ എഎപിയും സജീവമായി രംഗത്തുണ്ട്. ബിജെപിയോടോ കോണ്‍ഗ്രസ്സിനോടോ സഹകരിക്കാന്‍ താല്‍പര്യമില്ലാത്ത നിരവധി സംഘടനകള്‍ എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്. എല്‍വിസ് ഗോമസാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. 40 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് എഎപി നീക്കം. ബിജെപി ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss