|    Feb 18 Sun, 2018 11:25 pm
FLASH NEWS

ഗോത്രവിദ്യാര്‍ഥികളെ ഒപ്പമെത്തിക്കാന്‍ തൊണ്ടര്‍നാടിന്റെ ‘ഒപ്പം ഒപ്പത്തിനൊപ്പം’

Published : 20th January 2017 | Posted By: fsq

 

മാനന്തവാടി: വിദ്യാലയങ്ങളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അവഗണിക്കപ്പെടുന്ന ഗോത്ര വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം നിറച്ച് വിജയതീരങ്ങളിലെത്തിക്കാന്‍ തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിന്റെ ‘ഒപ്പം  ഒപ്പത്തിനൊപ്പം’ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 2016 ജൂലൈയില്‍ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഗോത്ര ക്ലബ്ബ് രൂപീകരിച്ച് തനതു കലകളില്‍ പരിശീലനം കൊടുത്ത് സന്തോഷകരമായ വിദ്യാലയാനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ പദ്ധതിക്കായി. ഓരോ വിദ്യാലയത്തിലും സംഘടിപ്പിച്ച ഗോത്രകലാമേളയില്‍ ആദിവാസി കുട്ടികള്‍ നിറഞ്ഞാടിയത് പുതിയ അനുഭവമായിരുന്നു. ഇന്ന് തേറ്റമല ജിഎച്ച്എസില്‍ പഞ്ചായത്ത് തല ഗോത്രകലാമേള നടക്കും. ഇതു വിജയിപ്പിക്കാക്കാന്‍ സംഘാടക സമിതി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ നവംബറില്‍ നടന്ന പഞ്ചായത്ത് തല ഗോത്ര കായികമേള വന്‍ വിജയമായിരുന്നു. ഫെബ്രുവരിയില്‍ പഞ്ചായത്തിലെ നിര്‍ധരായ ആദിവാസി കുട്ടികളെ പഠനയാത്രയ്ക്ക് കൊണ്ടുപോവാന്‍ ഒന്നര ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ജീവിതാന്ത്യം വരെ വിനോദയാത്ര പോവാന്‍ കഴിയാത്ത പണിയ വിഭാഗം കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 27, 28 തിിയ്യതികളില്‍ നൂറു കുട്ടികളെ പങ്കെടുപ്പിച്ച് കുഞ്ഞോം ഗവ. യുപിയില്‍ സഹവാസ ക്യാംപ് നടത്തും. വിദഗ്ധരായ അധ്യാപകര്‍ പരിശീലനം നല്‍കും. ആകെ അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ചെലവഴിക്കന്ന ഈ പദ്ധതി വഴി ഗോത്രവിഭാഗം കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും തങ്ങളും അംഗീകരിപ്പെടുകയാണെന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു, വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കേശവന്‍ മാസ്റ്റര്‍, തേറ്റമല സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസി, കേളോത്ത് അബ്ദുല്ല, സന്തോഷ് മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss