|    Jan 23 Mon, 2017 6:11 am
FLASH NEWS

ഗോമാംസ വിവാദം: വീണ്ടും അക്രമം; മധ്യപ്രദേശില്‍ മുസ്‌ലിം യുവതികളെ തല്ലിച്ചതച്ചു

Published : 28th July 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: ഗോമാംസത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ വീണ്ടും സംഘപരിവാര അക്രമം. പശുവിറച്ചി കൈവശംവച്ചെന്നാരോപിച്ച് രണ്ട് മുസ്‌ലിം സ്ത്രീകളെ ഗോരക്ഷാ സമിതി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ മാന്‍ഡ്‌സൗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞദിവസമാണു സംഭവം.
ഗോമാംസം കൈവശംവച്ചെന്ന വിവരം അന്വേഷിക്കാനെത്തിയ പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടം. ഗോമാതാകീ ജയ് എന്ന മുദ്രാവാക്യവുമായി സംഘടിച്ചെത്തിയ ഇവര്‍ മുസ്‌ലിം വനിതകളെ തല്ലിച്ചതയ്ക്കുകയും മോശം ഭാഷയില്‍ അധിക്ഷേപിക്കുകയുമായിരുന്നു. പോലിസ് അരമണിക്കൂറോളം കാഴ്ചക്കാരായി നോക്കിനിന്നു. മര്‍ദ്ദനമേറ്റ് സ്ത്രീകള്‍ താഴെവീണതോടെയാണ് പോലിസ് ഇവരെ സ്‌റ്റേഷനിലേക്കു മാറ്റാന്‍ തയ്യാറായത്.
ഇവരുടെ പക്കല്‍നിന്ന് 30 കിലോയോളം ഇറച്ചി കണ്ടെത്തിയെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ പോത്തിറച്ചിയാണെന്നു വ്യക്തമായി. വില്‍പനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഇവയെന്ന് അക്രമത്തിനിരയായ സ്ത്രീകള്‍ പറഞ്ഞു. ദൃക്‌സാക്ഷികളില്‍ ഒരാള്‍ പകര്‍ത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അക്രമികള്‍ക്കെതിരേ കേസെടുക്കേണ്ടതിനു പകരം ഇറച്ചി വില്‍ക്കാന്‍ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി മര്‍ദ്ദനമേറ്റവര്‍ക്കെതിരേ പോലിസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
അതേസമയം, മധ്യപ്രദേശ് സംഭവം പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനു കാരണമായി. രാജ്യസഭയില്‍ ബിഎസ്പി നേതാവ് മായാവതിയാണു വിഷയം ആദ്യമുന്നയിച്ചത്. ഗോരക്ഷയുടെ പേരില്‍ പുരുഷന്‍മാരെ പീഡിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരേയും തിരിഞ്ഞിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
പോലിസ് മൗനം പാലിക്കുകയാണ്. സ്ഥലത്തെത്തിയ പോലിസ് തമാശ കണ്ടുനില്‍ക്കുന്നതുപോലെ അക്രമം ആസ്വദിച്ചു. ഇരകള്‍ മുസ്‌ലിംകളായതുകൊണ്ടാണോ ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇക്കാര്യത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി നിലപാട് വ്യക്തമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഇതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇത്തരം ആപത്തുകള്‍ ആവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയില്‍നിന്ന് സത്യവ്രത ചതുര്‍വേദി ഉള്‍പ്പെടെയുള്ള എംപിമാര്‍ എഴുന്നേറ്റു. ബിഎസ്പിക്കൊപ്പം പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ചേര്‍ന്നു.
നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളെ മടക്കിവിളിക്കണമെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനോട് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പശുസംരക്ഷണത്തിനു തങ്ങള്‍ എതിരല്ലെന്നും അതുവഴി ദലിതരെയും ന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നുമായിരുന്നു ഗുലാംനബിയുടെ മറുപടി.
വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നു മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. രാജ്യത്തു ഭരണം മുന്നോട്ടുപോവുന്നതു ഭരണഘടനപ്രകാരമാണ്. കായികബലംകൊണ്ടല്ല. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ പ്രതിപക്ഷം രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. അതിനിടെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ചോദ്യംചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക