|    Apr 19 Thu, 2018 10:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗോവധ വിരുദ്ധര്‍ക്കെതിരേ വാസു വൈദ്യരുടെ ഒറ്റമൂലി

Published : 31st October 2015 | Posted By: SMR

ആബിദ്

VASU

വാസു വൈദ്യര്‍

കോഴിക്കോട്: തിന്നാനുള്ള അവകാശം ചോദ്യംചെയ്യപ്പെടുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഒറ്റ വാക്യം കൊണ്ട് ഗോവധ വിരുദ്ധരുടെ വായടപ്പിച്ച വാസു വൈദ്യരെ ഓര്‍ക്കുകയാണു കൊണ്ടോട്ടി മണ്ഡലത്തിലെ പ്രായമേറിയ വോട്ടര്‍മാര്‍.
1967ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുളിക്കല്‍ അങ്ങാടിയില്‍ പ്രചാരണറാലിക്കു ശേഷം നടന്ന പൊതുയോഗത്തിലായിരുന്നു കമ്യൂണിസ്റ്റ് നേതാവായ വൈദ്യരുടെ പ്രഭാഷണം. ലീഗ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടില്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച സയ്യിദ് ഉമര്‍ ബാഫഖിത്തങ്ങളെ പരാജയപ്പെടുത്തുന്നതിനു പശുവിനെ കൊന്നുതിന്നുന്നവര്‍ക്കൊപ്പമാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന് എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കലായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന വൈദ്യര്‍ സ്റ്റേജില്‍ കയറി പ്രഖ്യാപിച്ചു. ‘ശുഷ്‌ക കാസക്ഷയ ശോഷോ ഗോമാംസം സന്നിയഛഭി”വരട്ടുചുമ, ക്ഷയം എന്നിവയ്ക്ക് ഗോരോചനം അത്യുത്തമം. അഷ്ടാംഗഹൃദയത്തിലെ വചനങ്ങള്‍ അര്‍ഥസഹിതം പറഞ്ഞശേഷം വൈദ്യ ര്‍ ഒരു ചോദ്യംകൂടി സദസ്സിനു നേരെ എറിഞ്ഞു. പശുവിനെ കൊല്ലാതെ എങ്ങിനെ ഗോരോചനമുണ്ടാവും? നാട്ടിലെ പ്രശസ്തനായ ആയുര്‍വേദാചാര്യന്റെ വാക്കുകള്‍ അങ്ങിനെ ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റെ കനലെരിയിക്കാനുള്ള ആദ്യ നീക്കം പരാജയപ്പെടുത്തി. മനുഷ്യരെ തമ്മില്‍ അകറ്റി രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നവരുടെ രോഗം ഭേദമാക്കാന്‍ കൂടി ഗോരോചനത്തിനു കഴിയുമെന്ന് തെളിയിക്കുകയായിരുന്നു വൈദ്യര്‍.
അടുത്ത കുംഭം 23ന് 85 വയസ്സ് തികയുന്ന വാസു വൈദ്യര്‍ അഴിഞ്ഞിലം-ഫാറൂഖ് കോളജ് റോഡിലെ ധന്വന്തരി ഔഷധശാലയില്‍ ഉഴിച്ചിലും ചികില്‍സയുമായി ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ഇപ്പോഴും സജീവമാണ് അദ്ദേഹം. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിഞ്ഞിലം സെല്ലില്‍ അംഗത്വമെടുത്ത് ആരംഭിച്ച പൊതുപ്രവര്‍ത്തനം ഇന്നും തുടരുന്നു. 1964 ല്‍ കേരളത്തില്‍ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. ചിഹ്നമൊന്നുമില്ലാതെ മല്‍സരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വൈദ്യര്‍ 15 വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. അതിനിടയില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 1978ല്‍ ചെറുകാവ് വിഭജിച്ച് വാഴയൂര്‍ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി. 2001ല്‍ ഭരണസമിതി അദ്ദേഹത്തെ തന്നെയാണു വീണ്ടും ഭരണസാരഥ്യമേല്‍പ്പിച്ചത്. അങ്ങിനെ കാല്‍നൂറ്റാണ്ടോളം തദ്ദേശ സ്ഥാപനങ്ങളുടെ അമരത്തിരുന്നു.
രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും ഒട്ടേറെ കഥകള്‍ അയവിറക്കാനുണ്ട് വൈദ്യര്‍ക്ക്. ഇഎംഎസ്, ഇ കെ നായനാര്‍, സി എച്ച് കണാരന്‍, അഴീക്കോടന്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യക്തിബന്ധം കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒതുങ്ങുന്നില്ല. ലീഗ് നേതാക്കളായ സെയ്ദ് ഉമര്‍ ബാഫഖി, അഹമ്മദ്കുട്ടി കുരിക്കള്‍, സീതിഹാജി അങ്ങനെ നീളുന്നു വൈദ്യരുടെ ആത്മമിത്രങ്ങളുടെ പട്ടിക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss