|    Dec 13 Thu, 2018 3:31 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഗോള്‍വാള്‍ക്കര്‍ സിഐഎ ഏജന്റോ?

Published : 31st May 2017 | Posted By: fsq

 

ജെ  രഘു

ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ മരണത്തെ തുടര്‍ന്ന് 1940ല്‍ സര്‍സംഘ്ചാലകായി അവരോധിതനായ ഗോള്‍വാള്‍ക്കറുടെ മുഖ്യ സംഭാവന, പരമ്പരാഗത പ്രത്യയശാസ്ത്രമായ ‘ഹിന്ദുരാഷ്ട്രവാദ’ത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുമായി സമന്വയിപ്പിച്ചു എന്നതാണ്. ഹിന്ദുത്വമെന്നാല്‍ മുസ്‌ലിംവിരുദ്ധതയും ജാതിവ്യവസ്ഥയുടെ സംരക്ഷണവുമായാണ് ആര്‍എസ്എസുകാര്‍ മനസ്സിലാക്കിയിരുന്നത്. ‘ഹിന്ദുയിസം ദേശീയവാദ’മാണെന്നായിരുന്നു ഹെഡ്‌ഗേവാര്‍ നല്‍കിയ നിര്‍വചനം. ഈ നിര്‍വചനത്തിന് ഇന്ത്യക്കകത്തുള്ള ഹിന്ദുത്വവാദികളെ ആകര്‍ഷിക്കാനും മുസ്‌ലിംവിരുദ്ധ വികാരത്തെ കൂടുതല്‍ വിജൃംഭിതമാക്കാനും കഴിയുമെന്നത് ശരിയാണ്. പക്ഷേ, ഇന്ത്യക്കു പുറത്ത്, പ്രത്യേകിച്ചും സാമ്രാജ്യത്വരാജ്യങ്ങളുടെ സമകാലിക രാഷ്ട്രീയസന്ദര്‍ഭത്തില്‍, ഈ നിര്‍വചനത്തിനു കാര്യമായ പ്രതികരണമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

1940കള്‍ എന്നത്, മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ സോവിയറ്റ് യൂനിയനോടും കമ്മ്യൂണിസത്തോടുമുള്ള എതിര്‍പ്പ് ശക്തമാക്കിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു. അമേരിക്കയെ വെല്ലുവിളിക്കാന്‍ പോന്ന സോവിയറ്റ് യൂനിയന്റെ സൈനിക-സാങ്കേതിക ശക്തി പാശ്ചാത്യ ചേരിക്കാകെ ഭീഷണിയായി മാറിയിരുന്നു.  ഇസ്‌ലാം-ദലിത് വിരോധത്തിന്റെ അടിസ്ഥാനത്തില്‍ ഹെഡ്‌ഗേവാര്‍ സൃഷ്ടിച്ച സംഘടനാ സംവിധാനത്തിനും പ്രത്യയശാസ്ത്രത്തിനും പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയ അന്തര്‍ധാരയെ പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ‘സോഷ്യലിസമല്ല, പകരം ഹിന്ദുയിസം’ എന്ന കുപ്രസിദ്ധ മുദ്രാവാക്യത്തിലൂടെ ഗോള്‍വാള്‍ക്കര്‍ ഈ ന്യൂനതയാണു പരിഹരിച്ചത്.

ഈ മുദ്രാവാക്യത്തിലൂടെ, ഇന്ത്യക്കകത്തും പുറത്തുമുള്ള കമ്മ്യൂണിസ്റ്റ്‌വിരുദ്ധ ശക്തികള്‍ക്ക് ഗോള്‍വാള്‍ക്കര്‍ വലിയൊരു സന്ദേശമാണു നല്‍കിയത്. സോവിയറ്റ് യൂനിയന്റെ സ്വാധീനത്തെയും കമ്മ്യൂണിസ്റ്റ് ആശയവ്യാപനത്തെയും പ്രതിരോധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ലോകമെമ്പാടും സഖ്യശക്തികളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയ കാലമായിരുന്നു ഇത്. ഇന്ത്യയിലെ കമ്മ്യൂണിസത്തെ നേരിടാന്‍ ആര്‍എസ്എസിന്റെ അര്‍ധ-സൈനിക സംഘടനാ സംവിധാനം ലഭ്യമാണ് എന്ന സന്ദേശമാണ് ഈ മുദ്രാവാക്യത്തിലൂടെ ഗോള്‍വാള്‍ക്കര്‍ സിഐഎക്ക് നല്‍കിയത്. രണ്ടാം ലോകയുദ്ധനാളുകളില്‍ അമേരിക്കയുണ്ടാക്കിയ ഒരു ചാരസംഘടനയാണ് സിഐഎ. യുദ്ധം കഴിഞ്ഞതോടെ സിഐഎ അപ്രസക്തമായി എന്നു കരുതിയിരിക്കുമ്പോഴാണ്, കമ്മ്യൂണിസം സാമ്രാജ്യത്വത്തിന് ഭീഷണിയുയര്‍ത്തിയത്.

അങ്ങനെയാണ് കമ്മ്യൂണിസത്തിന്റെ ആഗോളവ്യാപനത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ദൗത്യം സിഐഎയില്‍ നിക്ഷിപ്തമാവുന്നത്. കൊളോണിയല്‍ ഭരണം അവസാനിക്കുകയും ഏഷ്യനാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ദേശീയ ഗവണ്‍മെന്റുകള്‍ രൂപീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍, കമ്മ്യൂണിസ്റ്റ് സ്വാധീനം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും സിഐഎ നിയോഗിക്കപ്പെട്ടു.  പുതിയതായി സ്വാതന്ത്ര്യം നേടുന്ന രാജ്യങ്ങളില്‍ ഏറ്റവുമധികം ലോകശ്രദ്ധ നേടുന്നത് ഇന്ത്യയായിരിക്കും. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആഭിമുഖ്യവും മതേതരത്വ പ്രതിബദ്ധതയും ഇന്ത്യക്കകത്തുള്ള ഫ്യൂഡല്‍-ഹിന്ദുത്വശക്തികള്‍ക്കും ആശങ്കയുണ്ടാക്കിയിരുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ ആഭ്യന്തരവും ബാഹ്യവുമായ കമ്മ്യൂണിസ്റ്റ്‌വിരുദ്ധ ശക്തികളുടെ വിശ്വാസം ആര്‍ജിക്കുന്നതിനുവേണ്ടിയാണ് ഗോള്‍വാള്‍ക്കര്‍, സോഷ്യലിസമല്ല, മറിച്ച് ഹിന്ദുയിസമെന്ന മുദ്രാവാക്യം ഉയര്‍ത്തിയതെന്നു ന്യായമായും അനുമാനിക്കാം. 1929ല്‍ നെഹ്‌റു കോണ്‍ഗ്രസ് പ്രസിഡന്റാവുകയും സോഷ്യലിസ്റ്റ് മതേതരാശയങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ആര്‍എസ്എസ് കോണ്‍ഗ്രസ്സിനെയും നെഹ്‌റുവിനെയും മുഖ്യശത്രുക്കളായി കാണാന്‍ തുടങ്ങിയത്. 1937-40 വര്‍ഷങ്ങള്‍ ആര്‍എസ്എസ് സംഘടനാപ്രവര്‍ത്തനം അക്രമോല്‍സുകമായി വികസിച്ചുവെന്ന് ജീന്‍ എ കുറാന്‍ നിരീക്ഷിക്കുന്നു. എന്നാല്‍, ഗോള്‍വാള്‍ക്കര്‍ സര്‍സംഘ്ചാലകായി അവരോധിതനായതിനുശേഷമാണ് ആര്‍എസ്എസ് മഹാരാഷ്ട്രയ്ക്കു പുറത്തേക്ക് വ്യാപിക്കുന്നത്. കാരണം, ഒരു പരമ്പരാഗത മഹാരാഷ്ട്ര ബ്രാഹ്മണനായിരുന്ന ഹെഡ്‌ഗേവാറിന് പ്രായോഗികമായി മഹാരാഷ്ട്രയ്ക്കപ്പുറം ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എപ്പോഴും ഒരു ഹനുമാന്‍പ്രതിമ കൈയില്‍ കരുതിയിരുന്ന ഹെഡ്‌ഗേവാറിന് മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരെ ആകര്‍ഷിക്കാനും കഴിഞ്ഞില്ല. ഗോള്‍വാള്‍ക്കര്‍ നേതൃത്വത്തിലെത്തുന്നതു വരെ ആര്‍എസ്എസ് ശാഖകളില്‍ പ്രാര്‍ഥന ചൊല്ലിയിരുന്നത് മറാത്തി ഭാഷയിലായിരുന്നു. ശാഖയിലെ മിക്ക അനുഷ്ഠാനങ്ങളും മധ്യകാല ആചാരങ്ങളെ അനുസ്മരിപ്പിച്ചിരുന്നു. പെഷ്‌വാ ഭരണം നഷ്ടപ്പെട്ടതിലുള്ള മോഹഭംഗവും അതു പുനസ്ഥാപിക്കാന്‍ ആഗ്രഹിച്ച മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്മണരുടെ ജീര്‍ണമായ ഭാവുകത്വവുമാണ് ഹെഡ്‌ഗേവാറിനെ നയിച്ചത്. ശാഖയിലെ നിത്യപ്രാര്‍ഥന സംസ്‌കൃതത്തിലേക്കു മാറ്റുകയും മധ്യകാല അനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്ത ഗോള്‍വാള്‍ക്കറാണ് ആര്‍എസ്എസിനെ മഹാരാഷ്ട്രയ്ക്കു പുറത്തെത്തിച്ചത്.

ഈ കാലയളവില്‍ ആര്‍എസ്എസ് സ്വീകരിച്ച നിലപാടുകളെക്കുറിച്ച്, സിഐഎയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പസഫിക് റിലേഷന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സംഘടനയുടെ തലപ്പത്തുണ്ടായിരുന്ന ജീന്‍ എ കുറാന്‍ നടത്തിയ നിരീക്ഷണം നോക്കുക: ”ഇന്ത്യയിലെ ഇടതുപക്ഷശക്തികള്‍ കൂടുതല്‍ സ്വാധീനം ആര്‍ജിക്കുകയും ഇന്ത്യയുടെ പരമാധികാരത്തിനു ഭീഷണിയാവുന്ന കമ്മ്യൂണിസത്തെ നേരിടാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിനു കഴിയാതെവരുകയും ചെയ്താല്‍ അതിന്റെ നേട്ടം ആര്‍എസ്എസിനായിരിക്കും. ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുദേശീയത മാര്‍ക്‌സിസ്റ്റ് വിരുദ്ധരുടെ റാലിയിങ് പോയിന്റായിരിക്കും.” സിഐഎയുടെയും ആര്‍എസ്എസിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ താല്‍പര്യങ്ങള്‍ സന്ധിക്കുന്ന ചരിത്രസന്ധിയിലാണ് ഗോള്‍വാള്‍ക്കര്‍ സര്‍സംഘ്ചാലക് ആവുന്നത്.

അതിനാല്‍ സിഐഎ ഗോള്‍വാള്‍ക്കറെ അവരുടെ ഏജന്റായി ഉപയോഗിച്ചിരുന്നോ എന്നും അതിന് ഗോള്‍വാള്‍ക്കര്‍ക്കും ആര്‍എസ്എസിനും പ്രതിഫലം ലഭിച്ചിരുന്നോ എന്നുമുള്ള കാര്യങ്ങള്‍ കൂടുതല്‍ ഗവേഷണ പഠനം അര്‍ഹിക്കുന്ന വിഷയങ്ങളാണ്. 1940ല്‍ ഗോള്‍വാള്‍ക്കര്‍ സര്‍സംഘ്ചാലക് സ്ഥാനം ഏറ്റെടുക്കുമ്പോള്‍, ആര്‍എസ്എസിനു വെറും 50 ശാഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്വയംസേവകരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയും. 1973ല്‍ ഗോള്‍വാള്‍ക്കര്‍ മരിക്കുമ്പോള്‍ ശാഖകളുടെ എണ്ണം പതിനായിരമായും അംഗസംഖ്യ ഒരു ദശലക്ഷമായും വര്‍ധിച്ചു. രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴിലാളി, ആദിവാസി മേഖലകളിലെല്ലാം നൂറുകണക്കിന് പോഷകസംഘടനകള്‍ രൂപീകരിച്ചു.

1960കളുടെ അവസാനവര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ നയങ്ങള്‍ കൂടുതല്‍ ഇടതുപക്ഷോന്മുഖമായിത്തീര്‍ന്നു. 1969ലെ പിളര്‍പ്പിനെ തുടര്‍ന്ന് വലതുപക്ഷ-ഹിന്ദുത്വാനുകൂല ശക്തികളുടെ പിടിയില്‍നിന്ന് കോണ്‍ഗ്രസ്സിനെ മോചിപ്പിക്കുന്നതില്‍ ഇന്ദിരാഗാന്ധി വിജയിക്കുകയും ചെയ്തു. ബാങ്ക് ദേശസാല്‍ക്കരണം, കല്‍ക്കരി ഖനികളുടെ ദേശസാല്‍ക്കരണം, ഭക്ഷ്യധാന്യങ്ങളുടെ മൊത്തവിതരണം പൊതുമേഖലയ്ക്കു കീഴിലാക്കിയ നടപടി, പ്രിവിപഴ്‌സ് നിര്‍ത്തലാക്കല്‍, 1971ല്‍ സോവിയറ്റ് യൂനിയനുമായി ഉണ്ടാക്കിയ സൗഹൃദ സഹകരണ ഉടമ്പടി തുടങ്ങിയവ ഇന്ദിരാഗാന്ധിയുടെ ഇടതുപക്ഷ പ്രതിച്ഛായ ദൃഢമാക്കി. ദിഗോഗാര്‍ഷ്യയിലെ അമേരിക്കന്‍ സൈനികത്താവളം, വിയറ്റ്‌നാം യുദ്ധം എന്നീ കാര്യങ്ങളിലും ഇന്ദിരാഗാന്ധി ശക്തമായ അമേരിക്കന്‍വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. എല്ലാറ്റിനുമുപരി, 1973ലെ ബംഗ്ലാദേശ് വിമോചനയുദ്ധ വിജയത്തോടെ ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവം അലംഘനീയമായിത്തീര്‍ന്നു.

യുദ്ധത്തില്‍നിന്നു പിന്തിരിയണമെന്ന അമേരിക്കന്‍ സമ്മര്‍ദത്തെ ഇന്ദിരാഗാന്ധി നിസ്സാരമായി അവഗണിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യം ഏറ്റവുമധികം അസ്വസ്ഥമാക്കിയത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയായിരുന്നു. അതിനാല്‍ ഇന്ദിരാഗാന്ധി ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുകയെന്നത് അമേരിക്കയുടെ താല്‍പര്യമായിരുന്നു. എന്നാല്‍, 1970കളുടെ തുടക്കത്തിലെ എണ്ണവില വര്‍ധന, മോശം കാലാവസ്ഥയുടെ ഫലമായുണ്ടായ കാര്‍ഷികത്തകര്‍ച്ചയും ഭക്ഷ്യോല്‍പ്പന്ന വിലവര്‍ധനയും വ്യവസായ മാന്ദ്യവും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അസംതൃപ്തി എന്നിവ പരമാവധി മുതലെടുക്കാന്‍ ആര്‍എസ്എസ് നേതൃത്വം ആഗ്രഹിച്ചെങ്കിലും ഗാന്ധിഘാതകര്‍ എന്ന പ്രതിച്ഛായ മൂലം അവര്‍ക്കു പൊതുമണ്ഡലത്തില്‍ പരസ്യമായി പ്രത്യക്ഷപ്പെടുക അത്ര എളുപ്പമായിരുന്നില്ല. ഇതേ കാലയളവിലാണ് ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധിക്കെതിരായി രംഗത്തുവരുന്നത്.

സ്വാതന്ത്ര്യസമര പ്രതിച്ഛായയുണ്ടായിരുന്ന ജയപ്രകാശ് നാരായണന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചത്. ജയപ്രകാശ് നാരായണനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും മറയാക്കിക്കൊണ്ട് പൊതു രാഷ്ട്രീയരംഗത്ത് സജീവമാകാനുള്ള പദ്ധതികള്‍ ആര്‍എസ്എസ് ആവിഷ്‌കരിച്ചു. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തായിരുന്നു വാസ്തവത്തില്‍ നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ സമരത്തെ ജനകീയമാക്കിയത് ആര്‍എസ്എസിന്റെ തൊഴിലാളിവിഭാഗമായ ബിഎംഎസ് ആയിരുന്നു. ജയപ്രകാശ് നാരായണന്റെ പഴയ സോഷ്യലിസ്റ്റ് സഹപ്രവര്‍ത്തകര്‍ ആര്‍എസ്എസിന്റെ ഗൂഢപദ്ധതിയെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയാണുണ്ടായത്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും സര്‍ദാര്‍ പട്ടേലിന്റെ മൃദുസമീപനത്തെ ശക്തമായി അപലപിക്കുകയും ചെയ്ത ജയപ്രകാശ് നാരായണന്‍, തന്റെ സമ്പൂര്‍ണ വിപ്ലവത്തിന്റെ വിശ്വസ്ത സൈനികരായി ആര്‍എസ്എസിനെ കാണാന്‍ തുടങ്ങിയെന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ വലിയൊരു ഐറണിയാണ്.

അക്കാലത്തു ഡല്‍ഹിയില്‍ നടന്ന ജനസംഘത്തിന്റെ സമ്മേളനത്തില്‍ ജയപ്രകാശ് നാരായണന്‍ പ്രസംഗിച്ചത് ഇങ്ങനെയാണ്: ”നിങ്ങള്‍ ഫാഷിസ്റ്റാണെങ്കില്‍, ഞാനുമൊരു ഫാഷിസ്റ്റാണ്.” ഗാന്ധിവധത്തിന്റെ ചോരക്കറയും പേറി, സ്വന്തം ശാഖകളുടെ നിഗൂഢതയില്‍ ഒതുങ്ങേണ്ടിവന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചാണ് ജയപ്രകാശ് നാരായണന്‍ ഇങ്ങനെ പറയുന്നതെന്നോര്‍ക്കണം! ഫാഷിസത്തിന് ഇതിലും വലിയ ബഹുമതി ലഭിക്കാനുണ്ടോ? ധര്‍മം പുനസ്ഥാപിക്കാനായി ഹിമാലയസാനുക്കളില്‍നിന്ന് ഇറങ്ങിവന്ന സാക്ഷാല്‍ ‘ഋഷി’യായാണ് ആര്‍എസ്എസിന്റെ പുതിയ സംഘ്ചാലക് ആയിരുന്ന ബാലാസാഹെബ് ദേവറസ് ജയപ്രകാശ് നാരായണനെ വാഴ്ത്തിയത്. ഈ ഋഷിയുടെ ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ രക്ഷാകര്‍തൃത്വത്തിലൂടെയാണ് ഗാന്ധിഘാതകര്‍ എന്ന പ്രതിച്ഛായയില്‍നിന്ന് ആര്‍എസ്എസ് മുക്തമാവുകയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തുകയും ചെയ്തത്.

1970കളില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന കടുത്ത സമ്മര്‍ദം ഇന്ദിരാഗാന്ധിക്കുമേല്‍ ഉണ്ടായിരുന്നു. നിരോധനത്തെ മറികടക്കാനുള്ള ഉപായം കൂടിയായിരുന്നു ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ജയപ്രകാശ് നാരായണനുമായുള്ള സഖ്യം. ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിലെ മുഖ്യ പങ്കാളിയായതോടെ ആര്‍എസ്എസിനെ ഒറ്റതിരിച്ച് നിരോധിച്ചാല്‍ അത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഇന്ദിരാഗാന്ധിക്ക് അറിയാമായിരുന്നു. മറുവശത്താവട്ടെ, ഇന്ദിരാഗാന്ധിയുടെ പ്രീതി സമ്പാദിക്കുന്നതിനുവേണ്ടി ജയപ്രകാശ് നാരായണനെ തള്ളിപ്പറയാനും ആര്‍എസ്എസിനു മടിയുണ്ടായിരുന്നില്ല. ആര്‍എസ്എസ് നേതൃത്വം പ്രക്ഷോഭം പിന്‍വലിക്കണമെന്ന് ജെപിക്കു മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു.

ആര്‍എസ്എസിന്റെ അന്തസ്സുകെട്ടതും ഭീരുത്വപൂര്‍ണവുമായ നിലപാടുകളെക്കുറിച്ച് മധുലിമായെ പറയുന്നു: ”പൊതുമേഖലയെ തള്ളിപ്പറയുകയും സ്വതന്ത്ര മുതലാളിത്തത്തിനുവേണ്ടി വാദിക്കുകയും ചെയ്ത സഞ്ജയ് ഗാന്ധിയെ മഹാനായ നേതാവെന്നാണ് ആര്‍എസ്എസുകാര്‍ വിശേഷിപ്പിച്ചത്. ആര്‍എസ്എസിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി… നിയമവിരുദ്ധമായ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കാന്‍ പോലിസിനോടും പട്ടാളത്തോടും ജെപി നടത്തിയ ആഹ്വാനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ആര്‍എസ്എസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാരിന്റെ പ്രീതി സമ്പാദിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ ആര്‍എസ്എസ് തയ്യാറായിരുന്നു.” ഇന്ദിരാഗാന്ധിയുടെ പതനത്തിനുശേഷം ജനതാ പാര്‍ട്ടിയുടെ നേതാക്കള്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ആര്‍എസ്എസ് തലവന്‍ ബാലാസാഹെബ് ദേവറസ് അഖിലേന്ത്യാ പര്യടനം സംഘടിപ്പിക്കുകയും അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആസൂത്രണം ചെയ്ത സമ്മേളനങ്ങളില്‍, അടിയന്തരാവസ്ഥയ്‌ക്കെതിരായ ‘ജനാധിപത്യ പ്രസ്ഥാന’ത്തിനു നേതൃത്വം നല്‍കിയതും ഇന്ത്യയില്‍ ജനാധിപത്യം പുനസ്ഥാപിച്ചതും ആര്‍എസ്എസ് ആണെന്നു സ്ഥാപിക്കുകയായിരുന്നു ദേവറസിന്റെ ലക്ഷ്യം. എന്നാല്‍ ആര്‍എസ്എസുകാര്‍ ഭീരുക്കളും വഞ്ചകരുമാണെന്ന് അടിയന്തരാവസ്ഥ തെളിയിച്ചുവെന്നാണ് മധുലിമായെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കുക: ”അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയെന്ന് ആര്‍എസ്എസ് അവകാശപ്പെടുന്നു. ഇതിനു സത്യവുമായി പുലബന്ധംപോലുമില്ല.

നിരോധനം അവരെ ഭയപ്പെടുത്തുകയാണുണ്ടായത്. ജയിലിലടയ്ക്കപ്പെട്ട ആര്‍എസ്എസുകാരുടെ മനോവീര്യം തകര്‍ന്നു. ഭൂരിപക്ഷം ആര്‍എസ്എസ് തടവുകാരും നിരുപാധികം മാപ്പപേക്ഷിച്ചു. അറസ്റ്റ് ഒഴിവാക്കുന്നതിനുവേണ്ടി പലരും ആര്‍എസ്എസിനെയും ജനസംഘത്തെയും തള്ളിപ്പറയാന്‍ പോലും തയ്യാറായി. ആര്‍എസ്എസുകാരുടെ വ്യക്തിത്വമിതാണ്.”സോവിയറ്റ്-കമ്മ്യൂണിസ്റ്റ് വിരുദ്ധ ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന വര്‍ഷങ്ങളിലാണ് ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസ് സര്‍സംഘ്ചാലക് ആയി പ്രവര്‍ത്തിച്ചത്. കമ്മ്യൂണിസത്തെ തകര്‍ക്കുന്നതിനുവേണ്ടി ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും സിഐഎ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ പ്രോല്‍സാഹിപ്പിക്കുകയും പണം ഉള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

സോഷ്യലിസമല്ല, മറിച്ച് ഹിന്ദുയിസം എന്ന മുദ്രാവാക്യം ഗോള്‍വാള്‍ക്കര്‍ ഉയര്‍ത്തിയതു തന്നെ ഒരുപക്ഷേ, സിഐഎയുടെ ചാരശൃംഖലയില്‍ അംഗമാവാനുള്ള സന്നദ്ധതയുടെ പരോക്ഷ പ്രഖ്യാപനമാവാം. ഇതു ശരിയാണെങ്കില്‍ സിഐഎയുടെ ഇന്ത്യയിലെ എക്കാലത്തെയും വലിയ ‘ചാരന്റെ’ ദൗത്യമാണ് ആര്‍എസ്എസുകാര്‍ ഗുരുജി എന്നു മാത്രം വിളിക്കുന്ന ഗോള്‍വാള്‍ക്കര്‍ അനുഷ്ഠിച്ചതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനാവില്ല. സമകാലിക ഇന്ത്യയില്‍ രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ ഗുരുജി ലോകത്തെ ഏറ്റവും വലിയ ചാരസംഘടനയുടെ ഏജന്റായിരുന്നു എന്ന വാദം വസ്തുതയാണെങ്കില്‍, അവരുടെ ദേശീയതയും ദേശസ്‌നേഹവും ചാരവൃത്തിയുടെ പ്രച്ഛന്നരൂപമായി ഭവിക്കുന്നു.

(കടപ്പാട്: ജനശക്തി, 2017 മെയ് 16)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss