|    Nov 21 Wed, 2018 11:33 am
FLASH NEWS

ഗോപിക്ക് പാമ്പ് കടിയേല്‍ക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടോളമാവുന്നു

Published : 22nd June 2017 | Posted By: fsq

 

നിലമ്പൂര്‍: ഗോപിക്ക് പാമ്പിനെ പേടിയില്ല. കാരണം മറ്റൊന്നുമല്ല, ഗോപിയെ പതിവായി പാമ്പ് കൊത്തി കൊണ്ടിരിക്കുകയാണ്. പോത്തുകല്ല് ഉപ്പട ഞെട്ടിക്കുളത്തെ എഴുമണ്ണില്‍ ഗോപിനാഥന് വയസ്സ് 67 ആയി. ഇതുവരെ എത്ര പാമ്പുകള്‍ കടിച്ചിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഒരു നൂറോളം കാണും എന്നാണ് ഗോപിയുടെ ഓര്‍മ. ആദ്യമൊക്കെ കടിയുടെ എണ്ണം എടുത്തിരുന്നു. പിന്നീട് പതിവായപ്പോള്‍ അതും നിര്‍ത്തി. മൂര്‍ഖന്‍, അണലി തുടങ്ങി പല വമ്പന്‍മാരും ഇദ്ദേഹത്തിന്റെ കൈയിലും കാലിലുമൊക്കെ പത്തി വിടര്‍ത്തി കൊത്തിയിട്ടുണ്ട്. അര നൂറ്റാണ്ട് മുമ്പ് പത്തനംതിട്ട ആറന്‍മുളയില്‍നിന്നു കുടിയേറിയവരാണ് ഗോപിയുടെ കുടുംബം. പത്തൊന്‍പതാം വയസ്സില്‍ വിവാഹം കഴിഞ്ഞു. കല്യാണം കഴിഞ്ഞ് അഞ്ചാം മാസത്തിലാണ് ആദ്യമായി പാമ്പ് ഗോപിയുടെ ചോരയുടെ രുചിയറിഞ്ഞത്. അങ്ങാടിയില്‍ നിന്നു സുഹൃത്തിനോടൊപ്പം  നെല്ല് കൊയ്ത പറമ്പിലൂടെ  കര്‍ക്കടകത്തിലെ ഒരു രാത്രി പനംകയത്തെ വീട്ടിലേക്കുപോലും വഴിയായിരുന്നു സംഭവം. ഇടതുകാലില്‍ ചുരുട്ട ഇനത്തില്‍പ്പെട്ടവന്റെതായിരുന്നു പ്രഥമ പ്രഹരം. ചികില്‍സാ സൗകര്യങ്ങള്‍ കുറവായ മലയോരമേഖലയില്‍ ഭാസ്‌കരന്‍ എന്ന വിഷവൈദ്യനെയാണ് ആശ്രയിച്ചത്. പിന്നീടങ്ങോട്ട് ഗോപിയെ സര്‍പ്പങ്ങള്‍ പിന്‍തുടര്‍ന്ന് കടിക്കല്‍ പതിവാക്കി. വില്ലാളിവീരന്‍ മൂര്‍ഖന്റെ കടിയേറ്റത് നാല്‍പ്പത്തഞ്ചാം വയസ്സില്‍ ഒരു ചെറിയ പെരുന്നാളിന്റെ തലേദിവസമെന്നത് ഗോപി മറന്നിട്ടില്ല. ഒരിക്കല്‍ പാടത്തുനിന്നു പുല്ല്  കെട്ട് തലയില്‍ ചുമന്നുകൊണ്ടുവന്ന് വീട്ടില്‍ ഇറക്കി വച്ചപ്പോള്‍ അതില്‍ നിന്നാണ് സര്‍പ്പ ദര്‍ശനമേറ്റത്. ഇത്തരത്തില്‍ ഏറെ രസകരമായ സംഭവങ്ങള്‍ ഇദ്ദേഹത്തിന്റെ അനുഭവത്തിലുണ്ട്. ഏറ്റവും ഒടുവില്‍ മൂന്ന് മാസം മുമ്പ് ഗോപിയുടെ കൈവിരലുകള്‍ക്കിടയിലാണ് കടിയേറ്റത്. പലപ്പോഴും പലയിടങ്ങളില്‍ നിന്നു കിട്ടുന്ന പാമ്പിന്റെ കടിയേല്‍ക്കല്‍ ഇദ്ദേഹം അറിയുന്നത് തന്നെ ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ്. കാലിലോ, കൈയിലൊ ഉണ്ടാവുന്ന വേദനയും ചൊറിച്ചിലും പരിശോധിക്കുമ്പോഴാണ് വിഷമേറ്റ വിവരം തന്നെ അറിയുക. പിന്നീട് വൈദ്യരുടെ മരുന്നെടുക്കും. ഭാസ്‌കരന്‍ വൈദ്യരുടെ പിന്‍മുറക്കാര്‍ തന്നെ ഇപ്പോഴും ചികില്‍സ നല്‍കി വരുന്നത്. എന്നാല്‍, പതിവായുള്ള സര്‍പ്പദര്‍ശനംമൂലം വയറിനകത്തുണ്ടാകുന്ന രോഗത്തിന് ഹോമിയോപ്പതി മരുന്നാണ് ഏറെ കാലമായി ഇദ്ദേഹം ആശ്രയിക്കുന്നത്. പാമ്പ്  മാത്രമല്ല എലി, പേനായ, അട്ട, തേള്‍, പഴുതാര തുടങ്ങി  ഈ നാട്ടിലുള്ള വിഷജന്തുക്കളിലധികവും ഗോപിയെ കടിച്ചിട്ടുണ്ട്. ഇനി കുടുംബത്തിലാണെങ്കില്‍ ഭാര്യയും മരുമകളും ഒരു തവണയെങ്കിലും പാമ്പിന്റെ  കടിയേറ്റവരാണ്. ഇദ്ദേഹത്തിന്റെ രക്തത്തിന്റെ പ്രത്യേകതയാണ് പാമ്പുകളെ നിരന്തരമായി ആകര്‍ഷിക്കുന്നതെന്നും പറയപ്പെടുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss