|    Nov 20 Mon, 2017 5:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോരക്ഷകരെ നാട്ടുകാര്‍ ആക്രമിച്ചു

Published : 7th August 2017 | Posted By: fsq

 

അഹമ്മദ്‌നഗര്‍: മഹാരാഷ്ട്രയില്‍ ഗോരക്ഷാ പ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദ്‌നഗര്‍ പോലിസ് 20 പേരെ അറസ്റ്റ് ചെയ്തു. ഗോരക്ഷാ പ്രവര്‍ത്തകരായ ഏഴുപേരാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ശ്രീഗൊണ്ടയും പരിസരപ്രദേശങ്ങളും പോലിസ് നിരീക്ഷണത്തിലാണ്. വിവിധയിടങ്ങളിലായി ജില്ലാഭരണകൂടം പോലിസിനെ വിന്യസിച്ചു. അറസ്റ്റിലായ 20 പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്. കശാപ്പുശാലയിലേക്ക് കാലികളെ കൊണ്ടുപോവുകയായിരുന്ന ലോറി ഗോരക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു.  ഈ വാഹനം പോലിസ് കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത കൃഷി ഗോ സേവാസംഘത്തിന്റെ പ്രവര്‍ത്തകന്‍ ശ്രീശങ്കര്‍ സ്വാമി പോലിസിനെ സമീപിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. 12 പശുക്കള്‍ അടങ്ങിയ മിനിലോറി കസ്റ്റഡിയിലെടുത്ത പോലിസ് ഡ്രൈവര്‍ക്കും സഹായിക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശ്രീശങ്കര്‍ സ്വാമിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്  ലോറി ഡ്രൈവര്‍ക്കും സഹായിക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വരാന്‍ സ്വാമിയും മറ്റു ഗോരക്ഷാ പ്രവര്‍ത്തകരും കാത്തുനില്‍ക്കുന്നതിനിടെയാണ് നാട്ടുകാര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്. ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിജി രൂപീകരിച്ച അഖില ഭാരത് കൃഷി ഗോസേവാ സംഘിന്റെ പ്രമുഖ പ്രവര്‍ത്തകനാണ് 25കാരനായ ശ്രീശങ്കര്‍ സ്വാമി. ഇതിനുമുമ്പും ഇയാള്‍ ഇത്തരത്തില്‍ കാലികളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ തടഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക