|    Jan 17 Tue, 2017 10:56 pm
FLASH NEWS

ഗോള്‍ മഴ പെയ്യിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു

Published : 20th October 2016 | Posted By: SMR

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിലെ റയല്‍ മാഡ്രിഡിന്റെ കുതിപ്പ് തുടരുന്നു. ആവേശകരമായ മല്‍സരത്തില്‍ ഗോള്‍മഴ തീര്‍ത്ത റയല്‍ താരങ്ങള്‍ 5-1 നാണ് ലെഗിയയെ കെട്ടുകെട്ടിച്ചത്. മികവുറ്റ റയല്‍ നിര ഫുള്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ കാഴ്ച്ചക്കാരനാകാനേ ലെഗിയന്‍ താരങ്ങള്‍ക്കായുള്ളൂ. റയലിന് വേണ്ടി സൂപ്പര്‍ താരങ്ങളായ ഗാരത് ബെയ്ല്‍, തോമസ് ഗോഡ്‌വിക്ക്, മാര്‍ക്കോ അസന്‍സിയോ, ലൂക്കാസ് വാസ്‌കസ്, അല്‍വാരോ മൊറാട്ടാ എന്നിവര്‍ വലകുലുക്കിയപ്പോള്‍ ലെഗിയക്കുവേണ്ടി മൊറോസ്ലാവ് റാഡാവിക്ക് ആശ്വാസഗോള്‍ നേടി.
ഗോളുകള്‍ നിറഞ്ഞുനിന്ന മല്‍സരമായിരുന്നു റയല്‍ ലെഗിയ മല്‍സരം. കളിയുടെ തുടക്കം മുതലേ അക്രമിച്ചു കളിച്ചു തുടങ്ങിയ റയല്‍ താരങ്ങളില്‍ ആരെ മാര്‍ക്ക് ചെയ്യണമെന്നറിയാതെ ലെഗിയന്‍ താരങ്ങള്‍ വിയര്‍ത്തു. കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ റയല്‍ ഗോള്‍ നേടി കരുത്തു തെളിയിച്ചു. കളിയുടെ 16ാം മിനിറ്റില്‍ ഗാരത് ബെയ്‌ലാണ് ആദ്യം റയലിനായി വലകുലുക്കിയത്. ബെയ്ല്‍ ഗോള്‍ നേടിയതിനു പിന്നാലെ തന്നെ 20ാം മിനിറ്റില്‍ ഗോഡ്‌വിക്കും റയലിനു വേണ്ടി വലകുലുക്കി. ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ കരുത്തു കാട്ടി 2-0 ന്റെ ലീഡ് നേടിയ റയല്‍ താരങ്ങള്‍  ലെഗിയല്‍ ഗോള്‍മുഖത്ത് അക്രമണം അഴിച്ചുവിട്ടു. കളിയുടെ മുഴുവന്‍ സമയങ്ങളിലും കളി മികവുയര്‍ന്നു നിന്ന റയല്‍ താരങ്ങളുടെ പ്രകടനത്തിന് മുന്നില്‍ ലെഗിയന്‍ താരങ്ങളുടെ പോരാട്ട വീര്യം ചോര്‍ന്നൊലിച്ചു.
ആദ്യ പകുതി തീരും മുന്‍പേ റയലിനു വേണ്ടി അസന്‍സിയോ വീണ്ടും ഗോള്‍ നേടി. 37ാം മിനിറ്റില്‍ അസന്‍സിയോയാണ് റയലിനുവേണ്ടി മൂന്നാം ഗോള്‍ നേടിയത്. ആദ്യ പകുതി കളി പിരിയുമ്പോള്‍ 3-1 ന്റെ ആധികാരിക ലീഡോഡെയാണ് റയല്‍ കളം വിട്ടത്.
രണ്ടാം പകുതിയില്‍ റയല്‍ കൂടതല്‍ അക്രമാസക്തമായി കളിതുടര്‍ന്നു. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോ ലെഗിയന്‍ ഗോള്‍മുഖത്ത് അക്രമിച്ചുകൊണ്ടേയിരുന്നുവെങ്കിലും ഗോളിലേക്കെത്തിയില്ല. രണ്ടാം പകുതിയില്‍ വാസ്‌കസ് ആദ്യം റയലിന് വേണ്ടി വീണ്ടും ലീഡുയര്‍ത്തി. കളിയുടെ 68ാം മിനിറ്റില്‍ വാസ്‌കസ് മികച്ച ഷോട്ടിലൂടെ നേടിയ ഗോളിലൂടെ റയല്‍ ഗോള്‍നില 4-1 എന്ന നിലയിലാക്കി. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മൊറാറ്റ റയലിനായി അവസാനത്തെ ഗോളും നേടി. 84ാം മിനിറ്റിലായിരുന്നു മൊറാറ്റയുടെ ഗോള്‍. കളി മുഴുവന്‍ സമയവും പൂര്‍ത്തിയാക്കുമ്പോള്‍ 5-1 ന്റെ തകര്‍പ്പന്‍ ജയവുമായാണ് റയല്‍ കളി പിരിഞ്ഞത്.
കളിയിലുടനീളം കാഴ്ച്ചക്കാരായിരുന്ന ലെഗിയക്കുവേണ്ടി ആശ്വാസ ഗോള്‍ നേടിയത് റോഡ്‌വിക്കാണ്. കളിയുടെ 22ാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍ട്ടിയെ ലക്ഷ്യത്തിലെത്തിച്ചാണ് ലെഗിയ ഗോള്‍ നേടിയത്.
ചാംപ്യന്‍സ് ലീഗിലെ മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കൊമ്പന്‍മാരായ റയല്‍ വിജയകുതിപ്പു തുടരുകയാണ് സിനദിക് സിദാന്റെ ശിക്ഷണത്തിലിറങ്ങുന്ന നിലവിലെ ചാംപ്യന്‍മാര്‍ക്കൂടിയായ റയല്‍ സീസണിലെ മികച്ച പ്രകടനം തുടരുകയാണ്.
ജയത്തോടെ ബൊറൂസ്യ
ചാംപ്യന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട്- സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ മല്‍സരത്തില്‍ 2-1 ന് ബൊറൂസ്യ വിജയിച്ചു. പോരാട്ടം നിറഞ്ഞുനിന്ന കളിയില്‍   വിജയം ബൊറൂസ്യക്കൊപ്പമായിരുന്നു. കളിയുടെ 9ാം മിനിറ്റില്‍ പെറി എംറിക്, 43ാം മിനിറ്റില്‍ ജൂലിയന്‍ വിഗല്‍ എന്നിവരാണ് ബൊറൂസ്യക്കുവേണ്ടി വലകുലുക്കിയത്. സ്‌പോര്‍ട്ടിങിന് വേണ്ടി ബ്രൂണോ സീസര്‍ 67ാം മിനിറ്റിലും ഗോള്‍ നേടി.
ടോട്ടനം- ബയേര്‍ മല്‍സരം സമനിലയില്‍
ടോട്ടനം ഹോട്‌സ്പര്‍- ബയേര്‍ ലെവര്‍ക്യൂസന്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. തുല്യ ശക്തികള്‍തമ്മിലേറ്റുമുട്ടിയ മല്‍സരത്തില്‍ ഇരു പാതങ്ങളിലൂമായി ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വലകുലുക്കാനായില്ല.
യുവന്റസിന് ജയം
പ്രതിരോധത്തിലെ മിന്നും താരമായ ജോര്‍ജിയോ കിയേലിനിയിയുടെഅഭാവത്തിലും യുവന്റസിന് ജയം. യുവന്റസ് – ലിയോണ്‍ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുവന്റസ് വിജയിച്ചു. അക്രമണ ഫുട്‌ബോള്‍ ശൈലിയില്‍ കളിച്ച ഇരു ടീമുകളും മല്‍സരത്തിലുടെനീളം ഫൗളുകളും ഏറ്റുവാങ്ങി. യുവന്റസ് താരം മരിയോ ലെമിന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത യുവന്റ്‌സിന് വേണ്ടി ജുവാന്‍ കുട്രാഡോ വിജയ ഗോള്‍ സ്വന്തമാക്കി.
കരുത്തുകാട്ടി ലെസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗിലെ തിരിച്ചടികള്‍ക്ക് ജയം കൊണ്ടു മറുപടി പറഞ്ഞ് ലെസ്റ്റര്‍ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി കോബന്‍ഹാഗനെ തകര്‍ത്താണ് ലെസ്റ്റര്‍ വിജയമാഘോഷിച്ചത്. ചെല്‍സിക്കെതിരേ മൂന്നു ഗോളുകള്‍ക്ക് ലെസ്റ്റര്‍ തോല്‍വി വഴങ്ങിയിരുന്നു. ചെല്‍സിക്കെതിരേ കളിക്കാതിരുന്ന അല്‍ജീരിയന്‍ പ്ലേമേക്കര്‍ റിയാദ് മെഹ്‌റസ് കളിയുടെ 40ാം മിനിറ്റില്‍ നേടിയ മികച്ച ഗോളിലൂടെയാണ് ലെസ്റ്റര്‍ വിജയമാഘോഷിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയിച്ച ഗ്രൂപ്പില്‍ തലപ്പത്തു നില്‍ക്കുന്ന ലെസ്റ്റര്‍ മൂന്നാം ജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി.
പോര്‍ട്ടോ കളിച്ചുനേടി
ക്ലബ് ബ്രൂഗ്- പോര്‍ട്ടോ മല്‍സരത്തില്‍ പോര്‍ട്ടോക്ക് ജയം. 2-1 നാണ് പോര്‍ട്ടോ വിജയമാഘോഷിച്ചത്. ആദ്യ പകുതിയുടെ 12ാം മിനിറ്റില്‍ത്തന്നെ ഗോള്‍നേടി ബ്രൂഗ് പോര്‍ട്ടോയെ ഞെട്ടിച്ചു.
രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ നേടി പോര്‍ട്ടോ മല്‍സരത്തില്‍ തിരിച്ചെത്തി. 68ാം മിനിറ്റില്‍ മിഗ്യൂല്‍ ലയൂണും 90ാം മിനിറ്റില്‍ ആന്‍ന്ദ്രേ സില്‍വയുമാണ് പോര്‍ട്ടോക്കായിവലകുലുക്കിയത.്  മല്‍സരത്തില്‍ തുടക്കത്തിലേ ലീഡില്‍ നിന്നശേഷമാണ് ബ്രൂഗ് കളി കൈവിട്ടത്.  ഗോള്‍ നേടിയ ശേഷം പ്രതിരോധത്തിലേക്ക് ബ്രൂഗ് താരങ്ങള്‍ ഒതുങ്ങിയപ്പോള്‍ രണ്ടാം പകുതിയില്‍ കടന്നാക്രമിച്ച് പോര്‍ട്ടോ മല്‍സരം നേടിയെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക