|    Dec 11 Tue, 2018 5:40 am
FLASH NEWS
Home   >  Sports  >  Football  >  

ഗോളാരവങ്ങളിലേക്ക് ഇനി 50 നാള്‍

Published : 25th April 2018 | Posted By: vishnu vis

 

മോസ്‌കോ: കാല്‍പന്ത് പൂരത്തിന്റെ ആവേശകാഴ്ചകള്‍ക്കായുള്ള കാത്തിരിപ്പിന് ഇനി 50 നാള്‍ ദൂരം. ലോകത്തിന്റെ കണ്ണും കാതും മനസും റഷ്യയിലെ സ്‌റ്റേഡിയങ്ങളില്‍ ഒത്തുചേരുമ്പോള്‍ കാല്‍പന്തില്‍ ഇനി ഉല്‍സവകാലം. ഇനിയുള്ള ഓരോ നാളുകളും അവസാന വട്ട പടയൊരുക്കത്തിനായുള്ളതാണ്. മൂര്‍ച്ചകൂട്ടി രാകി മിനുക്കി 32 ടീമുകള്‍ കാല്‍പന്തില്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നത് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. റഷ്യയിലെ 11 നഗരങ്ങളിലെ 12 വേദികളില്‍ നടക്കുന്ന 64 മല്‍സരങ്ങള്‍ തീരുമാനിക്കും ലോകഫുട്‌ബോളിന്റെ രാജാവാരെന്ന്. ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയ ലോക ഫുട്‌ബോളിനെ കളിക്കരുത്തുകൊണ്ട് അടക്കിവാണ പല പ്രതിഭകളുടെയും അവസാന ലോകകപ്പ് കൂടിയാവും റഷ്യയിലേത്. എട്ട് ഗ്രൂപ്പുകളായി 32 ടീമുകള്‍ മാറ്റുരയ്ക്കുമ്പോള്‍ നാലുവട്ടം കിരീടത്തില്‍ മുത്തമിട്ട ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നത് റഷ്യന്‍ ലോകകപ്പിന്റെ നഷ്ടം. ഇറ്റലിക്കൊപ്പം ഹോളണ്ടിനും ചിലിക്കും ഇത്തവണ ഗാലറിയിലിരുന്ന് കളി കാണേണ്ടി വരും.

സാങ്കേതിക മികവോടെ ലോകകപ്പ്

ഇത്തവണത്തെ റഷ്യന്‍ ലോകകപ്പില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവതി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഫിഫയുള്ളത്. ഫുട്‌ബോളില്‍ റഫറിയുടെ നോട്ടപ്പിശകുകൊണ്ട് സംഭവിക്കുന്ന പെനല്‍റ്റികള്‍ കളിയുടെ ഗതിയെത്തന്നെ മാറ്റി മറിക്കാറുണ്ട്. എന്നാല്‍ ഇത്തവണ റഫറിയുടെ പിഴവുകളെ തിരുത്താന്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് (വാര്‍) സംവിധാനമുണ്ടാവും. നേരത്തെ മുതല്‍ വാര്‍ കൊണ്ടുവരണമെന്ന് അഭിപ്രായം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഫിഫയുടെ കളി നിയമ വിഭാഗമായ ഐഎഫ്എബി വാറിന് പച്ചക്കൊടി നല്‍കുകയായിരുന്നു. ഇതു വഴി ഓഫ്‌സൈഡ് ഗോള്‍, പെനല്‍റ്റി, ചുവപ്പുകാര്‍ഡ് എന്നിവയെല്ലാം റഫറിക്ക് വീഡിയോ കണ്ട് തീരുമാനിക്കാന്‍ കഴിയും.

അഡിഡാസിന്റെ ടെല്‍സ്റ്റാര്‍ 18 ഇത്തവണത്തെ സ്റ്റാര്‍

റഷ്യന്‍ ലോകകപ്പിന് ഉപയോഗിക്കുന്ന പന്ത് നിര്‍മിച്ചിരിക്കുന്നത് അഡിഡാസാണ്. ടെല്‍സ്റ്റാര്‍ 18 എന്നാണ് പന്തിന്റെ പേര്. 1970 ല്‍ മെക്‌സിക്കോയില്‍ നടന്ന ഒമ്പതാം ഫുട്‌ബോള്‍ ലോകകപ്പിന്റെ ഓര്‍മകള്‍ സമ്മാനിച്ചാണ് ടെല്‍സ്റ്റാര്‍ 18ന്റെ നിര്‍മാണം. 1974ലെ ലോകകപ്പിലും ടെല്‍സ്റ്റാര്‍ ഏളാസ്റ്റ് എന്ന പന്താണ് മല്‍സരത്തില്‍ ഉപയോഗിച്ചത്. ഇതിഹാസ താരങ്ങളായ പെലെ, മുള്ളര്‍, ഫെച്ചെറ്റി, ബോബി മൂര്‍ തുടങ്ങിയ പ്രതിഭകളുടെ കാല്‍ത്താളത്തിനൊപ്പം നിന്ന പന്തിനെ വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ടെല്‍സ്റ്റാര്‍ 18. ലോകകപ്പിന്  മുന്നോടിയായുള്ള സൗഹൃദ മല്‍സരത്തില്‍ ടെല്‍സ്റ്റാര്‍ 18 ആണ് ഉപയോഗിച്ചത്. എന്നാല്‍ പന്ത് പ്രതീക്ഷക്കൊത്ത് നിലവാരം പുലര്‍ത്തുന്നില്ലെന്നും ദിശ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും സ്പാനിഷ് സൂപ്പര്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ജിയയടക്കം അഭിപ്രായപ്പെട്ടിരുന്നു.ഭാഗ്യതാരമായി സിബിവാകറഷ്യന്‍ ലോകകപ്പിന്റെ ഭാഗ്യതാരമായി സിബിവാക എന്ന ചെന്നായയെയാണ് ഇത്തവണ തിരഞ്ഞെടുത്തത്.റഷ്യന്‍ ഭാഷയില്‍ ‘ഗോള്‍ അടിക്കുന്നവന്‍’ എന്നാണ് സബിവാക വാക്കിന്റെ അര്‍ത്ഥം.  അഭിപ്രായ വോട്ടെടുപ്പില്‍ 53% വോട്ട് നേടി പൂച്ച, കടുവ എന്നീ രണ്ടു ഭാഗ്യ ചിഹ്നങ്ങളെ മറികടന്നാണ് സബിവാക തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയാണ് സിബിവാകയെ ലോകത്തിന് പരിചയപ്പെടുത്തിയത്.

കിക്കോഫില്‍ റഷ്യയും സൗദി അറേബ്യയും നേര്‍ക്കുനേര്‍

റഷ്യന്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റുമുട്ടും. ഇരുവരും ഗ്രൂപ്പ് എയിലാണുള്ളത്. രാത്രി 8.30ന് മോസ്‌കോയിലെ സുസ്‌നികി സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. 3.30, 5.30, 7.30, 8.30, 9.30, 11.30 സമയങ്ങളിലാവും ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ നടക്കുക. കളിയാവേശത്തിന്  പരിക്ക് വില്ലന്റഷ്യന്‍ ലോകകപ്പിന് പരിക്ക് തിരിച്ചടിയാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. പല പ്രമുഖ താരങ്ങളും നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മര്‍ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. അര്‍ജന്റീനന്‍ നിരയില്‍ സെര്‍ജിയോ അഗ്യൂറോയും ലൂക്കാസ് ബിഗ്ലിയയും പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ പരിക്ക് ഭേദമായി തിരിച്ചെത്തുമെന്ന് ടീമുകള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ ബാക്കിയാണ്.

സൗഹൃദപോരാട്ടങ്ങളില്‍ ഇഞ്ചോടിഞ്ച്

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടങ്ങള്‍ തെളിയിക്കുന്നത് ലോകകപ്പ് പോരാട്ടം കടുക്കുമെന്ന് തന്നെയാണ്. കരുത്തറിയിച്ച് ബ്രസീല്‍ നിര ജയിച്ചുകയറിയപ്പോള്‍ അര്‍ജന്റീനയുടെ തളര്‍ന്ന മുഖമാണ് സൗഹൃദ മല്‍സരങ്ങളില്‍ കണ്ടത്. സ്‌പെയിന് മുന്നില്‍ 6-1ന് അര്‍ജന്റീന മുട്ടുമടക്കിയതും ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. ക്ലബ്ബ് ഫുട്‌ബോളില്‍ റെക്കോഡുകളെല്ലാം ഒപ്പം നിന്നിട്ടും ദേശീയ ടീമിനൊപ്പം ലോകകപ്പ് നേടാന്‍ മെസ്സിക്ക് സാധിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. സ്‌പെയിന്‍ കരുത്തുകാട്ടിയപ്പോള്‍ താരസമ്പന്നമായ ഫ്രാന്‍സ് നിര പ്രതീക്ഷിക്കൊത്ത് ഉയര്‍ന്നില്ല. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയും മികവുകാട്ടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരുത്തില്‍ പോര്‍ച്ചുഗല്ലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്ലബ്ബ് ഫുട്‌ബോളിലെ സൗഹൃദങ്ങള്‍ മറന്ന് ദേശീയ ജഴ്‌സിക്ക് മുന്നില്‍ താരങ്ങള്‍ അണിനിരക്കുമ്പോള്‍ പോരാട്ടം ആവേശകരമാവുമെന്നുറപ്പ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss