|    Feb 28 Tue, 2017 9:09 am
FLASH NEWS

ഗോത്ര താള നിറക്കൂട്ടുമായി നാട്ട് തുടിപ്പ് പൈതൃകോല്‍സവത്തിന് തുടക്കമായി

Published : 29th October 2016 | Posted By: SMR

കോട്ടയം: സര്‍വകലാശാലയുടെ ലൈഫ് ലോങ് ലേണിങ് വകുപ്പിന്റെ സഹകരണത്തോടെ ഭാരതീയ വിദ്യാഭവന്‍ കേന്ദ്രവും, ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന പൈതൃകോല്‍സവം ‘നാട്ട് തുടിപ്പ് 2016’ന് സുവര്‍ണ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇടുക്കി ജില്ലയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട 15 കലാകാരന്മാരാണ് തങ്ങളുടെ നൈഷ്ഠികാചാരങ്ങളും സാംസ്‌കാരിക തനിമയും ഇതാദ്യമായി കോട്ടയത്ത് അവതരിപ്പിച്ചത്. കൊട്ട്, കുഴല്‍, കൊട്ടി ഉറുമീസ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച കലാപരിപാടികള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. രമേശ് (ഇടമലക്കുടി ആദിവാസി സംരക്ഷണ സമിതി), രാജന്‍ (മീന്‍കുത്തി ആദിവാസി സംരക്ഷണ സമിതി), ഹരികൃഷ്ണന്‍ (വന സംരക്ഷണ സമിതി പ്രസിഡന്റ്), തങ്കസ്വാമി (തലൈവര്‍, ആണ്‍വന്‍ കുടി), ബാബു (പട്ടിക വര്‍ഗ പ്രമോട്ടര്‍), ദേവേന്ദ്രന്‍ കാണി (പരപ്പയാര്‍ കുടി), അര്‍ജുനന്‍ കാണി (അമ്പലപ്പാറ കുടി), ഈശ്വരന്‍ കാണി (ആണ്‍വന്‍ കുടി), ബാബു (ആദിവാസി കോ ഓഡിനേറ്റര്‍) എന്നിവര്‍ ഗോത്രവര്‍ഗ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടമലക്കുടിയില്‍ നിന്ന് ആദ്യമായാണ് ഉറുമീസ് തുടങ്ങിയ വാദ്യോപകരണങ്ങള്‍ കുടിക്ക് പുറത്ത് കൊണ്ടുപോയി പ്രദര്‍ശിപ്പിക്കുന്നത്. വൈക്കം ശശിധര ശര്‍മ കളമെഴുത്തിനെക്കുറിച്ച് സോദാഹരണ പ്രഭാഷണം നടത്തി. കലാകാരന്മാരെ മധുരവും പൂച്ചെണ്ടും ഷാളും നല്‍കി ആദരിച്ചു. നാഷനല്‍ സര്‍വീസ് സ്‌കീം സമാഹരിച്ച 300 പുസ്തകങ്ങള്‍ ഇടമലക്കുടിയില്‍ ആരംഭിക്കുന്ന പ്രഥമ ലൈബ്രറിക്കായ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി പി  അനില്‍കുമാറിനെ ഏല്‍പിച്ചു. പൈതൃക സംസ്‌കൃതിയുടേയും ഗ്രാമ്യ ഗോത്രവര്‍ഗ കലാരൂപങ്ങളുടേയും സംരക്ഷണവും, പുനരാവിഷ്‌ക്കാരവും, വ്യാപനവും ലക്ഷ്യമാക്കി ആരംഭിക്കുന്ന ഈ സാംസ്‌ക്കാരിക വിനിമയ പരിപാടിയില്‍ എംജി സര്‍വകലാശാല ലൈഫ് ലോങ് ലേണിങിനൊപ്പം സംസ്ഥാന വനംവകുപ്പും കോട്ടയം കളിയരങ്ങും നാഷനല്‍ സര്‍വീസ് സ്‌കീമും സഹകരിക്കുന്നുണ്ട്.എംജി  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നാട്ട് തുടിപ്പ് പൈതൃകോല്‍സവം ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ കേരള കേന്ദ്രത്തിന്റെ സെക്രട്ടറി പ്രൊഫ. സി മോഹന്‍കുമാര്‍, കോട്ടയം കേന്ദ്രത്തിന്റെ ചെയര്‍മാന്‍ ഡോ. പി ജി രാമകൃഷ്ണപിള്ള, സെക്രട്ടറി ഡോ. സി പി വിജയന്‍, എംജി സര്‍വകലാശാലാ ലൈഫ് ലോങ് ലേണിങ് മേധാവി ഡോ. കെ സാബുക്കുട്ടന്‍, പ്രോഗ്രാം കോ—ഓര്‍ഡിനേറ്റര്‍ ജി ശ്രീകുമാര്‍ സംസാരിച്ചു.ണ്ടാം ദിവസമായ ഇന്ന്  രാവിലെ 10 മുതല്‍ വൈകീട്ട് എട്ടു വരെ കളമെഴുത്ത് പ്രദര്‍ശനം ഉണ്ടായിരിക്കും. കളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാലര മുതല്‍ സുഭദ്രാഹരണം കഥകളിയുടെ സോദാഹരണ പ്രഭാഷണവും കഥകളിപദകച്ചേരിയും അരങ്ങേറും. കലാനിലയം രാജീവന്‍, സിനു (ആലാപനം), കലാമണ്ഡലം വേണുമോഹന്‍, കലാഭാരതി ജയശങ്കര്‍ (മേളം)  അകമ്പടി സേവിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day