|    Mar 23 Fri, 2018 10:54 am
Home   >  Todays Paper  >  page 11  >  

ഗോള്‍മഴയിലും ബ്ലാസ്‌റ്റേഴ്‌സ് വീണു

Published : 28th October 2015 | Posted By: SMR

പൂനെ: ഗോള്‍ മഴ വര്‍ഷിച്ചിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടക്കാലം തീരുന്നില്ല. ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ പൂനെ സിറ്റിയോടും നിലവിലെ റണ്ണേഴ്‌സപ്പായ ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇത്.
മലയാളി താരം മുഹമ്മദ് റാഫിയുടെ ഇരട്ട ഗോളിന് അതേ നാണയത്തില്‍ പൂനെയുടെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ കാലു ഉചെ മറുപടി പറഞ്ഞപ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്നുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹവും പൊളിഞ്ഞു. അഞ്ചു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ പൂനെ സ്വന്തം തട്ടകത്തില്‍ വീഴ്ത്തിയത്.
വിജയത്തോടെ പൂനെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും അവസാന സ്ഥാനത്ത് തുടരുകയാണ്.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ ഇരു ടീമും കൂടി നേടിയിരുന്നു. എന്നാല്‍, രണ്ടാംപകുതിയില്‍ തുന്‍കെ സാന്‍ലിയിലൂടെ വിജയഗോള്‍ നേടി പൂനെ ആഹ്ലാദ നൃത്തമാടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് പരാജയ കഥയില്‍ തേങ്ങനെ സാധിച്ചുള്ളൂ. പ്രതിരോധത്തിലെ വിള്ളലുകലാണ് മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും തിരിച്ചടിയായത്.
ഐഎസ്എല്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളിലൂടെ റാഫി മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ആദ്യം മുന്നിലെത്തിച്ചിരുന്നു. കളി തുടങ്ങി ഒന്നാം മിനിറ്റിലായിരുന്നു റാഫിയുടെ ഗോള്‍. ക്രിസ്റ്റഫര്‍ ഡാഗ്‌നല്‍ നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ റാഫി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍, 16ാം മിനിറ്റില്‍ ഉചെയിലൂടെ പൂനെ തിരിച്ചടിച്ചു. നികി ഷോറെയുടെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് പിഴച്ചപ്പോള്‍ ഹെഡ്ഡറിലൂടെ ഉചെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പക്ഷേ, 23ാം മിനിറ്റില്‍ ഉചെയിലൂടെ പൂനെ മല്‍സരത്തില്‍ ലീഡ് പിടിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പോരായ്മയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കബളിപ്പിച്ചതിനു ശേഷം ഷോറെ നല്‍കിയ മനോഹരമായ പാസ് ബ്ലാസ്റ്റേഴ്‌സ് ഗോളിയെ കാഴ്ചയ്ക്കാരനാക്കി ഉചെ നിറയൊഴിക്കുകയായിരുന്നു. സീസണില്‍ ഉചെയുടെ നാലാം ഗോള്‍ നേട്ടം കൂടിയാണിത്.
എന്നാല്‍, ഏഴു മിനിറ്റുകള്‍ക്കകം റാഫി ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പ്രതീക്ഷ നല്‍കി. 30ാം മിനിറ്റില്‍ ജോസു കുര്യാസ് നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ റാഫി പൂനെയുടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. സീസണില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് റാഫിയുടെ നാലാം ഗോളായിരുന്നു ഇത്. ഇതോടെ ആദ്യപകുതിയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നിന്ന് പിരിഞ്ഞു.
70ാം മിനിറ്റില്‍ റാഫിയെ പിന്‍വലിച്ച് കെവിന്‍ ലോബോയെ കളത്തിലിറക്കിയ കോച്ച് പീറ്റര്‍ ടെയ്‌ലറിനെ തന്ത്രം പാളിയെന്ന് പിന്നീട് മല്‍സരം തെളിയിച്ചു.
റാഫി കളംവിട്ട് രണ്ടു മിനിറ്റുകള്‍ക്കകം പൂനെ വിജയഗോള്‍ കണ്ടെത്തി. 72ാം മിനിറ്റില്‍ തുര്‍ക്കി സ്‌ട്രൈക്കര്‍ തുന്‍കെ സാന്‍ലിയാണ് ബ്ലാസ്റ്റേഴ്‌സിനെ സ്തംബ്ധരാക്കി പൂനെയുടെ വിജയഗോള്‍ നിക്ഷേപിച്ചത്. ഷോറെ തന്നെയായിരുന്നു പൂനെയുടെ മൂന്നാം ഗോളിനും വഴിയൊരുക്കിയത്. വേഗതയിലുള്ള ഷോറെയുടെ ക്രോസ് ഉജ്ജ്വല ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
പിന്നീട് സമനില ഗോളിനായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു. കളിയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ശനിയാഴ്ച ഹോംഗ്രൗണ്ടില്‍ ശക്തരും പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരുമായ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss