|    May 29 Mon, 2017 12:08 am
FLASH NEWS

ഗോമാതാവിനെ എങ്ങാനും കണ്ടോ ചേട്ടാ?

Published : 21st November 2015 | Posted By: SMR

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

ബുദ്ധന്റെ നാട്ടിലെ വര്‍ണാഭമായ വെടിക്കെട്ടില്‍ ആര്യബ്രാഹ്മണ കക്ഷി (എബികെ) ഛിന്നഭിന്നമായതിനുശേഷം പശു, സോറി ഗോമാതാവ് പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ ഗോളാന്തരവാര്‍ത്ത. എന്തെല്ലാം ബഹളമായിരുന്നു. ദാദ്രി, പശുക്കടത്ത്, ജമ്മുകശ്മീര്‍ നിയമസഭയിലെ തല്ല്, കരിഓയില്‍ അഭിഷേകം എന്നിവയൊക്കെ മാഞ്ഞുപോയിരിക്കുന്നു. ‘പവനായി ശവമായി’ എന്ന നാടോടിക്കാറ്റിലെ ഡയലോഗാണ് എങ്ങും മുഴങ്ങുന്നത്.
ഇങ്ങനെയൊക്കെ ശിക്ഷിക്കാന്‍ എബികെ എന്തു തെറ്റാണു ചെയ്തത്? തിരഞ്ഞെടുപ്പാവുമ്പോള്‍ പ്രചാരണമുണ്ടാവും. അപ്പോള്‍ തട്ടിയും മുട്ടിയുമൊക്കെയിരിക്കും. അതിന് സാഹിത്യമറിയാത്ത സാഹിത്യകാരന്മാരും ചരിത്രമറിയാത്ത ചരിത്രകാരന്മാരും പുരസ്‌കാരങ്ങള്‍ തിരിച്ചയച്ചതാണ് മനസ്സിലാവാത്തത്. സാഹിത്യവും ചരിത്രവും എന്നന്നേക്കുമായി നിരോധിക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുന്നുണ്ട്. സാധ്വി പ്രാചി, യോഗി ആദിത്യനാഥ് എന്നിവരടങ്ങുന്ന ഒരു സാഹിതീയ സമിതിയെ ഇതിനായി നിയോഗിച്ച വിവരം ഇതിനാല്‍ അറിയിക്കുന്നു. സമിതിയുടെ ശുപാര്‍ശ വൈകാതെ സര്‍ക്കാരിനെ അറിയിക്കുന്നതാണ്. ഒന്നു വിട്ടുപോയി. സമിതിയുടെ ചെയര്‍മാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഫെയിം ഗജേന്ദ്ര പോക്കിരിയായിരിക്കും- ഇങ്ങനെ പോവുന്നു എബികെ തമ്പ്രാക്കന്‍മാരുടെ ആത്മഗതം.
ബുദ്ധന്റെ നാട്ടില്‍ ഇമ്മള് ഒരു പിടിപിടിക്കും എന്ന് ഉറപ്പിച്ചതായിരുന്നു. അതിനായി കുറേ പടക്കവും ലഡുവും വാങ്ങിവച്ചു. ഫലം വന്നപ്പോള്‍ അയ്യടാന്നായി.
‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍’ എന്ന മട്ടിലായി പശുവാദം. നിതീശനും ലാലുമാമനും കാലിത്തീറ്റയ്ക്കും ഇത്രമാത്രം കരുത്തുണ്ടെന്ന് പാര്‍ട്ടി ഇപ്പോഴും കരുതുന്നില്ല. അഡ്വാനി-ശത്രു-ജോഷി ത്രിമൂര്‍ത്തികള്‍ രഹസ്യമായി വലിയൊരു ഹോമം നടത്തിയതെന്തിനായിരുന്നു? അതും മോദിയുടെ വസതിക്കടുത്തു വച്ച്. പാര്‍ട്ടി ഓഫിസില്‍ പരമരഹസ്യമായി സൂക്ഷിച്ച പടക്കങ്ങളും ലഡുവും പാകിസ്താനിലേക്ക് കയറ്റിയയച്ച് വിദേശനാണ്യം നേടിയവരെ ഇന്നല്ലെങ്കില്‍ നാളെ കണ്ടുപിടിക്കും.
ഹിന്ദുക്കളും ബീഫ് തിന്നുമെന്നാണല്ലോ കാലിത്തീറ്റമാമന്‍ പറഞ്ഞത്. അതില്‍ പിടിച്ച് ഒരു കളി കളിക്കാമെന്ന് വച്ചാണ് ഗോമാതാവിനെ പ്രചാരണവേദികളില്‍ എഴുന്നള്ളിച്ചത്. എന്നാല്‍, വോട്ടെടുപ്പ് ദിവസം അമിതന്‍ പ്രഭൃതികളുടെ നെഞ്ചില്‍ ഗോമാതാവ് ആഞ്ഞുകുത്തിയതിന്റെ പൊരുള്‍ അറിയണമെങ്കില്‍ അഡ്വാനി-ശത്രു-ജോഷി ഹോമത്തിന്റെ ചേരുവ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതുണ്ട്. അതിന് സമയമെടുക്കും. അതുകൊണ്ടാണ് പശുക്കുതിപ്പിന്റെ കാരണം കൂട്ടമായി ഏറ്റെടുക്കണമെന്നു പറയുന്നത്.
എന്നാല്‍, ഹോമം നടത്തുന്നതില്‍ സായൂജ്യം കണ്ടെത്തുന്നവര്‍ക്ക് അത് സ്വീകാര്യമല്ലപോലും. പശു എബൗട്ടേണ്‍ തിരിഞ്ഞു രക്ഷകരെ കുത്തിയത്, അവരുടെ കൈയിലിരിപ്പുകൊണ്ടാണെന്നാണ് ത്രിമൂര്‍ത്തികളുടെ വാദം. അഡ്വാനിക്ക് മാര്‍ഗദര്‍ശകമണ്ഡലത്തിലിരുന്ന് നല്ല ഉപദേശം നല്‍കിക്കൂടായിരുന്നോ? മാര്‍ഗോപദേശം ഒരു പണിയേ അല്ലെന്നാണ് ആശാന്‍ കരുതുന്നതത്രെ. മന്ത്രിയാക്കണമായിരുന്നു എന്നാണത്രെ ചങ്ങായ് മനസ്സില്‍ പറയുന്നത്. അതിന് ഒന്നേ പറയാനുള്ളൂ. കാലം മാറി മോനേ. പഴയ രഥങ്ങളോടൊന്നും അമിതനും സംഘത്തിനും പ്രതിപത്തിയില്ല. അടങ്ങിയിരുന്നില്ലെങ്കില്‍ മറ്റു ചിലതൊക്കെ സംഭവിക്കും. നിതീശന് ഓശാനപാടി മ്മളെ ഒതുക്കാമെന്ന് ബ്രഷ് മീശക്കാരന്‍ കരുതണ്ട. അഡ്വാനിയുടെ കാര്യം അവിടെ നില്‍ക്കട്ടെ. ബോളിവുഡില്‍ ചാന്‍സൊന്നുമില്ലാത്ത, അഭിനയമേ അറിയാത്ത ശത്രുഘ്‌നന്റെ കാര്യമാണ് കഷ്ടം. പ്രചാരണം നടത്തി അവശരായവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമത്രെ. സിനിമയില്‍ അവസരമില്ലാതായാല്‍ ആളുകള്‍ ഇത്രത്തോളം ഭ്രാന്തരാവുമോ? ചാന്‍സാണു വേണ്ടതെങ്കില്‍ ഗജേന്ദ്ര ചൗഹാന്റെ സംവിധാനത്തില്‍ പാര്‍ട്ടിക്കു തന്നെ ഒരു സിനിമ നിര്‍മിക്കാനാവില്ലെന്നു കരുതിയോ?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day