|    Jan 18 Wed, 2017 3:09 am
FLASH NEWS

ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന; റിമാന്റില്‍ കഴിയുന്ന പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി

Published : 23rd April 2016 | Posted By: SMR

ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് എ സി ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായി കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി എ ഗോപപ്രതാപനെ വധിക്കാന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതികളെ പേലിസ് കസ്റ്റഡിയില്‍ വാങ്ങി. ഒന്നാം പ്രതിയും ഡിസിസി മുന്‍ അംഗവുമായ തിരുവത്ര പടിഞ്ഞാറെ പുരയ്ക്കല്‍ കുഞ്ഞുമുഹമ്മദ്(നടത്തി കുഞ്ഞുമുഹമ്മദ്-52), രണ്ടാം പ്രതിയും സേവാദള്‍ നിയോജക മണ്ഡലം കണ്‍വീനറുമായ ബേബിറോഡ് കള്ളാമ്പി വീട്ടില്‍ അബ്ബാസ്(45) എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. തൃശൂര്‍ ആകാശവാണി നിലയത്തില്‍ കൊണ്ടുപോയ പ്രതികളെ ഇവിടെ വെച്ച് ശബ്ദപരിശോധന നടത്തി.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസമാണ് നടത്തി കുഞ്ഞുമുഹമ്മദ്, അബ്ബാസ്, കടപ്പുറം തൊട്ടാപ്പ് പുത്തന്‍പുരയില്‍ ഇസ്മായില്‍ (ഫ്രാന്‍സിസ്-36) എന്നിവരെ കുന്നംകുളം ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തലവനായ ഇസ്മായിലിന് പത്തു ലക്ഷം രൂപയും ഗള്‍ഫില്‍ ജോലിയുള്ള വിസയും വാഗ്ദാനം ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് മൂന്നു പേരും അറസിറ്റിലായത്. ഡിസിസി മുന്‍ അംഗമായ നടത്തി കുഞ്ഞുമുഹമ്മദ് കുറച്ചു കാലമായി കോണ്‍ഗ്രസില്‍ നിന്നും വിട്ട് സിപിഎമ്മുമായി അടുപ്പം പ്രകടിപ്പിച്ചു വരികയായിരുന്നു.
നടത്തി കുഞ്ഞുമുഹമ്മദും അബ്ബാസും ചേര്‍ന്നാണ് ഇസ്മായിലുമായി ക്വട്ടേഷന്‍ ഉറപ്പിച്ചതത്രേ. ഹനീഫ വധത്തിന് ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ സംഘം ഗൂഢാലോചന നടത്തിയതെന്നും പോലിസ് പറഞ്ഞു.
അകലാട് ഒറ്റയിനി ബീച്ചിലെത്തിയ മൂന്നു പേരും ഗോപപ്രതാപനെ വധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദരേഖ ഇസ്മായിലാണ് റെക്കോര്‍ഡ് ചെയ്തത്. ഇരുവരും വിശ്വാസവഞ്ചന നടത്തുമെന്ന ഭയമായിരുന്നു സംഭാഷണം റെക്കോര്‍ഡ് ചെയ്യാന്‍ ഇസ്മായിലിനെ പ്രേരിപ്പിച്ചത്. ഹനീഫ വധത്തിനു ശേഷം തനിക്ക് വധഭീഷണിയുള്ളതായി കാണിച്ച് ഗോപപ്രതാപന്‍ ജില്ലാ പോലിസ് റൂറല്‍ മേധാവിക്ക് പരാതി നല്‍കിരുന്നു.
തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ മണത്തല ബേബിറോഡ് ഗണേഷനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അബ്ബാസ് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. ഹനീഫ വധക്കേസിനു ശേഷം മേഖലയില്‍ നടന്ന വ്യാപക ആക്രമണങ്ങളിലും അബ്ബാസ് പ്രതിയായിരുന്നു.
അബ്ബാസും ഇസ്മായിലും കണ്ണൂര്‍ ജയി—ലില്‍ വെച്ചാണ് പരിചയപ്പെട്ടത്. എസ് ഐമാരായ എം കെ രമേഷ്, എ വി രാധാകൃഷ്ണന്‍, കെ വി മാധവന്‍, എം ഗേവിന്ദന്‍, സിപിഒമാരായ ലോഫിരാജ്, സുഹാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മൂന്നു മാസം മുമ്പ് നല്‍കിയ ക്വട്ടേഷന്‍ സംബന്ധമായി ഓഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി തെളിവുകളുടെ സത്യസന്ധത പൂര്‍ത്തീകരിച്ചതിനു ശേഷമാണ് പോലിസ് പ്രതികളെ പിടികൂടിയിട്ടുള്ളത്.
പിണറായി വിജയനും ഗൂഢാലോചന
നടത്തിയെന്ന് ഗോപപ്രതാപന്‍
തൃശൂര്‍: തന്നെ കൊലപ്പെടുത്താന്‍ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണും ജില്ലയിലെ ഒരു വിഭാഗം കേ ാണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കോണ്‍ഗ്രസ് ചാവക്കാട് ബ്ലോക്ക് മണ്ഡലം മുന്‍ പ്രസിഡന്റ് ഗോപപ്രതാപന്‍ ആരോപിച്ചു.
താന്‍ വധിക്കപ്പെട്ടാല്‍ അതിന്റെ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും ഗോപപ്രതാപന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്നെ കൊല്ലാന്‍ കോണ്‍ഗ്രസിലെ ചില ജില്ലാ നേതാക്കളും സിപിഎമ്മും തമ്മിലുള്ള ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഗോപപ്രതാപന്‍ ആരോപിച്ചു. ഇത് തെളിയിക്കുന്ന രണ്ട് സിഡികള്‍ ഗോപ പ്രതാപന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. ഗുരുവായൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിനു വെല്ലുവിളിയായി താന്‍ വളര്‍ന്നതിനാലാകാം സിപിഎം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
എതിര്‍ശക്തികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ നയം നടപ്പിലാക്കാനായി ഹനീഫ വധം ഒരു മറയായി മാറ്റുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ള ഒരുവിഭാഗം നേതാക്കള്‍ ഹനീഫ വധക്കേസില്‍ തനിക്കെതിരെ കെപിസിസി പ്രസിഡന്റിനെ വരെ തെറ്റിദ്ധരിപ്പിച്ചു. ഇപ്പോള്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തി പിടിയിലായവരെയും മറ്റും ചോദ്യം ചെയ്ത് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഗോപപ്രതാപന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക